ഖത്തറില്‍ പുതുതായി 200 റിയാലിന്റെ നോട്ട് പുറത്തിറക്കി

പുതിയ ഡിസൈനിലുള്ള ഖത്തര്‍ റിയാല്‍ കറന്‍സികള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 18 വെള്ളിയാഴ്ച പുതിയ കറന്‍സികള്‍ പ്രാബല്യത്തില്‍ വരും. 200 ന്റെ പുതിയ നോട്ടുകള്‍ പുറത്തിറക്കിയതിനൊപ്പമാണ് നിലവിലുള്ള 1,5,10,50,100,500 എന്നീ ഖത്തര്‍ റിയാല്‍ നോട്ടുകള്‍ പുതിയ ഡിസൈനുകളില്‍ പുറത്തിറക്കിയിരിക്കുന്നത്.

മൂന്ന് മാസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് ഖത്താരി റിയാലിന്റെ പഴയ കറന്‍സികള്‍ പ്രാദേശിക ബാങ്കുകളില്‍ നിന്നും അതിന് ശേഷം ഖത്തര്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്നോ മാറ്റി വാങ്ങാം. ശൈഖ് അബ്ദുല്ല അല്‍താനിയുടെ കൊട്ടാരം, ഖത്തര്‍ നാഷണല്‍ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട് എന്നിവയുടെ ചിത്രങ്ങള്‍ പതിപ്പിച്ചതാണ് 200 റിയാലിന്റെ പുതിയ നോട്ട്.

ഖത്തര്‍ ദേശീയ പതാക, ഖത്താരി സസ്യജാലങ്ങള്‍, തുടങ്ങിയവ നോട്ടുകളുടെ മുന്‍വശത്തെ ഡിസൈനിലുണ്ട്. കാഴ്ചശക്തിയില്ലാവര്‍ക്ക് തൊട്ടു മനസ്സിലാക്കാന്‍ പറ്റുന്ന രീതിയിലാണ് നോട്ടിലെ മൂല്യങ്ങളും രേഖകളും അച്ചടിച്ചിരിക്കുന്നത്.

Latest News