Top

പുതിയ വിസയില്‍ തിരിച്ചെത്തുന്നവര്‍ക്ക് പുതിയ ലൈസന്‍സ്; നിയമങ്ങള്‍ പരിഷ്‌കരിച്ച് സൗദി

ലൈസന്‍സിന്റെ കാലാവധി പൂര്‍ത്തിയായതാണെങ്കില്‍ ആവശ്യമായ ഫീസ് അടച്ച് വൈദ്യ പരിശോധന റിപ്പോര്‍ട്ട് അടക്കം അപേക്ഷ സമര്‍പ്പിക്കണം.

22 Aug 2022 7:43 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

പുതിയ വിസയില്‍ തിരിച്ചെത്തുന്നവര്‍ക്ക് പുതിയ ലൈസന്‍സ്; നിയമങ്ങള്‍ പരിഷ്‌കരിച്ച് സൗദി
X

റിയാദ്: സൗദി അറേബ്യ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. നാട്ടിലേക്ക് മടങ്ങിയ ശേഷം പുതിയ വിസയില്‍ സൗദിയില്‍ തിരിച്ചെത്തുന്നവര്‍ക്ക് പഴയ ഡ്രൈവിംഗ് ലൈസന്‍സിന് പകരം പുതിയ ലൈസന്‍സ് നേടാനാകും. സൗദി ട്രാഫിക്ക് ജനറല്‍ ഡയറക്ടറേറ്റാണ് പുതുക്കിയ ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങള്‍ അറിയിച്ചത്.

എക്‌സിറ്റ് വിസയില്‍ നാട്ടിലേക്ക് മടങ്ങി പുതിയ വിസയില്‍ വീണ്ടും സൗദി അറേബ്യയിലേക്ക് എത്തുന്നവര്‍ക്ക് പഴയ ഡ്രൈവിംഗ് ലൈസന്‍സിന് പകരം പുതിയത് നേടാനാകുമെന്നതാണ് പ്രവാസികളെ സംബന്ധിച്ച് പുതിയ നിയമത്തിലെ നേട്ടം. പുതിയ വിസയില്‍ സൗദിയില്‍ തിരിച്ചെത്തുന്നവര്‍ ട്രാഫിക് ഓഫീസിലെത്തി പഴയ ലൈസന്‍സ് പുതിയ ഇഖാമ നമ്പറില്‍ അനുവദിക്കണമെന്ന് അപേക്ഷ നല്കുക മാത്രമാണ് ചെയ്യേണ്ടത്.

ലൈസന്‍സിന്റെ കാലാവധി പൂര്‍ത്തിയായതാണെങ്കില്‍ ആവശ്യമായ ഫീസ് അടച്ച് വൈദ്യ പരിശോധന റിപ്പോര്‍ട്ട് അടക്കം അപേക്ഷ സമര്‍പ്പിക്കണം. സന്ദര്‍ശന വിസയില്‍ സൗദി അറേബ്യയില്‍ എത്തുന്നവര്‍ക്ക് അന്താരാഷ്ട്ര ലൈസന്‍സ് അല്ലെങ്കില്‍ വിദേശ ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷത്തേക്ക് വാഹനമോടിക്കാം. കൂടാതെ കാലാവധി തീരുന്നത് വരെയും പ്രസ്തുത ലൈസന്‍സ് തന്നെ ഉപയോഗിച്ച് വാഹനമോടിക്കാമെന്നും പുതിയ ലൈസന്‍സ് നിയമങ്ങളില്‍ നിര്‍ദേശമുണ്ടെന്ന് സൗദി അറേബ്യ ട്രാഫിക് ജനറല്‍ വ്യക്തമാക്കുന്നു

സ്വകാര്യ ലൈസന്‍സിന് അപേക്ഷിക്കാന്‍ പതിനെട്ടുവയസ്സ് പൂര്‍ത്തിയാകണമെന്നും നിര്‍ദേശമുണ്ട്. മയക്കുമരുന്ന് ഉപയോഗത്തിനോ മയക്കുമരുന്നു കൈവശം വെയ്ക്കുന്നതിനോ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ലൈസന്‍സ് അനുവദിക്കില്ല. വാഹനമോടിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള രോഗങ്ങള്‍ ബാധിച്ചവര്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാനാവില്ലെന്നും ലൈസന്‍സ് സംബന്ധിച്ച പുതിയ നിയമങ്ങള്‍ സംബന്ധിച്ച് ട്രാഫിക് ജനറല്‍ വിശദമാക്കി.

Next Story