എംബിഎസ് തന്ത്രം ഫലിക്കുന്നു; 44 അന്താരാഷ്ട്ര കമ്പനികള്‍ റിയാദില്‍ ആസ്ഥാനം തുടങ്ങുന്നു; യുഎഇക്ക് തിരിച്ചടിയായേക്കും
29 Oct 2021 7:41 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

44 അന്താരാഷ്ട്ര കമ്പനികള്‍ക്ക് കൂടി റിയാദില്‍ പ്രാദേശിക ആസ്ഥാനം തുടങ്ങാന്‍ അനുമതി നല്‍കിയതായി അറിയിച്ച് സൗദി അറേബ്യന്‍ ഭരണകൂടം. ഫുഡ്, ടെക്നോളജി, ബീവറേജസ്, കണ്സല്ട്ടിംഗ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കമ്പനികളാണ് രാജ്യത്തേക്ക് വരുന്നത്.
ഫെബ്രുവരിയില്‍ സൗദി ഭരണകൂടം അന്താരാഷ്ട്ര കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് കൊണ്ടു വന്ന പുതിയ നയമാണ് ഇതിന് കാരണമെന്നാണ് സൂചന. സൗദിയില്‍ പ്രവര്‍ക്കുന്ന അന്താരാഷ്ട്ര കമ്പനികള്‍ 2023 നുള്ളില്‍ സൗദിയില്‍ തന്നെ പ്രാദേശിക ആസ്ഥാനം സ്ഥാപിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ കരാറുകള്‍ നഷ്ടമാവാനിടവരുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.
സൗദിയിലെ ബിസിനസ് മേഖലയുടെയും തൊഴിലവസരത്തിന്റെയും വളര്‍ച്ച ലക്ഷ്യം വെച്ച് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് മുന്നോട്ട് വെച്ച വിവിധ പദ്ധതികളുടെ ഭാഗമായിട്ടായിരുന്നു നീക്കം. ഇത് ഫലം കാണുന്നുണ്ടെന്നാണ് നിലവിലെ മാറ്റങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ അനുമതി നല്കിയ 44 കമ്പനികളുടെ ആസ്ഥാനം റിയാദിലേക്ക് മാറുമെന്നാണ് റിയാദ് സിറ്റി റോയല്‍ കമ്മീഷന് പ്രസിഡന്റ് പറയുന്നത്. 2030 ഓടെ 480 കമ്പനികളെ റിയാദിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇദ്ദേഹം പറഞ്ഞു.
നിലവില്‍ അറബ് രാജ്യങ്ങളില്‍ നിരവധി അന്താരാഷ്ട്ര കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവയുടെയൊക്കെ പ്രാദേശിക ആസ്ഥാനം യുഎഇയിലാണ്. യുഎഇയുടേതിന് സമാനമായ കുതിപ്പ് മുന്നില്‍ കണ്ടാണ് സൗദിയുടെയും നീക്കം. ഇത് ഫലത്തില്‍ സൗദിയും യുഎഇയും തമ്മില്‍ ബിസിനസ് മേഖലയിലെ മത്സരത്തിനും വഴിവെച്ചേക്കും.
ഈ വര്‍ഷമാദ്യം പെപ്സികോ, ബെച്ച്ടെല് തുടങ്ങി 24 കമ്പനികള്‍ ദുബായില്‍ നിന്നും ബിസിനസ് കൈകാര്യം ചെയ്യുന്നതിന് പകരം റിയാദില്‍ പ്രാദേശിക ആസ്ഥാനം തുടങ്ങുന്നതിന് കരാറൊപ്പുവെച്ചെന്ന് സൗദി വ്യക്തമാക്കിയിരുന്നു.