പ്രണയിതാക്കളെ ഇതിലേ… ഇതിലേ…; ഡേറ്റിങ് ഡെസ്റ്റിനേഷനും കോഫി ഷോപ്പും ഓഫര്‍ ചെയ്ത് കോണ്‍ഗ്രസ്; ഇറ്റാലിയന്‍ കള്ച്ചറെന്ന് ബിജെപി
വഡോദര: യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രണയിതാക്കള്‍ക്കും ജീവനക്കാര്‍ക്കും കിടിലന്‍ ഓഫറുമായി കോണ്‍ഗ്രസ്. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ കോഫീ ഷോപ്പുകളും ഡേറ്റിങ് ഡെസ്റ്റിനേഷനുകളും നിര്‍മ്മിക്കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. ഫെബ്രുവരി 21ന് നടക്കുന്ന വഡോദര മുനിസിപല്‍ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രികയിലാണ് കോണ്‍ഗ്രസിന്റെ ന്യൂജന്‍ വാഗ്ദാനം. ഇവയ്ക്ക് പുറമെ, ഓരോ മേഖലയിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകളും സൗജന്യ വിദ്യാഭ്യാസം നല്കുന്ന ആധുനിക വിദ്യാലയങ്ങളും സ്ത്രീകള്‍ക്കുവേണ്ടി പാര്‍ട്ടി ഹാളുകളും പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഐകോണിക് വഡോദര എന്ന് പേരിട്ട പ്രകടന പത്രിക ചൊവ്വാഴ്ചയാണ് പാര്‍ട്ടി […]

വഡോദര: യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രണയിതാക്കള്‍ക്കും ജീവനക്കാര്‍ക്കും കിടിലന്‍ ഓഫറുമായി കോണ്‍ഗ്രസ്. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ കോഫീ ഷോപ്പുകളും ഡേറ്റിങ് ഡെസ്റ്റിനേഷനുകളും നിര്‍മ്മിക്കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. ഫെബ്രുവരി 21ന് നടക്കുന്ന വഡോദര മുനിസിപല്‍ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രികയിലാണ് കോണ്‍ഗ്രസിന്റെ ന്യൂജന്‍ വാഗ്ദാനം.
ഇവയ്ക്ക് പുറമെ, ഓരോ മേഖലയിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകളും സൗജന്യ വിദ്യാഭ്യാസം നല്കുന്ന ആധുനിക വിദ്യാലയങ്ങളും സ്ത്രീകള്‍ക്കുവേണ്ടി പാര്‍ട്ടി ഹാളുകളും പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഐകോണിക് വഡോദര എന്ന് പേരിട്ട പ്രകടന പത്രിക ചൊവ്വാഴ്ചയാണ് പാര്‍ട്ടി പുറത്തിറക്കിയത്.
പ്രകടന പത്രിക ഇറങ്ങിയതിന് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഇറ്റാലിയന്‍ സംസ്കാരത്തിന്റെ പ്രചോദമാണ് പ്രകടനപത്രികയിലുള്ളതെന്നാണ് ബിജെപിയുടെ പ്രധാന പരിഹാസം. കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ സാംസ്കാരിക നഗരമായ വഡോദരയിലെ ജനവികാരത്തെ വൃണപ്പെടുത്തുന്നതാണെന്നും ബിജെപി സംസ്ഥാന നേതൃത്വം ആരോപിച്ചു.
തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ വഡോദരയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ വിശദീകരിക്കുന്നുമുണ്ട്. ‘സമൂഹത്തില്‍ ശക്തിയില്ലാതെയുള്ള വിഭാഗങ്ങളെ മുഖ്യധാരയുടെ ഭാഗമാക്കുന്നതിന് വേണ്ടിയുള്ള വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് നടത്തിയിട്ടുള്ളത്. സിറ്റികളിലെ മെച്ചപ്പെട്ട കഫേകള്‍ ഉപയോഗിക്കാന്‍ സാഹചര്യമുള്ളവരുണ്ട്. പക്ഷേ, യുവാക്കളടക്കം സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ അവസ്ഥയെന്താണ് ? ഹലോ ഗുജറാത്ത് ക്യാമ്പയിന്റെ ഭാഗമായി എന്താണ് ആവശ്യമെന്നുള്ള ചോദ്യത്തിന് ജനങ്ങള്‍ ആവശ്യപ്പെട്ടവയാണ് ഇത്. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ വാഗ്ദാനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഉറപ്പായും നടപ്പിലാക്കും. തദ്ദേശ ഭരണകൂടത്തിനായിരിക്കും കഫേകളുടെ ചുമതല. ഇത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാവും. കൂട്ടുകുടുംബങ്ങളില്‍ ജീവിക്കുന്ന ദമ്പതികള്‍ക്ക് അവരുടെ സ്വകാര്യത നഷ്ടപ്പെടുന്നുണ്ടാവാം. അവര്‍ക്ക് സ്വതന്ത്രമായി വന്നിരുന്ന് സംസാരിക്കാനും സമയം ചെലവഴിക്കാനും കഫേകള്‍ വലിയ ഉപകാരമാവും’, വഡോദര കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രശാന്ത് പട്ടേല്‍ പറഞ്ഞു.
പ്രകടന പത്രികയിലെ മറ്റ് വാഗ്ദാനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
തെരഞ്ഞെടുപ്പില്‍ ചിന്താ ശൂന്യമായ വാഗ്ദാനങ്ങള്‍ നടത്തുന്നതില്‍ കോണ്‍ഗ്രസിന്റെ പങ്ക് പ്രസിദ്ധമാണെന്നാണ് വഡോദര ബിജെപി ജനറല്‍ സെക്രട്ടറി സുനില്‍ സോളങ്കിയുടെ പ്രതികരണം. ഡേറ്റിങ് നമ്മുടെ സംസ്കാരമാണോ?. ഇന്ത്യയുടെ സാംസ്കാരിക മൂല്യങ്ങളോട് കോണ്‍ഗ്രസിന് ബഹുമാനമില്ലെന്നും സോളങ്കി പറഞ്ഞു.