Top

'ഹോട്ടലിൽ അജ്ഞാത മൃതദേഹത്തിനൊപ്പം 41 മയക്കുമരുന്ന് ഗുളികകൾ'; മരണത്തിലെ ദുരൂഹത നീക്കി ദുബായ് പൊലീസ്

'ഇതിന് പുറമെ മൃതദേഹം പരിശോധിച്ചപ്പോൾ ശരീരത്തിനുള്ളിൽ നിന്ന് 44 മയക്കുമരുന്ന് ഗുളികകളും കണ്ടെടുത്തിരുന്നു.'

12 Oct 2021 3:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹോട്ടലിൽ അജ്ഞാത മൃതദേഹത്തിനൊപ്പം 41 മയക്കുമരുന്ന് ഗുളികകൾ; മരണത്തിലെ ദുരൂഹത നീക്കി ദുബായ് പൊലീസ്
X

ദുബായ് ഹോട്ടലിൽ അജ്ഞാത മൃതദേഹത്തിനൊപ്പം മയക്കുമരുന്ന് ഗുളികൾ കണ്ടെത്തിയ സംഭവത്തിലൂടെ പുറത്തു വരുന്നത് വൻ മയക്കുമരുന്ന് കടത്തിന്റെ വിവരങ്ങൾ. ദുബായിലെ നൈഫിലാണ് ഹോട്ടൽ മുറിയിൽ ജീർണിച്ച് തുടങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തോടൊപ്പം 41 മയക്കുമരുന്ന് ഗുളികകൾ ഉണ്ടായിരുന്നുവെന്നും ഇവയ്ക്ക് രണ്ട് കിലോഗ്രാമിലധികം ഭാരമുണ്ടായിരുന്നുവെന്നും ദുബായ് പൊലീസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഫൊറൻസിക് എവിഡൻസ് ആന്റ് ക്രിമിനോളജി ഡയറക്ടർ കേണൽ മക്കി സൽമാൻ പറഞ്ഞു.

മൃതദേഹത്തിന് തൊട്ടടുത്ത് നിന്നാണ് മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയത്. ഇതിന് പുറമെ മൃതദേഹം പരിശോധിച്ചപ്പോൾ ശരീരത്തിനുള്ളിൽ നിന്ന് 44 മയക്കുമരുന്ന് ഗുളികകളും കണ്ടെടുത്തിരുന്നു. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച ഒരു മയക്കുമരുന്ന് ഗുളിക പൊട്ടിയതാണ് ഇയാളുടെ മരണത്തിന് കാരണമായതെന്ന് വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയതായി കേണൽ സൽമാൻ പറഞ്ഞു .

47 വയസുകാരനാണ് ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസത്തിന് ശേഷം മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്തെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുകയത്. കട്ടിലിന് സമീപത്താണ് മൃതദേഹം കിടന്നിരുന്നത്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചു. ഇയാളുടെ വിലപിടിപ്പുള്ള വസ്തുക്കളെല്ലാം മുറിയിൽ തന്നെയുണ്ടായിരുന്നു. വിശദമായ അന്വേഷണത്തിലാണ് മരണത്തിലെ ദുരൂഹത നീക്കാൻ പൊലീസിന് സാധിച്ചത്. ശരീരത്തിൽ ഒളിപ്പിച്ച മയക്കുമരുന്ന് ശേഖരവുമായാണ് ഇയാൾ ഹോട്ടലിൽ മുറിയെടുത്തത്. അവിടെ വെച്ച് 41 മയക്കുമരുന്ന് ഗുളികകൾ ശരീരത്തിൽ നിന്ന് പുറത്തെടുക്കാൻ സാധിച്ചു. എന്നാൽ ഒരു ഗുളിക പൊട്ടിയതോടെ ഇയാള്‍ മരിക്കുകയായിരുന്നെന്നും അധികൃതർ പറഞ്ഞു.

Popular Stories

    Next Story