Top

കര്‍ണാടക ബിജെപിയില്‍ പൊട്ടിത്തെറി; നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ‘വാ തുറക്കരുതെന്ന്’ കേന്ദ്ര നേതാവിന്റെ മുന്നറിയിപ്പ്

നേരത്തെ മന്ത്രി കെ.എസ് ഈശ്വരപ്പ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ തുറന്ന് സമ്മതിച്ചിരുന്നു.

16 Jun 2021 9:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കര്‍ണാടക ബിജെപിയില്‍ പൊട്ടിത്തെറി; നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ‘വാ തുറക്കരുതെന്ന്’ കേന്ദ്ര നേതാവിന്റെ മുന്നറിയിപ്പ്
X

ബംഗളൂരു: കര്‍ണാടക ബിജെപി ഘടകത്തില്‍ പൊട്ടിത്തെറിയെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം നടക്കുന്നതായിട്ടാണ് സൂചന. വിമത നീക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള അരുണ്‍ സിംഗ് കര്‍ണാടകയിലെത്തിയിട്ടുണ്ട്. എംഎല്‍എമാരും എംപിമാരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം അരുണ്‍ സിംഗ് ദേശീയ നേതൃത്തിന് ഔദ്യോഗിക വിവരങ്ങള്‍ കൈമാറിയേക്കും. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരസ്യമായതോടെ അമിത് ഷാ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയാണ് സിംഗിനെ കര്‍ണാടകയിലേക്ക് അയച്ചിരിക്കുന്നതെന്നാണ് സൂചന.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രശ്‌നങ്ങളൊന്നും അവതരിപ്പിക്കരുതെന്നും തനിക്ക് മുന്നില്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുവെന്നുമാണ് കര്‍ണാടകയിലെത്തിയ ഉടന്‍ അരുണ്‍ സിംഗ് നേതാക്കളോട് നിര്‍ദേശിച്ചിരിക്കുന്നത്. ബിഎസ് യെദ്യൂരപ്പയുടെ തീരുമാനങ്ങള്‍ കടുത്ത അംതൃപ്തിയുള്ള നേതാക്കള്‍ ദേശീയ നേതൃത്വത്തെ രഹസ്യമായി സമീപിച്ചിരുന്നുവെന്നാണ് അഭ്യൂങ്ങള്‍. എന്നാല്‍ പരിഹാരം കാണാതെ വന്നതോടെ പലരും പരസ്യ പ്രസ്താവനകളും ഒളിയമ്പുകളുമായി യെദ്യൂരപ്പക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.

നേരത്തെ മന്ത്രി കെ.എസ് ഈശ്വരപ്പ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ തുറന്ന് സമ്മതിച്ചിരുന്നു. ചില എംഎല്‍എമാര്‍ക്ക് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതില്‍ താല്‍പ്പര്യമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇനി വരുന്ന മൂന്ന് ദിവസം അരുണ്‍ സിംഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും.

പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന വിമത നീക്കങ്ങളോട് മുഖം തിരിക്കുന്ന നിലപാടിലാണ് യെദ്യൂരപ്പ. മുഖ്യമന്ത്രിക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ ഖട്ടീലിന്റെ പിന്തുണയുണ്ട്. ‘നിലവില്‍ പാര്‍ട്ടിയില്‍ നേതൃമാറ്റം ഉണ്ടാവില്ലെന്നും യെദ്യൂരപ്പ കാലാവധി പൂര്‍ത്തിയാക്കുമെന്നും’ അദ്ദേഹം വ്യക്തമാക്കുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്നുയരുന്ന അതൃപ്തിയെ മുതലെടുക്കാന്‍ കോണ്‍ഗ്രസും ശ്രമങ്ങള്‍ ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഡികെ ശിവകുമാറാവും ചരടുവലികള്‍ക്ക് നേതൃത്വം നല്‍കുക.

Next Story