Top

'ഒഐസിസിയെ പിരിച്ചുവിട്ടത് കെപിസിസിയെ തെറ്റിദ്ധരിപ്പിച്ച്'; പ്രവര്‍ത്തനം തുടരുമെന്ന് നേതാക്കള്‍

ഒഐസിസി പിരിച്ചുവിട്ടതിനെ കുറിച്ച് ചുമതലയുള്ള ജിസിസി ഭാരവാഹികള്‍ക്കോ മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍മാര്‍ക്കോ അറിയില്ലെന്നും ഒഐസിസി പ്രസിഡന്റ് സിദ്ദീക്ക് ഹസ്സന്‍ പറഞ്ഞു.

13 Feb 2022 4:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒഐസിസിയെ പിരിച്ചുവിട്ടത് കെപിസിസിയെ തെറ്റിദ്ധരിപ്പിച്ച്; പ്രവര്‍ത്തനം തുടരുമെന്ന് നേതാക്കള്‍
X

കെപിസിസിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ഒഐസിസി ഒമാന്‍ നാഷണല്‍ കമ്മിറ്റി പിരിച്ചുവിട്ടത് എന്ന ആരോപണവുമായി നേതാക്കള്‍. ഒഐസിസിയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ഒഐസിസി പ്രസിഡന്റ് സിദ്ദീക്ക് ഹസ്സന്‍ വ്യക്തമാക്കി. ഒരു വിഭാഗം ആളുകളുടെ വ്യക്തി താല്‍പര്യങ്ങളുടെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഒഐസിസി പിരിച്ചുവിട്ടതിനെ കുറിച്ച് ചുമതലയുള്ള ജിസിസി ഭാരവാഹികള്‍ക്കോ മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍മാര്‍ക്കോ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. വിഷയവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ നേരില്‍ കാണുമെന്നും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുമെന്നും സിദ്ദീക്ക് ഹസ്സന്‍ വ്യക്തമാക്കി.

ഒഐസിസി ഒമാന്‍ നാഷണല്‍ കമ്മിറ്റിയെ പിരിച്ചുവിട്ട് കെപിസിസി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തിയത്. കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ ശങ്കരപ്പിള്ള കുമ്പളത്തിന് കൈമാറി. സിദ്ദിഖ് ഹസന്‍ പ്രസിഡണ്ടായുള്ള കമ്മിറ്റി 11 വര്‍ഷമായി ഒമാനില്‍ പ്രവര്‍ത്തിച്ചുവരികയാണ്.

മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ സജി ഔസഫ് ആണ് അഡ്ഹോക് കമ്മിറ്റി കോര്‍ഓര്‍ഡിനേറ്റര്‍. എസ്. പുരുഷോത്തമന്‍ നായര്‍, ഹൈദ്രോസ് പുതുവന, നിയാസ് ചെണ്ടയാട്, ബിന്ദു പാലക്കല്‍, എം. ജെ. സലീം, ബനീഷ് മുരളി എന്നിവരാണ് മറ്റംഗങ്ങള്‍. പുതിയ കമ്മിറ്റി വരുന്നതുവരെ അഡ്ഹോക്ക് കമ്മിറ്റിക്കായിരിക്കും ഒഐസിസി ഒമാന്‍ നാഷനല്‍ കമ്മിറ്റിയുടെ ഭരണ ചുമതല.

ഒഐസിസി ഒമാന്‍ നാഷണല്‍ കമ്മിറ്റിയില്‍ നിരവധി സംഘടനാപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ജനറല്‍ സെക്രട്ടറിയായിരുന്ന എന്‍ഒ ഉമ്മന്‍ നാല് വര്‍ഷം മുമ്പാണ് രാജിവെച്ചത്. കോണ്‍ഗ്രസ് നേതൃത്വം നേരിട്ട് പ്രശ്നപരിഹാരത്തിനായി ശ്രമിച്ചെങ്കിലും ഗ്രൂുപ്പ് തര്‍ക്കങ്ങള്‍ തുടര്‍ന്നു. പിന്നാലെ ചിലര്‍ രാജിവെച്ച് മറ്റ് സംഘടനകളില്‍ ചേര്‍ന്നു. മസ്‌കത്ത് പ്രിയദര്‍ശിനി കള്‍ച്ചറല്‍ കോണ്‍ഗ്രസ് (എം.പി.സി.സി) എന്ന പേരില്‍ കോണ്‍ഗ്രസ് അനുകൂലികളുടെ മറ്റൊരു കൂട്ടായ്!മയും ഒമാനില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

Next Story