ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തിൽ അനുശോചനമറിയിക്കാൻ മക്രോൺ നേരിട്ടെത്തും; ഫ്രഞ്ച് പ്രസിഡന്റിന്റെ യുഎഇ സന്ദർശനം ഞായറാഴ്ച
ശെെഖ് ഖലീഫയുടെ മരണത്തിൽ ഭരണകുടുംബത്തെ ആശ്വസിപ്പിക്കാനും പിന്തുണയറിക്കാനുമാണ് മക്രോൺ എത്തുക
14 May 2022 1:14 PM GMT
റിപ്പോർട്ടർ മിഡില് ഈസ്റ്റ്

അബുദാബി: യുഎഇ രാഷ്ട്രത്തലവനും അബുദാബി ഭരണാധികാരിയുമായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാന്റെ മരണത്തിൽ നേരിട്ടെത്തി അനുശോചനമറിയിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ. ഷെയ്ഖ് ഖലീഫയുടെ മരണത്തിൽ ഭരണകുടുംബത്തെ ആശ്വസിപ്പിക്കാനും പിന്തുണയറിക്കാനുമാണ് മക്രോൺ എത്തുക. അദ്ദേഹം ഞായറാഴ്ച യുഎഇയിലേക്ക് തിരിക്കുമെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
സെെനിക ഉപകരണങ്ങളുടെ വിതരണത്തിലും, ഊർജ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിലും ഫ്രാൻസിന്റെ തന്ത്രപ്രധാന പങ്കാളിയാണ് എണ്ണ ഉത്പാദകരായ യുഎഇ. ഇമ്മാനുവേൽ മക്രോണിന്റെ ആദ്യ ഭരണകാലയളവിൽ ഈ ബന്ധം ഒന്നുകൂടി ദൃഢമാക്കിയിരുന്നു. നവംബറിൽ ദുബായ് സന്ദർശനവേളയിൽ ഈ ബന്ധം മെച്ചപ്പെടുത്തുന്നതിനായി നിയുക്ത യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദുമായി അദ്ദേഹം കൂടികാഴ്ചയും നടത്തിയിരുന്നു. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ബിസിനസ് പ്രതിനിധികൾ തമ്മിലുള്ള സുപ്രധാന കരാറുകളിലും അന്ന് ഒപ്പുവെക്കുകയും ചെയ്തിരുന്നു.
രോഗബാധിതനായി ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്ന യുഎഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ വെള്ളിയാഴ്ചയാണ് അന്തരിച്ചത്. രാജ്യത്തെ സായുധ സേനയുടെ പരമോന്നത കമാൻഡറും സുപ്രീം പെട്രോളിയം കൗൺസിലിന്റെ ചെയർമാനുമായിരുന്ന അദ്ദേഹം രാഷ്ട്രപിതാവും പ്രഥമ യുഎഇ പ്രസിഡന്റുമായിരുന്ന ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ്റെ മരണത്തെ തുടർന്ന് 2004 നവംബർ രണ്ടിനാണ് അബുദാബി ഭരണാധികാരിയായും യു.എ.ഇ പ്രസിഡന്റായും ചുമതലയേൽക്കുന്നത്.
Story Highlights: In order to express the mourn on the death of Sheikh Khalifa; French President is to visit UAE