Top

സാമ്പത്തിക വളര്‍ച്ചയില്‍ വന്‍മുന്നേറ്റം: സൗദിയെ പ്രശംസിച്ച് ഐഎംഎഫ്

കൊവിഡ് സാഹചര്യത്തെ സൗദി വിജയകരമായാണ് തരണം ചെയ്തതെന്ന് ഐഎംഎഫ് ഉദ്യോഗസ്ഥര്‍

19 Aug 2022 12:23 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

സാമ്പത്തിക വളര്‍ച്ചയില്‍ വന്‍മുന്നേറ്റം: സൗദിയെ പ്രശംസിച്ച് ഐഎംഎഫ്
X

റിയാദ്: സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയില്‍ മുന്നേറുന്ന സൗദി അറേബ്യയെ പ്രശംസിച്ച് ഐഎംഎഫ്. 2022ലെ സാമ്പത്തിക അവലോകനത്തിനായി യുഎഇയിലെത്തിയ അന്താരാഷ്ട്ര നാണയനിധിയുടെ പ്രതിനിധികളാണ് സൗദിയെ അഭിനന്ദനമറിയിച്ചത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലും എണ്ണയിതര മേഖലയുടെ വളര്‍ച്ചയിലും സൗദി കൈവരിച്ചനേട്ടം ചൂണ്ടിക്കാട്ടിയാണ് ഐഎംഎഫിന്റെ പ്രശംസ.

2022ല്‍ സൗദിയുടെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ച 7.6ശതമാനമാണ് രേഖപ്പെടുത്തിയത്. എണ്ണയിതര മേഖലയാവട്ടെ 4.2ശതമാനം അധികനേട്ടവും രേഖപ്പെടുത്തി. സൗദിയുടെ 'വിഷന്‍2023' പരിഷ്‌ക്കാര പദ്ധതിയാണ് സാമ്പത്തികനില മെച്ചപ്പെടുത്തുന്നതില്‍ മുഖ്യഘടകമായത്. അതേസമയം അന്താരാഷ്ട്ര രഗത്ത് എണ്ണവിലയിലുണ്ടായ കുതിച്ചുകയറ്റം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രചനാതീതമായ ഫലങ്ങള്‍ സൃഷ്ടിക്കുമെന്നും ഐഎംഎഫ് അഭിപ്രായപ്പെട്ടു.

കൊവിഡ് സാഹചര്യത്തെ സൗദി വിജയകരമായാണ് തരണം ചെയ്തതെന്ന് ഐഎംഎഫ് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. ബാങ്കിംഗ് മേഖലയിലെ മൂലധനവത്ക്കരണം, ഉയര്‍ന്നതോതിലുള്ള പണ ലഭ്യത എന്നിവയും സൗദിയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രധാന ഘടകങ്ങളായി വര്‍ത്തിച്ചു. 2022 വര്‍ഷത്തെ ബജറ്റ് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ കൂടുതല്‍ ശക്തമാക്കുമെന്നും ഐഎംഎഫ് അഭിപ്രായപ്പെട്ടു.

കൊവിഡ് സൃഷ്ടിച്ച സാമൂഹിക, ആരോഗ്യ പ്രത്യാഘാതങ്ങളെ നേരിടുന്നതില്‍ സൗദിയുടെ ശ്രമങ്ങള്‍ അഭിന്ദനാര്‍ഹമാണെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി. കൊവിഡ് പ്രതിസന്ധി നേരിടുന്നതില്‍ രാജ്യത്തിന്റെ വിജയത്തെ പ്രശംസിച്ച ഐഎംഎഫിന്റെ പ്രസ്താവനയെ സൗദി ധനകാര്യമന്ത്രി മുഹമ്മദ് അള്‍ജദ്ആന്‍ സ്വാഗതം ചെയ്തു. കൊവിഡിനെ തുടര്‍ന്ന് ആഗോളതലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി രാജ്യം വിജയകരമായി നേരിട്ടതായും സൗദി ധനകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story