
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തെ ഹജ്ജ് പുറപ്പെടൽ കേന്ദ്രമാക്കാത്തതിൽ വ്യാപക പ്രതിഷേധം. കഴിഞ്ഞ ഓഗസ്റ്റിൽ എയർഇന്ത്യ വിമാനത്തിന് കരിപ്പൂർ റൺവേയിൽ സംഭവിച്ച അപകടത്തെ തുടർന്ന് വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറങ്ങാത്തതാണ് ഇതിന് കാരണമായി കേന്ദ്രം പറയുന്നത്.
കേരളത്തിലെ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രം 2015വരെ കരിപ്പൂരായിരുന്നു. എന്നാൽ 2015ൽ കരിപ്പൂരിലെ റൺവേ അടച്ചതുമുതൽ കൊച്ചിയിൽ താൽക്കാലിക കേന്ദ്രം ഒരുക്കുകയായിരുന്നു. നിലവിലെ ഹജ്ജ് നയപ്രകാരം കേരളത്തിലെ ഏക എംബാർക്കേഷൻ പോയിന്റ് കൊച്ചിയാണ്. ഇത് സ്ഥിരമാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
കരിപ്പൂരിനെ ഒഴിവാക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്നിൽ വിമാന അപകടം ഒരു കാരണമാണെന്നാണ് പറയപ്പെടുന്നത്. എങ്കിലും കഴിഞ്ഞ വർഷം കൊച്ചിക്കൊപ്പം കരിപ്പൂരും എംബാർക്കേഷൻ കേന്ദ്രമായിരുന്നു. പക്ഷെ ഔദ്യോഗിക അറിയിപ്പ് പ്രകാരം ഇത്തവണ കൊച്ചി മാത്രമാണ് എംബാർക്കേഷൻ കേന്ദ്രം.
അതേസമയം കേരളത്തിൽ ഹജ്ജ് കർമ്മത്തിനായി ഏറ്റവുമധികം തീർഥാടകർ ഉള്ളത് മലബാർ മേഖലയിൽ നിന്നാണ്. ഇതിനായി മണിക്കൂറുകൾ യാത്ര ചെയ്തു ഇവർക്ക് കൊച്ചിയിൽ എത്തേണ്ടിവരുമെന്നും, തീർഥാടകർക്കുള്ള സൌകര്യങ്ങൾ കൊച്ചിയിൽ കുറവാണെന്ന് ചൂണ്ടിക്കാട്ടിയുമാണ് കരിപ്പൂരിൽ പുറപ്പെടൽ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നത്.
പത്ത് കേന്ദ്രങ്ങളാണ് രാജ്യത്ത് ആകമാനം ഹജ്ജ് പുറപ്പെടലിനായി അനുവദിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് പ്രതിവർഷം ഒമ്പതിനായിരത്തിൽ അധികം തീർഥാടകരാണ് ഹജ്ജിന് പോകുന്നത്. ഇതിൽ കൊച്ചിയെ ആശ്രയിക്കുന്നവർ 30 ശതമാനത്തിൽ താഴെ മാത്രമാണ് . അതുകൊണ്ടുതന്നെ കരിപ്പൂരിലെ പുറപ്പെടൽ കേന്ദ്രം പുനഃസ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.