Top

സ്വന്തം വാര്‍ഡില്‍ പോലും നാണംകെട്ട തോല്‍വി; ഗുജറാത്ത് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പ്രസിഡന്റും രാജിവെച്ചു

ഇരുവരുടേയും രാജി ഹൈക്കമാന്‍ഡ് സ്വീകരിച്ചെന്നും അടുത്ത മാസം അവസാനത്തോടെ പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

2 March 2021 7:33 AM GMT

സ്വന്തം വാര്‍ഡില്‍ പോലും നാണംകെട്ട തോല്‍വി; ഗുജറാത്ത് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പ്രസിഡന്റും രാജിവെച്ചു
X

ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെത്തുടര്‍ന്ന് ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് ചാവ്ദയും പ്രതിപക്ഷ നേതാവ് പരേഷ് ധവാനിയും തങ്ങളുടെ സ്ഥാനങ്ങള്‍ രാജിവെച്ചു. ഇരുവരും പത്രസമ്മേളനം വിളിച്ചുചേര്‍ത്തശേഷമാണ് രാജി അറിയിച്ചത്. ഇരുവരുടേയും രാജി ഹൈക്കമാന്‍ഡ് സ്വീകരിച്ചെന്നും അടുത്ത മാസം അവസാനത്തോടെ പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

8473 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ ഫലം പുറത്തുവന്ന 2771 സീറ്റുകളില്‍ 2085 സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്. കോണ്‍ഗ്രസിന് 602 സീറ്റുകളില്‍ മാത്രം ഒതുങ്ങേണ്ടി വന്നിരുന്നു. 15 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചപ്പോള്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയ്ക്ക് അഞ്ച് സീറ്റുകള്‍ പിടിക്കാനായി. 42 സ്വതന്ത്രരും ഈ തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയുിരുന്നു. 237 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെയാണ് വിജയിച്ചത്.

കഴിഞ്ഞയാഴ്ച്ച ഫലം വന്ന ആറ് മുനിസിപ്പാലിറ്റികളും ബിജെപിയായിരുന്നു നേട്ടം കൊയ്തത്. അഹമ്മദാബാദ്, സൂററ്റ്, വഡോദര, രാജ്കോട്ട്, ജന്മാനഗര്‍, ഭവ്നഗര്‍ മുനിസിപാലിറ്റികളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

ആദ്യഘട്ടങ്ങളില്‍ പല സ്ഥലങ്ങളിലും ലീഡ് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാള്‍ മോശം പ്രകടനമായിരുന്നു കോണ്‍ഗ്രസിന്റേത്. അഹമ്മദാബാദിലും വഡോദരയിലും കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളടക്കം പരാജയപ്പെട്ടു.

ഗുജറാത്തില്‍ ആറ് മുനിസിപാലിറ്റികളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 576 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. ഇതില്‍ 483 സീറ്റുകളിലും ബിജെപിയാണ് വിജയം നേടിയത്. വെറും 55 സീറ്റുകള്‍ നേടിക്കൊണ്ട് കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍, ഇവിടെ ആദ്യമായി തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത ആംആദ്മി സൂറത്തില്‍ 27 സീറ്റുകളിലും വിജയം ഉറപ്പിച്ചു. അവിടെ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് വിട്ടുകൊടുത്തില്ലെന്നതും ശ്രദ്ധേയമാണ്.

Next Story