Top

മരണസര്‍ട്ടിഫിക്കറ്റുകള്‍ 1.23 ലക്ഷം, സര്‍ക്കാര്‍ കണക്കില്‍ മരണം 4218; ഗുജറാത്ത് സര്‍ക്കാരിനുനേരെ രൂക്ഷ വിമര്‍ശനങ്ങള്‍

വെറും 71 ദിവസങ്ങള്‍ കൊണ്ട് സംസ്ഥാനത്ത് വിതരണം ചെയ്തത് 1.23 ലക്ഷം മരണ സര്‍ട്ടിഫിക്കറ്റുകളാണെന്ന വസ്തുതയാണ് ഇപ്പോള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്.

14 May 2021 7:14 AM GMT

മരണസര്‍ട്ടിഫിക്കറ്റുകള്‍ 1.23 ലക്ഷം, സര്‍ക്കാര്‍ കണക്കില്‍ മരണം 4218; ഗുജറാത്ത് സര്‍ക്കാരിനുനേരെ രൂക്ഷ വിമര്‍ശനങ്ങള്‍
X

ഗുജറാത്ത് സംസ്ഥാനസര്‍ക്കാര്‍ കൊവിഡ് മരണങ്ങള്‍ കുറച്ചുകാണിക്കുന്നുവെന്ന് തെളിയിക്കുന്ന പത്രറിപ്പോര്‍ട്ടിനുപിന്നാലെ ബിജെപി സര്‍ക്കാരിനുനേരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനങ്ങള്‍. കൊവിഡ് മൂലം സംസ്ഥാനത്ത് ആകെ മരിച്ചത് 4218 പേരാണെന്നാണ് സര്‍ക്കാര്‍ പുറത്തുവിടുന്ന ഔദ്യോഗിക കണക്ക്. എന്നാല്‍ വെറും 71 ദിവസങ്ങള്‍ കൊണ്ട് സംസ്ഥാനത്ത് വിതരണം ചെയ്തത് 1.23 ലക്ഷം മരണ സര്‍ട്ടിഫിക്കറ്റുകളാണെന്ന വസ്തുതയാണ് ഇപ്പോള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് വിതരണം ചെയ്തത് 58000 സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണെന്നിരിക്കെ കൊവിഡ് മരണത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ കണക്കുകള്‍ സംശയത്തിന്റെ നിഴലിലാണെന്നാണ് വിമര്‍ശനങ്ങള്‍. ഗുജറാത്തിലെ പ്രമുഖ ദിനപത്രമായ ദിവ്യ ഭാസ്‌കര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

അഹമ്മദാബാദ് നഗരത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് വിതരണം ചെയ്തത് 7786 മരണ സര്‍ട്ടിഫിക്കറ്റുകളാണെങ്കില്‍ നഗരത്തില്‍ കഴിഞ്ഞ 71 ദിവസങ്ങള്‍ കൊണ്ട് സര്‍ക്കാര്‍ വിതരണം ചെയ്തത് 13593 സര്‍ട്ടിഫിക്കറ്റുകളാണ്. രാജ്‌കോട്ടില്‍ ഇത്തവണ 10878 മരണ സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ക്കാര്‍ വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ സമയത്ത് നഗരത്തില്‍ 288 മരണങ്ങള്‍ മാത്രമെ കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിട്ടുള്ളൂവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.

വഡോദരയില്‍ 71 ദിവസങ്ങള്‍ കൊണ്ട് വിതരണം ചെയ്യപ്പെട്ടത് 7722 മരണ സര്‍ട്ടിഫിക്കറ്റുകളാണ്. ഇതേ സ്ഥലത്ത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിതരണം ചെയ്യപ്പെട്ടതോ വെറും 2373 സര്‍ട്ടിഫിക്കറ്റുകള്‍. ഭാവ്‌നഗര്‍, മേഹ്‌സന,റീറല്‍ ജമ്‌നാനഗര്‍, അംമ്‌റേലി, നവാസ്രി പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ലെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള സത്യസന്ധമായ വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കണമെന്നും പരക്കെ ആവശ്യമുയരുന്നുണ്ട്.

Next Story