ഷര്‍ട്ടില്ലാതെ കോടതിയ്ക്കുമുന്നിലെത്തി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍; എന്തുതരം പെരുമാറ്റമാണെന്ന് ജസ്റ്റിസ് നാഗേശ്വര റാവു
കോടതി നടപടികള്‍ ഓണ്‍ലൈനായിട്ട് ഏഴ്- എട്ട് മാസം കഴിഞ്ഞില്ലേയെന്നും എന്നിട്ടും എന്തുതരം പെരുമാറ്റമാണ് നിങ്ങള്‍ പിന്തുടരുന്നതെന്നും കോടതി അഭിഭാകനോട് ചോദിച്ചു.

സുപ്രീം കോടതിയുടെ ഓണ്‍ലൈന്‍ ഹിയറിംഗില്‍ ഷര്‍ട്ടില്ലാതെ ഹാജരായ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് കൗണ്സലിനെതിരെ കോടതിയുടെ ശകാരം. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് കൗണ്‍സലായ എം എല്‍ ജിഷ്ണുവാണ് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ജസ്റ്റിസ് ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചിന് മുന്നില്‍ ഷര്‍ട്ടില്ലാതെ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് കോടതി നടപടികളില്‍ അച്ചടക്കമില്ലാതെ പെരുമാറിയ അഭിഭാഷനെതിരെ രൂക്ഷ വിമര്‍ശനമാണ് ജസ്റ്റിസ് നാഗേശ്വര റാവു നടത്തിയത്.
കോടതി നടപടികള്‍ ഓണ്‍ലൈനായിട്ട് ഏഴ്- എട്ട് മാസം കഴിഞ്ഞില്ലേയെന്നും എന്നിട്ടും എന്തുതരം പെരുമാറ്റമാണ് നിങ്ങള്‍ പിന്തുടരുന്നതെന്നും കോടതി അഭിഭാകനോട് ചോദിച്ചു.
ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ കൊവിഡ് വ്യാപനം സംബന്ധിച്ച കേസിന്റെ വാദം കേള്ക്കാനൊരുങ്ങവെയാണ് ജിഷ്ണു ഷര്‍ട്ടില്ലാതെ ഓണ്‍ലൈന്‍ കോടതിയിലേക്ക് ചേര്‍ന്നത്. കേരളത്തിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ജി പ്രകാശിന്റെ മരുമകനായ ജിഷ്ണുവിന്റെ ഗുരുവായൂര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സലായി നിയമിച്ചത് അടുത്തകാലത്ത് വിവാദമായിരുന്നു. വളരെ ജൂനിയര്‍ ആയ ഇദ്ദേഹത്തെ കൗണ്‍സലായി നിയമിച്ചതിനെചൊല്ലിയായിരുന്നു വിവാദം.

മുമ്പ് ഒക്ടോബറിലും സുപ്രിം കോടതിയുടെ ഓണ്‍ലൈന്‍ ഹിയറിംഗില്‍ ഒരു അഭിഭാഷകന് ഷര്‍ട്ടില്ലാതെ വാദത്തിലേക്ക് കടന്നിരുന്നു. ‘സുദര്ശന് ടിവി’യുടെ ‘യുപിഎസ്സി ജിഹാദ്’ കേസ് പരിഗണിക്കുമ്പോള്‍ ‘ഓപ് ഇന്ത്യ’ അഭിഭാഷകനാണ് ഷര്‍ട്ടില്ലാതെ ഓണ്‍ലൈന്‍ കോടതിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് അഭിഭാഷകന്റെ പ്രവൃത്തിയില്‍ രൂക്ഷവിമര്‍ശനം നടത്തിയ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വീഡിയോ കോളുവഴിയാണ് നടപടികളെങ്കിലും ഇതൊരു കോടതിയാണെന്ന് മനസിലാക്കി മാന്യത പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഒരു മതചടങ്ങിനിടയിലായിരുന്നു എന്നായിരുന്നു ‘ഓപ് ഇന്ത്യ’ അഭിഭാഷകന്റെ വിശദീകരണം.