Top

ലുസൈല്‍ സ്റ്റേഡിയത്തില്‍ നാളെ ആദ്യമായി പന്തുരുളും

സ്റ്റാര്‍സ് ലീഗിലെ വമ്പന്‍മാരായ അല്‍ അറബിയും അല്‍ റയ്യാനും തമ്മിലാണ് അങ്കം

10 Aug 2022 4:00 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ലുസൈല്‍ സ്റ്റേഡിയത്തില്‍ നാളെ ആദ്യമായി പന്തുരുളും
X

ലോകകപ്പ് ഫൈനല്‍ നടക്കാനിരിക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച ആദ്യമായി പന്തുരുളും. ഔദ്യോഗിക ഉദ്ഘാടനത്തിനായി കാത്തിരിക്കുന്ന ആഡംബര സ്റ്റേഡിയത്തില്‍ ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മത്സരത്തിനാണ് ആദ്യമായി വേദിയാവുന്നത്.

ഔദ്യോഗിക ഉദ്ഘാടനം സെപ്തംബറിലാണെങ്കിലും അറബ് ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയത്തിലെ ആദ്യ കളിക്ക് സാക്ഷിയാകാന്‍ രാജ്യത്തെ ഫുട്ബാള്‍ പ്രേമികള്‍ ഒരുങ്ങുകയാണ്.

സ്റ്റാര്‍സ് ലീഗിലെ വമ്പന്‍മാരായ അല്‍ അറബിയും അല്‍ റയ്യാനും തമ്മിലാണ് അങ്കം. വ്യാഴാഴ്ച രാത്രി 7.40ന് മത്സരത്തിന് കിക്കോഫ് കുറിക്കും.

ലോകകപ്പിനായി ഒരുക്കിയ എട്ടില്‍ ഏഴ് സ്റ്റേഡിയവും ഇതിനകം ഉദ്ഘാടനം കഴിഞ്ഞ് നിരവധി മത്സരങ്ങള്‍ക്ക് വേദിയായപ്പോള്‍, കൊടിയേറ്റത്തിനായി കാത്തിരിക്കുകയാണ് പ്രധാന വേദിയായ ലുസൈല്‍. ഡിസംബര്‍ 18ന് ലോകകപ്പിന്റെ കിരീട വിജയികളെ നിര്‍ണയിക്കുന്ന സ്റ്റേഡിയം എന്ന പ്രത്യേകതകൂടി 80,000 ഇരിപ്പിട ശേഷിയുള്ള ലുസൈലിനുണ്ട്.

ലീഗിലെ മറ്റു മത്സരങ്ങള്‍ക്കൊന്നുമില്ലാത്ത വിധമാണ് ലുസൈലിലെ ആദ്യ മത്സരത്തിനായി ആരാധകര്‍ ടിക്കറ്റിനായി തിരക്ക് കൂട്ടുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കിയതോടെ, നാളത്തെ മല്‍സരം സ്റ്റേഡിയത്തിന്റെ ട്രയല്‍ റണ്‍ ആക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.

Next Story