Top

ഇന്ത്യന്‍ എംബസിയുടെ പേരില്‍ യാത്രാതട്ടിപ്പ്; പ്രവാസികള്‍ക്ക് മുന്നറിയിപ്പ്

കുറഞ്ഞ ചെലവിലും മറ്റും യാത്ര വാഗ്ദാനം നല്‍കിയാണ് സംഘം പ്രവാസികളെ കബളിപ്പിക്കുന്നത്.

17 Aug 2022 9:33 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഇന്ത്യന്‍ എംബസിയുടെ പേരില്‍ യാത്രാതട്ടിപ്പ്; പ്രവാസികള്‍ക്ക് മുന്നറിയിപ്പ്
X

അബുദാബി: ഇന്ത്യന്‍ എംബസിയുടെ പേരില്‍ യാത്രാതട്ടിപ്പ് നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ഇന്ത്യന്‍ നയതന്ത്രകാര്യാലയം. വ്യാജ ഇമെയിലുകളും സമൂഹമാധ്യമ അക്കൗണ്ടുകളും ഉപയോഗിച്ചാണ് തട്ടിപ്പെന്നും വ്യാജസന്ദേശങ്ങളില്‍ പ്രവാസികള്‍ വഞ്ചിതരാകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

''വ്യാജവാഗ്ദാനങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ സന്ദേശങ്ങള്‍ അയക്കുന്ന ഇമെയില്‍ ഐഡികളുടേയും സമൂഹമാധ്യമ അക്കൗണ്ടുകളുടേയും വിശ്വാസ്യത പരിശോധിച്ച് ഉറപ്പുവരുത്തണം. സപ്പോര്‍ട്ട് എംബസി എന്ന ട്വിറ്റര്‍ അക്കൗണ്ടും നയതന്ത്രകാര്യാലയത്തിന്റേതുമായി സാമ്യതയുമുള്ള സമൂഹമാധ്യമ അക്കൗണ്ടുകളും ഉപയോഗിച്ചാണ് പ്രവാസികളില്‍ നിന്നും പണം തട്ടിയെടുക്കുന്നത്. വ്യാജ സാമൂഹിക മാധ്യമഅക്കൗണ്ടുകള്‍, ഇമെയില്‍ ഐഡികള്‍ എന്നിവയില്‍ നിന്നും വരുന്ന സന്ദേശങ്ങളില്‍ വിശ്വസിക്കരുത്.'' ഇത്തരത്തില്‍ സന്ദേശമയക്കുന്ന അക്കൗണ്ടുകളും മെയില്‍ ഐഡികളുമായി ഇന്ത്യന്‍ നയതന്ത്രകാര്യലയത്തിന് യാതൊരുവിധ ബന്ധവുമില്ലെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി.

പരാതികള്‍ ഉയര്‍ന്നതോടെ ഐഡികള്‍ അധികൃതര്‍ ലോക്ക് ചെയ്തു. കുറഞ്ഞ ചെലവിലും മറ്റും യാത്ര വാഗ്ദാനം നല്‍കിയാണ് സംഘം പ്രവാസികളെ കബളിപ്പിക്കുന്നത്.

Next Story