Top

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; അരാംകോയിലുൾപ്പെടെ നാലിടത്തേക്ക്

20 March 2022 1:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; അരാംകോയിലുൾപ്പെടെ നാലിടത്തേക്ക്
X

റിയാദ്: സൗദി അറേബ്യയിലേക്ക് വീണ്ടും ഹൂതി വിമത സേനയുടെ ആക്രമണം. ജിസാനിൽ അരാംകോ എണ്ണ കമ്പനിയുടെ ശാഖയിലേക്കുൾപ്പെടെയാണ് ആക്രമണം നടന്നത്. നാല് ഡ്രോണുകളാണ് ജിസാനിലേക്ക് വന്നതെന്ന് സൗദി സഖ്യ സേന വ്യക്തമാക്കി.

ജിസാനിലെ ദർഹ്രാൻ അൽ ജനൂബ് പവർ സ്റ്റേഷനിലേക്കും അൽ ഷഫീഖിലെ ഡീസലിനേഷൻ പ്ലാനിലും, വിമത സേനയുടെ ആക്രമണം ഉണ്ടായി. ഖാമിസ് മുഷെയ്തിലെ ​ഗാസ് സ്റ്റേഷനിലേക്കായിരുന്നു നാലാമത്തെ ഡ്രോൺ ആക്രമണം. ഡ്രോൺ ആക്രമണത്തിന് പുറമെ ജിസാനിലേക്ക് ഒരു മിസൈലാക്രമണവും ഉണ്ടായി.

സ്ഫോടക വസതുക്കൾ നിറച്ച ഡ്രോണുകളും മിസൈലും നശിപ്പിച്ചെന്നും വൻ നാശനഷ്ടമുണ്ടാക്കാനുള്ള ഹൂതികളുടെ ശ്രമം പരാജയപ്പെടുത്തിയെന്നും സൗദി സഖ്യസേന വ്യക്തമാക്കി. ആക്രമണത്തിൽ ആളപായവുമില്ല. മാർച്ച് 10 ന് ഹൂതി സേന റിയാദിലെ എണ്ണ ശുദ്ധീകരണ ശാലയുലേക്ക് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ ആക്രമണം.

യമൻ യുദ്ധത്തിൽ പ്രശ്നപരിഹാരത്തിനായി ജിസിസി വിളിച്ചു ചേർത്ത യോ​ഗത്തിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് ഹൂതി വിമതർ ഈ ആഴ്ച വ്യക്തമാക്കിയിരുന്നു. ചർച്ചയിൽ വിട്ടുനിൽക്കുമെന്ന് ഹൂതി വിമതർ അറിയിച്ചു. ഈ മാസം 29ന് റിയാദില്‍ വെച്ച് ചര്‍ച്ച നടത്താനായിരുന്നു ജിസിസിയുടെ തീരുമാനം. ഹൂതികളുടെ പ്രതികരണം അനുകൂലമായാല്‍ അടിയന്തര വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നും ജിസിസി സെക്രട്ടറി ജനറൽ ഡോ നായിഫ് അൽ ഹജ്റാഥ് അറിയിച്ചിരുന്നു.

STORY HIGHLIGHT: Aramco oil facility attacked by Houthis in Saudi Arabia

Next Story