Top

ഖോര്‍ഫക്കാനിലെ ആ 'കഞ്ഞി കട ഇന്ന് കാലിക്കറ്റ് റസ്റ്റോറന്റ്'; മലയാളിയുടെ ഗള്‍ഫ് കുടിയേറ്റത്തിന്റെ ചരിത്രത്തില്‍ നിര്‍ണായകം

''പലരും കടലിനെ മറികടക്കാന്‍ കഴിയാതെ മരണത്തിലേക്കിറങ്ങിപ്പോയി''

8 Feb 2022 3:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഖോര്‍ഫക്കാനിലെ ആ കഞ്ഞി കട ഇന്ന് കാലിക്കറ്റ് റസ്റ്റോറന്റ്;  മലയാളിയുടെ ഗള്‍ഫ് കുടിയേറ്റത്തിന്റെ ചരിത്രത്തില്‍ നിര്‍ണായകം
X

മലയാളിയുടെ ആദ്യ ഗള്‍ഫ് കുടിയേറ്റത്തിന്റെ ചരിത്രമുള്ള ഖോര്‍ഫക്കാനിനെക്കുറിച്ച് വിവരണവുമായി മന്ത്രി പി രാജീവ്. യുഎഇ സന്ദര്‍ശനത്തിനിടെ ഖോര്‍ഫക്കാനില്‍ എത്തിയതിനെക്കുറിച്ചും പ്രദേശത്തെ ഒരു ചായക്കടയുടെ കഥയുമാണ് മന്ത്രി രാജീവ് പറയുന്നത്.

മന്ത്രിയുടെ വാക്കുകള്‍: ഇത്തവണത്തെ യുഎഇ സന്ദര്‍ശനം പൂര്‍ണ്ണമായും കൂടിക്കാഴ്ചകളും യോഗങ്ങളും എക്‌സ്‌പോ ഉദ്ഘാടനവുമെല്ലാം ചേര്‍ന്ന് തിരക്കേറിയതാണ്. രാവിലെ 9 മുതല്‍ രാത്രി പതിനൊന്നുവരെ നീണ്ടു നില്‍ക്കുന്ന ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം മറ്റൊന്നിനും നേരമുണ്ടായിരുന്നില്ല. ആറാം തിയ്യതി വൈകുന്നേരം നിശ്ചയിച്ചിരുന്ന രണ്ട് കൂടിക്കാഴ്ചകള്‍ എഴിലേക്ക് മാറ്റി നിശ്ചയിക്കേണ്ടി വന്നപ്പോള്‍, ഖോര്‍ഫക്കാന്‍ സന്ദര്‍ശിച്ചാലോ എന്ന് കെ ബി പ് സി ഇ ഒ യായ സൂരജ് ചോദിക്കുന്നത്. എന്നാല്‍, മനോരമ ലേഖകന്‍ രാജുവിന് ഏതെങ്കിലും സമയം ഒഴിവു കിട്ടുകയാണെങ്കില്‍ ഒരു അഭിമുഖം കൊടുക്കാമെന്നേറ്റിരുന്നു. അങ്ങോട്ടുള്ള യാത്രക്കിടയില്‍ അഭിമുഖമാകാമെന്ന് രാജു കൂടി പറഞ്ഞതോടെ യാത്രയാകാമെന്നായി.

സൂരജാണ് യാത്രക്കുള്ള ക്രമീകരണങ്ങള്‍ ചെയ്തത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷും കെഎസ്‌ഐഡിസി എംഡി രാജമാണിക്കവും വ്യവസായ ഡയറക്ടര്‍ ഹരി കിഷോറും സൂരജും ഉള്‍പ്പെടുന്നതായിരുന്നു സംഘം. ഉച്ചക്ക് ശേഷം ഇലക്ട്രിക് വാഹന നിര്‍മ്മാണ സാധ്യതകളെ കുറിച്ചുള യോഗം കൂടി കഴിഞ്ഞപ്പോള്‍ നാലു മണിയാകാറായി. പിന്നെ നേരെ ഖോര്‍ഫക്കാനിലേക്ക് ഞങ്ങള്‍ യാത്ര തിരിച്ചു. മലയാളിയുടെ ആദ്യ ഗള്‍ഫ് കുടിയേറ്റത്തിന്റെ ചരിത്രമാണ് ഖോര്‍ഫക്കാനിലുള്ളത്. രേഖകളൊന്നുമില്ലാതെ കടലിലൂടെ വന്നവര്‍ അടയാളപ്പാറയില്‍ ഇറങ്ങി കഴിഞ്ഞ് പിന്നെ കടലിലൂടെ നീന്തി വേണം ഖോര്‍ഫക്കാനിലേക്കെത്താന്‍. പലരും കടലിനെ മറികടക്കാന്‍ കഴിയാതെ മരണത്തിലേക്കിറങ്ങിപ്പോയി.


ഞങ്ങള്‍ എത്തിയപ്പോഴെ വൈകിയിരുന്നു. ബോട്ടില്‍ കയറിയെങ്കിലും ഇരുട്ടിതുകൊണ്ട് പാറയില്‍ ഇറങ്ങിയില്ല. ആദ്യകാലത്ത് കടല്‍ നീന്തി വന്നവര്‍ക്കായി സൗജന്യമായി കഞ്ഞി നല്‍കാന്‍ മാലാന ഒരു ചായക്കട തുടങ്ങി. ഇപ്പോഴത് പുതുക്കി കാലിക്കറ്റ് റസ്റ്റോറന്റ് ആക്കി പുതുക്കിയിരിക്കുന്നു. സൗജന്യമായി ഭക്ഷണം കൊടുത്ത ശീലം പുതുക്കിയ കടയിലും തുടരുന്നു. അതിനുള്ള പണം സുമനസുകളായ ഇ മറാത്തികളാണ് നല്‍കുന്നത്.

ഇവിടെ സഹായിയായി വന്ന ശ്രീ സിദ്ദിഖാണ് ഇപ്പോള്‍ കട നടത്തുന്നത്. മൂന്നു മക്കളും കൂടെയുണ്ട്. നല്ല സുലൈമാനിയും സമോസയും ആദ്യം വന്നു, അതിനിടയില്‍ മലയാളികള്‍ ചിലര്‍ വന്ന് പരിചയപ്പെട്ടു ഫോട്ടോകള്‍ എടുത്തു. ഫ്യൂജറയുടെ ഭാഗമാണ് ഖോര്‍ഫക്കാന്‍ എന്ന് രാജു സൂചിപ്പിച്ചു. ചരിത്രമുറങ്ങുന്ന മണ്ണില്‍ അല്‍പ്പ സമയം ചെലവഴിച്ച് മടങ്ങി.

Next Story