Top

രോഗികള്‍ കൂടുന്നു; രാജ്യത്തെ ഹജ്ജ് ഹൗസുകള്‍ കൊവിഡ് കേന്ദ്രങ്ങളാക്കാന്‍ തീരുമാനം

വിവിധ സംസ്ഥാനങ്ങളിലെ ഹജ്ജ് ഹൗസുകളെ കൊവിഡ് കെയർ സെന്ററുകളാക്കുന്നത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ്.

27 April 2021 11:52 PM GMT

രോഗികള്‍ കൂടുന്നു; രാജ്യത്തെ ഹജ്ജ് ഹൗസുകള്‍ കൊവിഡ് കേന്ദ്രങ്ങളാക്കാന്‍ തീരുമാനം
X

കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഹജ്ജ് ഹൗസുകൾ കൊവിഡ് കെയർ സെന്ററുകളാക്കി മാറ്റാൻ നിർദ്ദേശം. വിവിധ സംസ്ഥാനങ്ങളിലെ ഹജ്ജ് ഹൗസുകളെ കൊവിഡ് കെയർ സെന്ററുകളാക്കുന്നത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ്.

ന്യൂനപക്ഷ കാര്യമന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വിയാണ് ഇതിനുള്ള നിർദ്ദേശം കേന്ദ്ര ഹജ്ജ് കമ്മറ്റിക്ക് നൽകിയത്. തുടർന്ന് കേന്ദ്ര ഹജ്ജ് കമ്മറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോ മഖ്‌സൂദ് അഹമ്മദ് ഖാൻ ഈ നിർദേശം പുറപ്പെടുവിക്കുകയായിരുന്നു.

കേരളമുൾപ്പെടെ നിലവിൽ 16 ഹജ്ജ് ഹൗസുകളാണ് രാജ്യത്തുള്ളത്. ഓരോ സംസ്ഥാനത്തിന്റെയും ഹജ്ജ് കമ്മറ്റികൾക്ക് കീഴിലാണ് ഹജ്ജ് ഹൗസുകൾ പ്രവർത്തിക്കുന്നത്. കൊവിഡിന്റെ ആദ്യ ഘട്ടത്തിലും ഹജ്ജ് ഹൗസുകളെ കൊവിഡ് കെയർ സെന്ററുകളാക്കി മാറ്റിയിരുന്നു.

അതേസമയം മധ്യപ്രദേശിലും മഹാരാഷ്ട്രയിലും റെയിൽവേയുടെ സഹകരണത്തോടെ കൊവിഡ് കെയർ കോച്ചുകൾ ഒരുങ്ങുകയാണ്. ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആണ് ഈ കോച്ചുകളിൽ ഒരുക്കിയിരിക്കുന്നത്.

ഇരു സംസ്ഥാനങ്ങൾക്കുമായി 31 കൊവിഡ് കെയർ കോച്ചുകൾ തയ്യാറാകുന്നുണ്ടെന്നു കേന്ദ്ര റെയിൽ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. 320 കിടക്കകളുമായി 20 കൊവിഡ് കെയർ കോച്ചുകൾ സജ്ജമായതായും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ദേശവ്യാപകമായി 64,000 കിടക്കകൾ ഉൾക്കൊള്ളാവുന്ന 4,000 കൊവിഡ് കെയർ കോച്ചുകളും തയ്യാറാണ്.

റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വിവിധ സംസ്ഥാനങ്ങളിലായി നിലവിൽ 169 കൊവിഡ് കെയർ കോച്ചുകൾ കൈമാറിയിട്ടുണ്ട്. കോച്ചുകളുടെ വിതരണം സംസ്ഥാനങ്ങളുടെ ആവശ്യാനുസരണം ആയിരിക്കുമെന്നും മന്ത്രി സൂചിപ്പിക്കുന്നു.

Next Story