Top

'പ്രവാസികള്‍ക്കിടയില്‍ സര്‍ണ്ണക്കടത്ത് വ്യാപകം'; ആശങ്ക രേഖപ്പെടുത്തി എസ്‌ഐസി

''പ്രവാസികള്‍ക്ക് പണവും ടിക്കറ്റും വാഗ്ദാനം ചെയ്താണ് സര്‍ണ്ണക്കടത്ത് സംഘം ആകര്‍ഷിക്കുന്നത്.''

15 Aug 2022 12:48 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

പ്രവാസികള്‍ക്കിടയില്‍ സര്‍ണ്ണക്കടത്ത് വ്യാപകം; ആശങ്ക രേഖപ്പെടുത്തി എസ്‌ഐസി
X

ജിദ്ദ: പ്രവാസികള്‍ക്കിടയില്‍ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്‌ഐസി). സ്വര്‍ണ്ണക്കടത്തു സംഘവുമായി ബന്ധപ്പെട്ട് നിരവധി പ്രവാസികളുടെ ജീവന്‍ നഷ്ടപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് എസ്‌ഐസി സൗദി നാഷണല്‍ കമ്മിറ്റി ആശങ്ക അറിയിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രവാസി സംഘടനകള്‍ ഇടപെടണമെന്നും എസ്‌ഐസി ആവശ്യപ്പെട്ടു.

പ്രവാസികള്‍ക്ക് പണവും ടിക്കറ്റും വാഗ്ദാനം ചെയ്താണ് സര്‍ണ്ണക്കടത്ത് സംഘം ആകര്‍ഷിക്കുന്നത്. ഇത്തരത്തില്‍ സംഘത്തിന്റെ പിടിയിലാകുന്നവരില്‍ ഭൂരിപക്ഷം പ്രവാസികളും കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണെന്നും എസ്‌ഐസി ചൂണ്ടിക്കാട്ടി. ഇത്തരം മാഫിയാസംഘങ്ങളുടെ കാരിയര്‍മാരായി തെരെഞ്ഞെടുക്കുന്ന പ്രവാസികളില്‍ പലര്‍ക്കും ജീവന്‍ വരെ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഇത്തരമൊരു സാഹചര്യം കണക്കിലെടുത്ത് വിഷയത്തില്‍ അടിയന്തരമായി പ്രവാസി സംഘടനകള്‍ ഇടപെടണമെന്ന് എസ്‌ഐസി ആവശ്യപ്പെട്ടു.

'സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ വലയില്‍പ്പെടരുതെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പ്രവാസികള്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ സ്വര്‍ണ്ണക്കടത്തിലേക്ക് പ്രവാസികള്‍ തിരിയുന്നത് തുടരുന്ന സാഹചര്യമാണ് നിലനില്ക്കുന്നത്.' പ്രവാസി സംഘടനകള്‍ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രാധാന്യത്തോടെ ഇടപെടണമെന്നും എസ്‌ഐസി അഭ്യര്‍ഥിച്ചു. മാതൃരാജ്യത്തിേന്റെയും ജോലിചെയ്യുന്ന രാജ്യത്തിന്റേയും നിയമങ്ങള്‍ പൂര്‍ണ്ണമായും പിന്തുടരണം. സ്വര്‍ണ്ണക്കടത്തുള്‍പ്പടെ അനധികൃതമായ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്ക്കണമെന്നും എസ്‌ഐസി നേതാക്കളായ ഉബൈദുല്ല തങ്ങള്‍, അറയ്ക്കല്‍ അബ്ദുറഹ്മാന്‍ മൗലവി എന്നിവര്‍ ആവശ്യപ്പെട്ടു.

Next Story