Top

'ഇന്ത്യ-യുഎഇ ബന്ധം അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങള്‍ക്ക് മാതൃക'

''ഇന്ത്യ യുഎഇ ബന്ധം ചരിത്രത്തില്‍ മാറ്റത്തിന്റെ നെറുകയിലാണ് നിലകൊള്ളുന്നത്.''

19 Aug 2022 10:10 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഇന്ത്യ-യുഎഇ ബന്ധം അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങള്‍ക്ക് മാതൃക
X

അബുദാബി: ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങള്‍ക്ക് മാതൃകയെന്ന് മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വാഭാവിക പങ്കാളിത്തം മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ അടിസ്ഥാന ശിലയായി നിലകൊള്ളുമെന്ന് യുഎഇയിലെ ഇന്ത്യന്‍ കൗണ്‍സിലര്‍ ജനറല്‍ ഡോക്ടര്‍ ആമന്‍ പുരി അഭിപ്രായപ്പെട്ടു. ഖലീജ് ടൈംസിന്റെ 'ബ്രേക്ക് ഫാസ്റ്റ് കണക്ട്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ യുഎഇ ബന്ധം ചരിത്രത്തില്‍ മാറ്റത്തിന്റെ നെറുകയിലാണ് നിലകൊള്ളുന്നത്. ഇരു രാജ്യങ്ങളും സൗഹാര്‍ദത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഡോക്ടര്‍ പുരി ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധങ്ങളിലൂടെ സഹസ്രബ്ദങ്ങളായി വികസിച്ചുവന്നതാണ് ഇന്ത്യ യുഎഇ പരസ്പര ബന്ധം. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം ആഘോഷിക്കുന്നതാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറെന്നും ആമന്‍ അഭിപ്രായപ്പെട്ടു.

ഖലിജ് ടൈംസിന്റെ 'ബ്രേക്ക് ഫാസ്റ്റ് കണക്ട്' ഇരു രാജ്യങ്ങളുടേയും സംസ്‌ക്കാരവും നാഗരികതയും ആഘോഷിക്കാന്‍ അവസരമൊരുക്കിയെന്നാണ് ഡോക്ടര്‍ പുരി അഭിപ്രായപ്പെട്ടത്. ഖലീജ് ടൈംസിന്റെ ഈ പരിപാടി യുഎഇയില്‍ താമസിച്ചുവരുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ വിജയവും കൂടി ആഘോഷിക്കുന്നതാണ്. ആഗോള വെല്ലുവിളികള്‍ക്ക് പ്രതിവിധി കണ്ടെത്തുന്ന ഇന്ത്യന്‍ എമിറേറ്റി യുവാക്കളുടെ മികച്ച പങ്കാളിത്തത്തേയും പ്രകീര്‍ത്തിക്കുന്നതാണ് പരിപാടിയെന്നും ആമന്‍ ചൂണ്ടിക്കാട്ടി.

ഇരു രാജ്യങ്ങളും പരസ്പരം പങ്കിടുന്ന സമാധാനത്തിന്റേയും സഹനത്തിന്റേയും അഭിവൃദ്ധിയുടേയും മൂല്ല്യങ്ങള്‍ മേഖലയിലെ സൗഹൃദത്തിന്റെ അടിസ്ഥാന ശിലകളാണെന്നും ആമന്‍ പുരി കൂട്ടിച്ചേര്‍ത്തു.

Next Story