Top

‘ഹഗിയ സോഫിയയും ഹലാലും പറഞ്ഞ് ഭിന്നിപ്പിക്കുന്നതിനെതിരെയാണ് പ്രസംഗിച്ചത്’; ഖേദം പ്രകടിപ്പിച്ച് ചാണ്ടി ഉമ്മന്‍

വിവാദ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍. 12 ദിവസം മുന്‍പ് നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം വെട്ടിയെടുത്ത് ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. താന്‍ പ്രസംഗിച്ചതില്‍ പാകപ്പിഴയുണ്ടായി. ഒരു മതത്തേയോ സഭാ സമൂഹത്തെയോ അപമാനിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. ഫേക്ക് എന്ന് പറയാന്‍ വിട്ടുപോയി. അതിലുള്ള ഖേദവും വിഷമവും ഞാന്‍ പ്രകടിപ്പിക്കുകയാണ്. അതൊരിക്കലും മതസമൂഹത്തെ ആക്ഷേപിക്കാന്‍ വേണ്ടിയുള്ളതല്ലെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ഇവിടെയെല്ലാവരും ഒരുപോലെ ജീവിക്കണം എന്നാണെന്റെ ആഗ്രഹം. മനസുനൊന്തവരോട് […]

5 Feb 2021 8:23 AM GMT

‘ഹഗിയ സോഫിയയും ഹലാലും പറഞ്ഞ് ഭിന്നിപ്പിക്കുന്നതിനെതിരെയാണ് പ്രസംഗിച്ചത്’; ഖേദം പ്രകടിപ്പിച്ച് ചാണ്ടി ഉമ്മന്‍
X

വിവാദ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍. 12 ദിവസം മുന്‍പ് നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം വെട്ടിയെടുത്ത് ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. താന്‍ പ്രസംഗിച്ചതില്‍ പാകപ്പിഴയുണ്ടായി. ഒരു മതത്തേയോ സഭാ സമൂഹത്തെയോ അപമാനിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. ഫേക്ക് എന്ന് പറയാന്‍ വിട്ടുപോയി. അതിലുള്ള ഖേദവും വിഷമവും ഞാന്‍ പ്രകടിപ്പിക്കുകയാണ്. അതൊരിക്കലും മതസമൂഹത്തെ ആക്ഷേപിക്കാന്‍ വേണ്ടിയുള്ളതല്ലെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

ഇവിടെയെല്ലാവരും ഒരുപോലെ ജീവിക്കണം എന്നാണെന്റെ ആഗ്രഹം. മനസുനൊന്തവരോട് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഹഗിയ സോഫിയ ആണെങ്കിലും ഹലാല്‍ ആണെങ്കിലും അത്തരം വിഷയങ്ങള്‍ ഉപയോഗിച്ച് നമ്മളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ഞാന്‍ പറഞ്ഞത്. അതിലെ ന്യായ അന്യായങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിച്ചില്ല.

ചാണ്ടി ഉമ്മന്‍

ചാണ്ടി ഉമ്മനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ രംഗത്തെത്തിയിരുന്നു. അറിയേണ്ട ചരിത്രം അറിയേണ്ട വിധം അറിഞ്ഞിരിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന യുവ നേതാക്കള്‍ ശ്രദ്ധിക്കണമെന്ന് കെസിബിസി വിമര്‍ശിച്ചു. ചാണ്ടി ഉമ്മന്‍ തന്റെ പ്രസംഗത്തില്‍ തുര്‍ക്കിയിലെ ഹഗിയ സോഫിയ കത്തീഡ്രല്‍ മോസ്‌ക് ആക്കി മാറ്റിയ അവിടുത്തെ ഭരണാധികാരി ശ്രീ എര്‍ദോഗന്റെ പ്രവൃത്തിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ചന്ദ്രികയില്‍ മുഖലേഖനമെഴുതിയ വ്യക്തിയെ ന്യായീകരിക്കുന്നതിന് വേണ്ടി യൂറോപ്പിലെ പല പള്ളികളും വില്‍ക്കപ്പെടുന്നതിനേയും നടത്തുന്നതിനേയും അവ വ്യാപാരശാലകളായി മാറ്റുന്നതിനേയും ചേര്‍ത്തു വ്യാഖ്യാനിക്കുകയുണ്ടായി. ഈ പ്രസംഗം ക്രൈസ്തവ സമൂഹത്തിന് വേദനയുളവാക്കുന്നതാണെന്ന് കെസിബിസി കുറ്റപ്പെടുത്തി.

Also Read: ‘ക്രൈസ്തവ സമൂഹത്തിനേറ്റ അപരിഹാര്യമായ മുറിവ്, വെള്ളപൂശാന്‍ ശ്രമിക്കുന്നതെന്തിന്?’; ഹഗിയ സോഫിയ പരാമര്‍ശത്തില്‍ ചാണ്ടി ഉമ്മനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ

തുര്‍ക്കി ഭരണാധികാരി, ചരിത്ര സ്മാരകത്തെ വീണ്ടും മോസ്‌ക് ആക്കി മാറ്റിയത് ക്രൈസ്തവ സമൂഹത്തിന് അപരിഹാര്യമായ മുറിവാണുണ്ടാക്കിയരിക്കുന്നതെന്ന് അറിയാത്തവരാണോ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം? തുര്‍ക്കി ഭരണാധികാരി ബോധപൂര്‍വ്വം ചരിത്രത്തെ അവഹേളിച്ചുകൊണ്ട് ചെയ്ത ക്രൈസ്തവ വിരുദ്ധ നടപടിയെ അപക്വമായ വര്‍ത്തമാനത്തിലൂടെ വെള്ളപൂശാന്‍ ശ്രമിക്കുന്നതിന്റെ ലക്ഷ്യമെന്താണ്?

കെസിബിസി

ചാണ്ടി ഉമ്മന്റെ പ്രതികരണം

“എല്ലാ അഭിപ്രായങ്ങളും കേട്ടു. 12 ദിവസമായി ഓടിക്കൊണ്ടിരിക്കുന്ന പ്രസംഗമാണ്. ഇന്നലെ വൈകിട്ടാണ് അതിലെ ഒരു ഭാഗം വെട്ടിയെടുത്തുകൊണ്ട് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. ഞാന്‍ പ്രസംഗിച്ചതില്‍ പാകപ്പിഴയുണ്ടായി. വ്യാജ ക്രിസ്ത്യന്‍ ഐഡി എന്നാണ് ഉദ്ദേശിച്ചത്. അല്ലാതെ ഒരു മതത്തേയോ സഭാ സമൂഹത്തെയോ അപമാനിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. ഫേക്ക് എന്ന് പറയാന്‍ വിട്ടുപോയി. അതിലുള്ള ഖേദവും വിഷമവും ഞാന്‍ പ്രകടിപ്പിക്കുകയാണ്. അതൊരിക്കലും മതസമൂഹത്തെ ആക്ഷേപിക്കാന്‍ വേണ്ടിയുള്ളതല്ല. അങ്ങനെയൊരു വീഴ്ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് മനപൂര്‍വ്വമല്ലെന്ന് പറയാന്‍ ആഗ്രഹിക്കുകയാണ്.

ഫേക്ക് ഐഡിയില്‍ നിന്ന് ഞാന്‍ പറഞ്ഞ വിഷയങ്ങളെല്ലാം തെറ്റിദ്ധാരണ പരത്താന്‍ ആളുകള്‍ ശ്രമിക്കുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. അതില്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കില്‍ അതിലും ഖേദം പ്രകടിപ്പിക്കുന്നു. നമ്മള്‍ കഴിഞ്ഞ രണ്ടായിരം വര്‍ഷമായി ഒരുമിച്ച് ജീവിക്കുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. നമ്മള്‍ ക്രിസ്മസും ഓണവും റംസാനും ഒരുമിച്ചാണ് ആഘോഷിച്ചത്. കേരളത്തില്‍ മൂന്ന് മതങ്ങളില്ല. മൂന്ന് സ്‌നേഹങ്ങളേയുള്ളൂ. ആ മൂന്ന് സ്‌നേഹങ്ങളും ഒരുമിച്ച് മുന്നോട്ടുപോകണം. അവിടെ മതദ്വേഷവും ജാതിഭേദവും ഉണ്ടാകാന്‍ പാടില്ല. ഇവിടെയെല്ലാവരും ഒരുപോലെ ജീവിക്കണം എന്നാണെന്റെ ആഗ്രഹം. മനസുനൊന്തവരോട് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഹഗിയ സോഫിയ ആണെങ്കിലും ഹലാല്‍ ആണെങ്കിലും അത്തരം വിഷയങ്ങള്‍ ഉപയോഗിച്ച് നമ്മളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ഞാന്‍ പറഞ്ഞത്. അതിലെ ന്യായ അന്യായങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിച്ചില്ല.”

യൂത്ത് ലീഗിന്റെ ഇന്‍സൈറ്റ് 2021 പരിപാടിക്കിടെ ചാണ്ടി ഉമ്മന്‍ നടത്തിയ പ്രസംഗമാണ് വിവാദമായിരിക്കുന്നത്. പ്രസംഗത്തിനിടെ ക്രിസ്ത്യന്‍ ഐഡികള്‍ ഉപയോഗിച്ച് സിപിഐഎം മുസ്ലീം വിരുദ്ധ പ്രചരണം നടത്തുകയാണെന്ന് ചാണ്ടി ഉമ്മന്‍ ആരോപിച്ചു. ഇതിനോടൊപ്പമായിരുന്നു ഹഗിയ സോഫിയ വിവാദത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ഹഗിയ സോഫിയ കത്തീഡ്രല്‍ വീണ്ടും മുസ്ലീം പള്ളിയാക്കി മാറ്റിയതില്‍ സന്തോഷം പ്രകടിപ്പിച്ച് മുസ്ലീം ലീഗ് സംസ്ഥാന ഉന്നതതല സമിതി അംഗം സാദിഖ് അലി ശിഹാബ് തങ്ങള്‍ ചന്ദ്രികയിലെഴുതിയ ലേഖനം വിവാദമായിരുന്നു.

ചാണ്ടി ഉമ്മന്‍ പ്രസംഗിച്ചത്

ക്രിസ്ത്യന്‍ ഐഡികളില്‍ നിന്ന് ഹലാല്‍ ബീഫ് കഴിക്കരുത്, ഹലാല്‍ ചിക്കന്‍ കഴിക്കരുത് എന്ന് പറയുന്നു. നമ്മളെല്ലാം ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് 1500-2000 വര്‍ഷമായില്ലേ? ഇങ്ങനെയാരെങ്കിലും ഒരു തെരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി എന്തൊക്കെ കാണിച്ചുകൂട്ടണം. ഇവിടുത്തെ ജനങ്ങളെ തമ്മില്‍ വേര്‍പിരിക്കേണ്ട കാര്യമുണ്ടോ? നാണമുണ്ടോ സിപിഐഎംകാരാ ഈ നിലവാരത്തിലേക്ക് താഴുവാന്‍. പിന്നെ പറയുന്നു ഹഗിയ സോഫിയ. ആയിരക്കണക്കിന് പള്ളികളാണ് പാശ്ചാത്യലോകത്ത്, സ്‌പെയിനില്‍ ഇംഗ്ലണ്ടില്‍ ബാറുകളായി മാറുന്നത്. യാതൊരു ബുദ്ധിമുട്ടും ഇവര്‍ക്കില്ലല്ലോ? എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? ഒരു ബുദ്ധിമുട്ടുപോലും ഇത്രയും നാള്‍ കഴിഞ്ഞ 30-40 വര്‍ഷമായി ഇവിടെ ആയിരക്കണക്കിന് ക്രിസ്ത്യന്‍ പള്ളികള്‍, ദേവാലയങ്ങള്‍ അവിടെ ഡാന്‍സ് ബാറുകളായി മാറി. ഇന്നിപ്പോള്‍ ഇവിടെ ഇല്ലാത്തൊരു പ്രശ്‌നത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കണം ജനങ്ങളെ. അതിനുവേണ്ടി നടത്തുന്ന ശ്രമങ്ങള്‍. ഇത് ഏറ്റവും ഖേദകരം എന്നല്ലാതെ പറയാന്‍ സാധിക്കുമോ? നമ്മള്‍ വല്ല നാട്ടിലെ കാര്യം പറഞ്ഞ് തമ്മിലടിക്കണോ? ഇതാണ് ശ്രമം. ജനങ്ങളെ തമ്മില്‍ വിഭജിപ്പിക്കുവാന്‍ എല്ലാ തരത്തിലും ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല.

കെസിബിസിയുടെ പ്രതികരണം

തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വര്‍ഗീയത വളര്‍ത്തുന്നത് ആശാസ്യമല്ല: കെസിബിസി

സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപേരുകള്‍ വെച്ച് വര്‍ഗീയ വിദ്വേഷം കലര്‍ത്തി പല വിഷയങ്ങളിലും പ്രതികരണങ്ങള്‍ എഴുതുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ക്രൈസ്തവസഭയെ പ്രതിനിധാനം ചെയ്യുന്നുവെന്ന വ്യാജേന ചിലര്‍ സാമൂഹിക മാധ്യമങ്ങള്‍ ഇപ്രകാരം വിനിയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വര്‍ഗീയ ധ്രൂവീകരണം ലക്ഷ്യമിട്ട് സാമൂഹിക മാധ്യമങ്ങളില്‍ എഴുതുന്നവരും അത് പങ്കുവെയ്ക്കുന്നവരും കേരള കത്തോലിക്കാ സഭയെ പ്രതിനിധാനം ചെയ്യുന്നില്ല. കേരള സമൂഹത്തില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന ഒരു നടപടിയേയും സഭ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. അത് അംഗീകരിക്കുന്നുമില്ല. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ഇത്തരം വ്യാജ പ്രസ്താവനകളോടുള്ള പ്രതികരണമെന്നോണം രാഷ്ട്രീയ പ്രവര്‍ത്തകര്‍ സമ്മേളനങ്ങളില്‍ പ്രസംഗിക്കുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതായുണ്ട്. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കോണ്‍ഗ്രസ് യുവ നേതാവായ ശ്രീ ചാണ്ടി ഉമ്മന്റെ പ്രസംഗം ക്രൈസ്തവ സമൂഹത്തിന് വേദനയുളവാക്കുന്നതാണ്. ശ്രീ ചാണ്ടി ഉമ്മന്‍ തന്റെ പ്രസംഗത്തില്‍ തുര്‍ക്കിയിലെ ഹഗിയ സോഫിയ കത്തീഡ്രല്‍ മോസ്‌ക് ആക്കി മാറ്റിയ അവിടുത്തെ ഭരണാധികാരി ശ്രീ എര്‍ദോഗന്റെ പ്രവൃത്തിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ചന്ദ്രികയില്‍ മുഖലേഖനമെഴുതിയ വ്യക്തിയെ ന്യായീകരിക്കുന്നതിന് വേണ്ടി യൂറോപ്പിലെ പല പള്ളികളും വില്‍ക്കപ്പെടുന്നതിനേയും നടത്തുന്നതിനേയും അവ വ്യാപാരശാലകളായി മാറ്റുന്നതിനേയും ചേര്‍ത്തു വ്യാഖ്യാനിക്കുകയുണ്ടായി.

ഹഗിയ സോഫിയ കത്തീഡ്രല്‍ ഒരു വലിയ ചരിത്ര പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്നതും കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസിന്റെ സ്ഥാനിക ദേവാലയവുമായിരുന്നു. വലിയ തോതില്‍ മതപീഡനം ഏറ്റുവാങ്ങിയ ഒരു വലിയ വിഭാഗം ക്രൈസ്തവ ജനതയെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതാണ് ഈ കത്തീഡ്രല്‍. തുര്‍ക്കി ഭരണാധികാരി, ചരിത്ര സ്മാരകത്തെ വീണ്ടും മോസ്‌ക് ആക്കി മാറ്റിയത് ക്രൈസ്തവ സമൂഹത്തിന് അപരിഹാര്യമായ മുറിവാണുണ്ടാക്കിയരിക്കുന്നതെന്ന് അറിയാത്തവരാണോ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം? അറിയേണ്ട ചരിത്രം അറിയേണ്ട വിധം അറിഞ്ഞിരിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന യുവ നേതാക്കള്‍ ശ്രദ്ധിക്കണം.

തുര്‍ക്കി ഭരണാധികാരി ബോധപൂര്‍വ്വം ചരിത്രത്തെ അവഹേളിച്ചുകൊണ്ട് ചെയ്ത ക്രൈസ്തവ വിരുദ്ധ നടപടിയെ അപക്വമായ വര്‍ത്തമാനത്തിലൂടെ വെള്ളപൂശാന്‍ ശ്രമിക്കുന്നതിന്റെ ലക്ഷ്യമെന്താണ്? തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ ചേരിതിരിവ് വളര്‍ത്തുന്നത് നമ്മുടെ സമൂഹത്തില്‍ വലിയ മുറിവ് സൃഷ്ടിക്കും. നാടിന്റെ വികസനത്തിനും മനുഷ്യപുരോഗതിക്കുമായി യത്‌നിക്കുന്നതാണ് നമ്മുടെ സംസ്‌കാരും. സാമൂഹ്യമാധ്യമങ്ങളിലെ എഴുത്തുകളും നിലപാടുകളും അത്തരത്തിലാകണം.

Next Story