Top

12 മണിക്കൂര്‍ ശസ്ത്രക്രിയ: ട്യൂമര്‍ നീക്കം ചെയ്ത് യുഎഇ ഡോക്ടര്‍മാര്‍

അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ശസ്ത്രക്രിയക്കിടയിലെ ബ്ലീഡിങ്ങ് നിയന്ത്രിച്ചത്.

20 Aug 2022 11:40 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

12 മണിക്കൂര്‍ ശസ്ത്രക്രിയ: ട്യൂമര്‍ നീക്കം ചെയ്ത് യുഎഇ ഡോക്ടര്‍മാര്‍
X

അബുദാബി: പന്ത്രണ്ട് മണിക്കൂര്‍ സമയമെടുത്ത് സങ്കീര്‍ണ്ണ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് യുഎഇയിലെ ഡോക്ടര്‍മാര്‍. നാലുസെന്റീമീറ്ററോളം വലിപ്പമുള്ള ട്യൂമര്‍ നീക്കംചെയ്താണ് യുഎഇയിലെ ഡോക്ടര്‍മാര്‍ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. ലോകത്തില്‍ വെച്ച് നടത്തപ്പെട്ടതില്‍ തന്നെ ഏറ്ററ്വും സമയദൈര്‍ഘ്യമുള്ള ശസ്ത്രക്രിയകളില്‍ ഒന്നാണ് ഇതെന്നാണ് ഗള്‍ഫ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. മുപ്പത്തിയേഴുകാരനായ സുഡാനീസ് പൗരന്റെ ആഗ്‌നേയഗ്രന്ഥിയില്‍ നിന്നാണ് ദൈര്‍ഘ്യമേറിയ ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ നീക്കം ചെയ്തത്.

2021ലാണ് സുഡാനീസ് പൗരനായ ഉസ്മാന്‍ അഹമ്മദ് ഉസ്മാന് കഠിനമായ വയറുവേദന അനുഭവപ്പെടുന്നത്. മഞ്ഞപിത്തത്തിന്റെ ലക്ഷണമാണെന്ന് കരുതിയെങ്കിലും ഉസ്മാന് പിന്നീട് കാന്‍സറാണെന്നാണ് പരിശോധിച്ച ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു്. തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയെ സമീപിച്ച ഉസ്മാന്‍ ആദ്യ ശസ്ത്രക്രിയക്ക് വിധേയനാകുന്നത് കഴിഞ്ഞ വര്‍ഷം നവംബറിലാണ്. ഈ വര്‍ഷം മെയില്‍ ഉസ്മാന്‍ രണ്ടാമതൊരു ശസ്ത്രക്രിയക്ക് കൂടി വിധേയനായി. എന്നാല്‍ രണ്ടു ശസ്ത്രക്രിയകളും ഫലം കണ്ടില്ല. തുടര്‍ന്ന് നിരാശയിലായ ഉസ്മാന്‍ ഷാര്‍ജയിലെ ബൂര്‍ജീല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികില്‍സ തേടി.

ഉസ്മാന്റേത് അങ്ങേയറ്റം സങ്കീര്‍ണ്ണമായ ട്യൂമര്‍ കേസായിരുന്നുവെന്നാണ് ബൂര്‍ജീല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഡയറക്ടര്‍ ഡോക്ടര്‍ റോഹന്‍ സെയ്ഫ് ചൂണ്ടിക്കാട്ടിയത്. ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റാന്‍ പറ്റാത്ത അവസ്ഥയിലായിലായിരുന്നു. എന്നാല്‍ തങ്ങള്‍ പ്രതീക്ഷ കൈവിടാന്‍ തയ്യാറായില്ല. ഉസ്മാന്റെ മെഡിക്കല്‍ റെക്കാര്‍ഡ് പഠനത്തിന് വിധേയമാക്കിയതോടെ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷ കൈവന്നതെന്നും ഡോക്ടര്‍ പറഞ്ഞു.

സാധാരണ ഇത്തരം ശസ്ത്രക്രിയകള്‍ ആറുമണിക്കൂറിനുള്ളില്‍ പൂര്‍ത്തീകരിക്കാവുന്നതാണ്. എന്നാല്‍ ഉസ്മാന്റേത് വ്യത്യസ്തമായ കേസായിരുന്നു. നേരത്തെ ഉസ്മാനില്‍ നടത്തിയ രണ്ട് ശസ്ത്രക്രിയകളും ശരീരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ കൂടി പരിഹരിച്ചു വേണമായിരുന്നു മൂന്നാമെത്ത ശസ്ത്രക്രിയക്ക് വിധേയമാക്കേണ്ടത്. ഇത്തരം ഒരു ശസ്ത്രക്രിയക്ക് രോഗിയെ ആദ്യമായി വിധേയനാക്കുക എന്നതുതന്നെ വളരെ സങ്കീര്‍ണ്ണമായ നടപടിയാണ്. ഇത്തരം ശസ്ത്രക്രിയക്ക് മൂന്നാമത്തെ തവണ ഒരാളെ വിധേയനാക്കുക എന്നത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നതുമാണ്. അതുകൊണ്ട് തന്നെ ഉസ്മാനെ സംബന്ധിച്ച് ശസ്തക്രിയ കൂടുതല്‍ സങ്കീര്‍ണ്ണമായിരുന്നുവെന്നും ഡോക്ടര്‍ സെയ്ഫ് ചൂണ്ടിക്കാട്ടി.

അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ശസ്ത്രക്രിയക്കിടയിലെ ബ്ലീഡിങ്ങ് നിയന്ത്രിച്ചത്. രണ്ടുതവണ വയറു തുറന്ന് ശസ്ത്രക്രിയ നടത്തിയ ഒരു രോഗിയെ വീണ്ടും അത്തരത്തില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കുന്നതിന്റെ സങ്കീര്‍ണ്ണതകളാണ് തങ്ങള്‍ക്ക് നേരിടേണ്ടി വന്നതെന്ന് ശസ്ത്രക്രിയയില്‍ പങ്കാളിയായ ഡോക്ടര്‍ തസ്‌നീം ചൂണ്ടിക്കാട്ടി. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് ഉസ്മാന്‍ സുഖം പ്രാപിച്ചു. രോഗിയുടെ ശരീരത്തില്‍ കാന്‍സറിന്റെ അംശങ്ങളും പൂര്‍ണ്ണമയാും ഇല്ലാതായതായി തുടര്‍ന്നു നടത്തിയ പരിശോധനാ ഫലം വെളിപ്പെടുത്തിതായും ഡോക്ടര്‍ തസ്‌നീം വിശദമാക്കി.

Next Story