ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടവുമായി ബിജെപി; പൊരുതിത്തോറ്റ് കോണ്‍ഗ്രസ്, സൂററ്റില്‍ പൂജ്യം സീറ്റ്; അക്കൗണ്ട് തുറന്ന് ആംആദ്മി

അഹമ്മദാബാദ്: ഗുജറാത്തില്‍ ആറ് മുനിസിപാലിറ്റികളിലേക്ക് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് ഭരണകക്ഷിയായ ബിജെപി. അന്തിമഫലപ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ആറിടത്തും ബിജെപിക്ക് തന്നെയാണ് വ്യക്തമായ മേല്‍ക്കൈ. അഹമ്മദാബാദ്, സൂററ്റ്, വഡോദര, രാജ്‌കോട്ട്, ജന്മാനഗര്‍, ഭവ്‌നഗര്‍ മുനിസിപാലിറ്റികളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

ആദ്യഘട്ടങ്ങളില്‍ പല സ്ഥലങ്ങളിലും ലീഡ് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാള്‍ മോശം പ്രകടനമായിരുന്നു കോണ്‍ഗ്രസിന്റേത്. അഹമ്മദാബാദിലും വഡോദരയിലും കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളടക്കം പരാജയപ്പെട്ടു.

ശേഷിക്കുന്ന മുനിസിപാലിറ്റികള്‍, താലൂക്കുകള്‍, ജില്ലാ പഞ്ചായത്തുകള്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടക്കും. ഈ ആറ് മുനിസിപാലിറ്റികളിലെ തെരഞ്ഞെടുപ്പ് ഫലം 28ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. ആ തെരഞ്ഞെടുപ്പുകള്‍ക്കൂടി നടന്നതിന് ശേഷം എല്ലാഫലങ്ങളും ഒരുമിച്ചേ പ്രഖ്യാപിക്കാവൂ എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗുജറാത്ത് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ ഹരജി ഇരുകോടതികളും തള്ളുകയായിരുന്നു.

കോണ്‍ഗ്രസിനെ ഞെട്ടിക്കുന്ന മുന്നേറ്റമായിരുന്നു തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി കാഴ്ചവെച്ചത്. പല സ്ഥലങ്ങളിലും ആപ്പ് കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി രണ്ടാമതായി സ്ഥാനം പിടിച്ചു. ഗുജറാത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ആംആദ്മി പാര്‍ട്ടി നേട്ടം കൊയ്യുന്നത്. മിക്ക സീറ്റുകളിലും തന്നെ ആപ്പ് സ്ഥാനാര്‍ത്ഥികളെ ഇറക്കിയിരുന്നു. സൂററ്റില്‍ എട്ട് സീറ്റുകളില്‍ വിജയിച്ചാണ് ആപ്പ് സംസ്ഥാനത്ത് അക്കൗണ്ട് തുറന്നിരിക്കുന്നത്. പട്ടീദാര്‍ സമുദായത്തിന് മുന്‍തൂക്കമുള്ള മണ്ഡലങ്ങളിലാണ് ആപ്പിന് നേട്ടമുണ്ടായിട്ടുള്ളത്.

അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മും പലസ്ഥലങ്ങളിലും ലീഡ് മെച്ചപ്പെടുത്തിയിട്ടുണ്ട്. അഹമ്മദാബാദില്‍ കോണ്‍ഗ്രസിന് വലിയ പ്രതിരോധമാണ് പാര്‍ട്ടി തീര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്.

സൂററ്റില്‍ 120 സീറ്റുകളില്‍ ഫലം പ്രഖ്യാപിച്ചതില്‍ 84 എണ്ണവും ബിജെപി നേടി. ആംആദ്മി പാര്‍ട്ടി 25 സീറ്റുകളിലും വിജയിച്ചു. സൂററ്റില്‍ ഒരു സീറ്റു പോലും കോണ്‍ഗ്രസിന് നേടാനായില്ല.

അഹമ്മദാബാദില്‍ ഫലപ്രഖ്യാപനം നടന്ന 67 സീറ്റുകളില്‍ 57 എണ്ണവും ബിജെപിക്കൊപ്പമാണ്. രാജ്‌കോട്ടില്‍ 55ല്‍ 51ഉം ജന്മാനഗറില്‍ 60ല്‍ 46 ഉം ഭാവ്‌നഗറില്‍ 36ല്‍ 31ഉം വഡോദരയില്‍ 76ല്‍ 61 ഉം സൂററ്റില്‍ 48ല്‍ 40 ഉം ബിജെപി നേടി. അഹമ്മദാബാദില്‍ പത്തും രാജ്‌കോട്ടില്‍ നാലും ജംനാനഗറില്‍ 11 ഉം ഭാവ്‌നഗറില്‍ അഞ്ചും വഡോദരയില്‍ ഏഴും സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. മറ്റ് സീറ്റുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല.

Latest News