Top

വിള്ളല്‍ പരസ്യമാകുന്നു? ഇനിയും ബീഹാര്‍ മുഖ്യമന്ത്രിയാകാന്‍ ആര്‍ത്തിയില്ലെന്ന് നിതീഷ് കുമാര്‍; ‘ബിജെപിക്ക് അവരുടെ മുഖ്യമന്ത്രിയെ തീരുമാനിക്കാം’

ജനങ്ങളുടെ അംഗീകാരമാണ് പ്രധാനം. ആര്‍ക്കും മുഖ്യമന്ത്രിയാകാമെന്നും ബിജെപിയ്ക്ക് അവരുടെ മുഖ്യമന്ത്രിയെ തീരുമാനിക്കാമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

28 Dec 2020 12:23 AM GMT

വിള്ളല്‍ പരസ്യമാകുന്നു? ഇനിയും ബീഹാര്‍ മുഖ്യമന്ത്രിയാകാന്‍ ആര്‍ത്തിയില്ലെന്ന് നിതീഷ് കുമാര്‍; ‘ബിജെപിക്ക് അവരുടെ മുഖ്യമന്ത്രിയെ തീരുമാനിക്കാം’
X

ജെഡിയു ദേശീയ അധ്യക്ഷസ്ഥാനം വിശ്വസ്തന് കൈമാറിയതിന് തൊട്ടുപിന്നാലെ മറ്റൊരു സുപ്രധാന പരാമര്‍ശവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇനി ഒരിക്കല്‍ കൂടി ബീഹാര്‍ മുഖ്യമന്ത്രിയാകാന്‍ തനിക്ക് മോഹമില്ലെന്നും ജനങ്ങളുടെ വിധിയനുസരിച്ച് തീരുമാനങ്ങളുണ്ടാകുമെന്നും നിതീഷ് കുമാര്‍ ഞായറാഴ്ച്ച പ്രഖ്യാപിച്ചു. ജനങ്ങളുടെ അംഗീകാരമാണ് പ്രധാനം. ആര്‍ക്കും മുഖ്യമന്ത്രിയാകാമെന്നും ബിജെപിയ്ക്ക് അവരുടെ മുഖ്യമന്ത്രിയെ തീരുമാനിക്കാമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

അരുണാചല്‍ പ്രദേശില്‍ ഏഴ് ജെഡിയു എംഎല്‍മാരില്‍ ആറുപേരും പാര്‍ട്ടിവിട്ട് ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ട്ടി പ്രതിസന്ധിയിലായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നിതീഷ് പാര്‍ട്ടി അധ്യക്ഷസ്ഥാനം ഉപേക്ഷിച്ചത്. ബിജെപി വിവിധ സംസ്ഥാനങ്ങളില്‍ പാസാക്കിയ വിവാഹത്തിനായുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനനിരോധന നിമയങ്ങള്‍ക്കുനേരെ രൂക്ഷ വിമര്‍ശനവുമായി ജെഡിയു രംഗത്തെത്തിയതോടെ ജെഡിയു-ബിജെപി സഖ്യത്തില്‍ വിള്ളലുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ജെഡിയു എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നിട്ടും പാര്‍ട്ടി നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ദിവസങ്ങളായി പാര്‍ട്ടിയും നിതീഷ് കുമാറും നേരിട്ട് വരികയായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ലൗ ജിഹാദ് വിഷയത്തില്‍ ബിജെപിയ്ക്കെതിരെ സഖ്യകക്ഷി വിമര്‍ശനം പരസ്യമാക്കിയത്. അരുണാചല്‍ പ്രദേശിലെ ആറ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. ആര്‍ജെഡി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നിതീഷ് പുലര്‍ത്തുന്ന മൗനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.ബിഹാറിലെ തന്റെ കസേര നിലനിര്‍ത്താനാണ് നിതീഷ് കുമാര്‍ മൗനം പുലര്‍ത്തുന്നത്. വരും ദിവസങ്ങളില്‍ തന്റെ പാര്‍ട്ടിയെ ബിജെപിയുമായി ലയിപ്പിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തത വരുത്തണമെന്നും ആര്‍ജെഡി കുറ്റപ്പെടുത്തിയിരുന്നു.

Next Story