Top

‘മനസില്‍ എന്നും ചേര്‍ത്ത് വെക്കുന്ന കഥാപാത്രത്തിന് പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം’; ഇളയരാജയിലെ അഭിനയത്തിന് മികച്ച നടനുള്ള പുകരസ്‌കാരം നേടി ഗിന്നസ് പക്രു

ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രമായി 2018-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ഇളയരാജ’. അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലില്‍ മിക്കച്ച നടനുള്ള പുരസ്‌കാരമാണ് ഇളയരാജയിലൂടെ നടന്‍ പക്രുവിനെ തേടി എത്തിയിരിക്കുന്നത്. ഇതിന് പുറമെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും ഇളയരാജയ്ക്ക് ലഭിച്ചു. മനസിലെന്നും ചേര്‍ത്ത് പിടിക്കുന്ന കഥാപാത്രത്തിന് പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പക്രു റിപ്പോര്‍ട്ടര്‍ ലൈവിനോട് സംസാരിക്കവെ പറഞ്ഞു. അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്. ഇങ്ങനെയൊരു പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നോ? പുരസ്‌കാരം ലഭിക്കുമെന്ന് […]

17 Dec 2020 7:39 AM GMT
പ്രിയങ്ക രവീന്ദ്രൻ

‘മനസില്‍ എന്നും ചേര്‍ത്ത് വെക്കുന്ന കഥാപാത്രത്തിന് പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം’; ഇളയരാജയിലെ അഭിനയത്തിന് മികച്ച നടനുള്ള പുകരസ്‌കാരം നേടി ഗിന്നസ് പക്രു
X

ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രമായി 2018-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ഇളയരാജ’. അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലില്‍ മിക്കച്ച നടനുള്ള പുരസ്‌കാരമാണ് ഇളയരാജയിലൂടെ നടന്‍ പക്രുവിനെ തേടി എത്തിയിരിക്കുന്നത്. ഇതിന് പുറമെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും ഇളയരാജയ്ക്ക് ലഭിച്ചു. മനസിലെന്നും ചേര്‍ത്ത് പിടിക്കുന്ന കഥാപാത്രത്തിന് പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പക്രു റിപ്പോര്‍ട്ടര്‍ ലൈവിനോട് സംസാരിക്കവെ പറഞ്ഞു.

അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്. ഇങ്ങനെയൊരു പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നോ?

പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇതിന് മുമ്പും കേരള സംസ്ഥാന പുരസ്‌കാരത്തിനെല്ലാം അയച്ചിരുന്നു. അപ്പോളൊന്നും ലഭിക്കാത്തതിനാല്‍ ഒട്ടും പ്രതീക്ഷിച്ചല്ല. ഒരു റിയലിസ്റ്റിക് സിനിമയില്‍ ആദ്യമായി അവസരം കിട്ടുന്നത് ഇളയരാജയിലൂടെയാണ്. മികച്ച ഒരു സംവിധായകനൊപ്പം സിനിമ ചെയ്യാനും, നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കാനും സാധിച്ച ചിത്രമാണിത്. ആ കഥാപാത്രത്തോട് ഒരു പ്രത്യേക സ്‌നേഹമുള്ളതുകൊണ്ട് ഇളയാരാജയ്ക്ക് പുരസ്‌കാരം ലഭിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി. അതിലുപരി ഇന്റര്‍ നാഷ്ണല്‍ ഫിലിം ഫസ്റ്റിവലില്‍ ആദ്യത്തെ ഒരു അംഗീകാരം അത് മികച്ച നടന്‍ എന്ന രീതിയില്‍ കിട്ടിയതിലും സന്തോഷമുണ്ട്. അംഗീകാരം എത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും അത് നമ്മള്‍ ചേര്‍ത്ത് വെക്കുക. കൂടുതല്‍ ഇത്തരത്തിലുള്ള നല്ല കഥാപാത്രങ്ങള്‍ ചെയ്യാനുള്ള ഊര്‍ജമായി പുരസ്‌കാരങ്ങളെ കാണണം.

ചെയ്ത ചിത്രങ്ങളില്‍ നിന്നും ഇളയരാജയിലെ കഥാപാത്രം എത്രത്തോളം ചലഞ്ചിങ്ങായിരുന്നു?

ഞാന്‍ ചെയ്തതില്‍ നിന്നും വളരെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു. വളരെ അധികം ഒതുങ്ങി അഭിനയിക്കണ്ട ഒന്ന്. അതേസമയം അദ്ദേഹത്തിന്റെ ആത്മസംഘര്‍ഷം പ്രേക്ഷകരിലേക്ക് എത്തുകയും വേണം. റെയ്ല്‍വേ ട്രാക്കിന് അടുത്തുള്ള ഒരു ചെറിയ വീട്ടില്‍ കുടുംബത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന ഒരു കഥാപാത്രമാണ്. മക്കളെ പഠിപ്പിക്കാന്‍ വേണ്ടി വളരെയധികം കഷ്ടപ്പെടുന്ന ഒരച്ഛന്റെ കഥാപാത്രമാണ് ഇളയരാജയിലേത്. അതേസമയം ഞാന്‍ ചെയ്ത അത്ഭുതദ്വീപിലെ കഥാപാത്രം അമാനുഷികനായിരുന്നു. ഒരുപാട് ധാര്‍ഷ്ട്യമുള്ള കുതിരപ്പുറത്തൊക്കെ വരുന്നൊരാള്‍. പിന്നെ ഇളയരാജ വളരെ ചെറിയ സെറ്റിലൊരുക്കിയ ഒരു നല്ല ചിത്രമായിരുന്നു. ചിത്രീകരണ സമയത്ത് ആത്മാര്‍ത്ഥമായി സന്തോഷം തോന്നിയിരുന്നു. കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ തന്നെ അത് ചെയ്യണമെന്നാണ് എനിക്ക് തോന്നിയത്.

ഇനിയും ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താല്‍പര്യമുണ്ടോ?

തീര്‍ച്ഛയായും താല്‍പര്യമുണ്ട്. ഇളയാരാജ തീയറ്ററില്‍ വലിയ രീതിയല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് ചാനലുകളില്‍ വന്നപ്പോഴാണ് കൂടുതല്‍ ആളുകള്‍ സിനിമ കാണുന്നത്. അതിന് ശേഷം ഒരുപാട് പേര്‍ അഭിനന്ദനമറിയിച്ചിരുന്നു. ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ നമുക്ക് തന്നെ ഒരു സംതൃപ്തി തോന്നാറുണ്ട്. പക്ഷെ ഇത്തരത്തിലുള്ള നല്ല സിനിമകള്‍ പലപ്പോഴും പ്രേക്ഷകരിലേക്ക് എത്തുന്നത് കുറവാണ്. ഇന്ദ്രന്‍സ് ചേട്ടനും, സുരാജുമൊക്കെ എത്രയേ നല്ല ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്ത അത്തരത്തിലുള്ള റിയലിസ്റ്റിക് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഒരുപേലെ കാണാനുള്ള അവസരമുണ്ടാകുന്നില്ല. ഇത്തരം നല്ല സിനിമകള്‍ ഉണ്ടാകുമ്പോള്‍ അത് കാണാനുള്ള അവസരം പ്രേക്ഷകര്‍ക്ക് ഉണ്ടാക്കികൊടുക്കണം. എന്നാല്‍ മാത്രമെ സിനിമകള്‍ ജനങ്ങളിലേക്ക് എത്തു. അതിനൊരു അവസരം കൂടി ഉണ്ടായാല്‍ നന്നായിരിക്കുമെന്ന ചിന്ത കൂടി എനിക്കുണ്ട്.

തീയറ്ററുകളുടെ അഭാവത്തില്‍ ഒടിടി പ്ലാറ്റ് ഫോമിലേക്ക് കൂടിതല്‍ സിനിമകള്‍ വരുന്നുണ്ട്. അതിനാല്‍ റിയലിസ്റ്റിക് സിനിമകള്‍ ഇനി ഒടിടി പ്ലാറ്റ് ഫോമിലേക്ക് മാറുമെന്ന് തോന്നുന്നുണ്ടോ?

അത്തരത്തിലൊരു പ്ലാറ്റ്‌ഫോം ലഭിക്കുകയാണെങ്കില്‍ ലഭിക്കട്ടെ. പക്ഷെ തീയറ്ററുകള്‍ക്ക് പകരം ഓടിടി എന്നൊരിക്കലും ചിന്തിക്കാനാവില്ല. തീയറ്ററുകള്‍ ഉടനെ തുറക്കണമെന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. സിനിമ കൂടുതല്‍ സജീവമാകണം. ഒരുപാട് ആളുകളുടെ തൊഴിലിനെ ബാധിക്കുന്ന ഒരു കാര്യമല്ലെ. പിന്നെ നല്ല സിനിമകള്‍ തീയറ്ററിലാണെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലാണെങ്കിലും ഉണ്ടാവണം എന്നാണ് ഞാന്‍ കരുതുന്നത്.

ഭാവിയില്‍ മലയാള സിനിമയില്‍ കൂടുതല്‍ റിയലിസ്റ്റിക് ചിത്രങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

മലയാള സിനിമയെടുക്കുമ്പോള്‍ വെറു റിയലിസം മാത്രം പോര. കൊമേഴ്ഷ്യലും റിയലിസവും ഒന്നിച്ച് ചേരുമ്പോഴെ ആ സിനിമ തീയറ്ററില്‍ വിജയിക്കു. പക്ക റിയലിസ്റ്റിക് സിനിമകള്‍ മാത്രമായതുകൊണ്ട് വലിയ കാര്യമൊന്നുമില്ല. സിനിമകളുടെ കച്ചവട സാധ്യതക്കുള്ള ഘടകങ്ങളെല്ലാം ഒരുമിച്ച് വന്നാലെ ഒരു സിനിമ ശ്രദ്ധിക്കപെടുകയുള്ളു. അതും വലിയ പ്രധാനപ്പെട്ടൊരു കാര്യമാണ്.

ഇനി വരാനിരിക്കുന്ന ചിത്രങ്ങളേതൊക്കെയാണ്?

പ്രഭുദേവ സംവിധാനം ചെയ്ത ‘ബഗീര’ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്. ബഗീരയുടെ ചിത്രീകരണം തുടങ്ങിയ സമയത്താണ് ലോക്ക്ഡൗണ്‍ ആരംഭിക്കുന്നത്. പിന്നെ അടുത്തിടെയാണ് ചിത്രീകരണം പൂര്‍ത്തിയായത്. കൊവിഡ് സമയത്ത് മറ്റ് സിനിമകളൊന്നും ഉണ്ടായിരുന്നില്ല. പിന്നെ കോമഡി പരിപാടികള്‍ക്കൊന്നും പോകാന്‍ സാധിച്ചില്ല. ലോക്ക് ഡൗണ്‍ മുഴുവന്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയായിരുന്നു. വലിയ യാത്രകളൊന്നും ചെയ്യാതെ ഒതുങ്ങി കൂടി.

AHMEDABAD INTERNATIONAL CHILDREN FILM FESTIVAL IS PROUD TO ANNOUNCING THE WINNERS FOR THE YEAR 2020. Best Film-…

Posted by Ahmedabad International Children Film Festival on Wednesday, 16 December 2020

‘മേല്‍വിലാസം’ ‘അപ്പോത്തിക്കരി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാധവ് രാമദാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇളയരാജ. അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രങ്ങള്‍ക്കൊപ്പമാണ് ഇളയരാജയും തെരഞ്ഞെടുക്കപ്പെട്ടത്. ആഗോളതലത്തില്‍ മികവ് തെളിയിച്ച സംവിധായകരുടെ 40തോളം ചിത്രങ്ങള്‍ക്കിടയില്‍ നിന്നാണ് മികച്ച നടനുള്ള പുരസ്‌കാരം പക്രുവിന് ലഭിച്ചത്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന, ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിച്ച കഥാപാത്രത്തെ തന്നതിന് ഇളയരാജയുടെ സംവിധായകന്‍ മാധവ് രാമദാസിനോടും, ചിത്രത്തിന്റെ എല്ലാ അണിയറ പ്രവര്‍ത്തകരോടും ഗിന്നസ് പക്രു നന്ദി അറിയിച്ചു.

Next Story