
സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ ഓഫിസിലുണ്ടായ തീപിടിത്തത്തിലെ ഫോറന്‍സിക് കണ്ടെത്തല്‍ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് കണ്ടെത്തിയവരെ ഐജി ഭീഷണിപ്പെടുത്തിയെന്ന് ചെന്നിത്തല പറഞ്ഞു. ഫോറന്‍സിക് ഡയറക്ടര്‍ നേരത്തെ വിരമിക്കുന്നതും ഈ ഭീഷണി കാരണമാണെന്നാണ് മനസിലാക്കുന്നത്. കെമിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കരുതെന്നാണ് ഫോറന്‍സിക് ലാബിന് ലഭിച്ച നിര്‍ദേശമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സര്‍ക്കാരിന്റെ വാദം പൂര്‍ണമായി പൊളിയുന്ന വേളയിലാണ് ഫോറന്‍സിക് വകുപ്പിന്റെ തലപ്പത്ത് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സര്‍ക്കാരിന് കത്ത് നല്‍കിയത്. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ്.
രമേശ് ചെന്നിത്തല
ഫോറന്‍സിക് സയന്റിസ്റ്റുകളെ മാറ്റി പോലീസ് ഉദ്യാഗസ്ഥരെ ഫോറന്‍സിക് വകുപ്പിന്റെ തലപ്പത്ത് നിയമിക്കുന്നത് അസ്വാഭാവികവും, ഇതുവരെ നടക്കാത്ത കാര്യവുമാണ്. നിഷ്പക്ഷവും നീതിപക്ഷവുമായ നീതിനിര്‍വഹണം നടപ്പാക്കാനും തെളിവ് എടുക്കാനും കഴിയത്തക്ക സംവിധാനമാണ് ഫോറന്‍സിക് വകുപ്പില്‍ നിലവിലുള്ളത്. പ്രൊമോഷന് വഴി പരിചയസമ്പന്നനായ ഒരു ഫോറന്‍സിക് സയന്റിസ്റ് നേടേണ്ട സ്ഥാനം ഒരു പോലീസ് ഉദ്യോഗസ്ഥന് നല്‍കുന്നത് എല്ലാ കേസുകളിലും ഭാവിയില്‍ പൊലീസിനെ വെള്ളപൂശുന്നതിനാണ്. ഫോറന്‍സിക് വകുപ്പിന്റെ സ്വതന്ത്ര സ്വഭാവമാണ് ഇതുവഴി നഷ്ടപ്പെടുക. ഡിജിപിയുടെ ആവശ്യം സര്‍ക്കാര്‍ തള്ളിക്കളയണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.