
കശുവണ്ടി കോര്പറേഷന് അഴിമതിക്കേസ് പ്രതിയായ ഉദ്യോഗസ്ഥന്റെ ശമ്പളം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ നീക്കം. കശുവണ്ടി അഴിമതിക്കേസിലെ ഒന്നാം പ്രതി കെ എ രതീഷിന്റെ ശമ്പളം 80,000ല്‍ നിന്നും 1,70,000 ആക്കി വര്‍ധിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. മറ്റ് ആനുകൂല്യങ്ങള്‍ കൂടി ചേരുന്നതോടെ ശമ്പളയിനത്തില്‍ രണ്ട് ലക്ഷത്തിലേറെ രൂപ വരും. ഖാദി ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണിത്. ശമ്പള വര്‍ധനവിന് അംഗീകാരം തേടി ഖാദി ബോര്‍ഡ് അംഗങ്ങള്‍ക്ക് രതീഷ് അയച്ച കത്തിന്റെ പകര്‍പ്പ് പുറത്തുവന്നു. ഖാദി ബോര്‍ഡ് സെക്രട്ടറിയായ രതീഷിന്റെ ശമ്പള വര്‍ദ്ധനവ് നടപടികള്‍ അന്തിമഘട്ടത്തിലെത്തി. അഴിമതിക്കേസിലെ പ്രോസിക്യൂഷന് ഒഴിവാക്കിയതിന് പിന്നാലെയാണ് ശന്വളം കൂട്ടുന്നത്.

2005-2015 കാലഘട്ടത്തില്‍ കശുവണ്ടി കോര്പറേഷന് എംഡിയായിരുന്നു കെ എ രതീഷ്. കാഷ്യു ഡെവലപ്മെന്റ് കോര്പറേഷന് വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ തോട്ടണ്ടി വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പരാതി ഉയര്‍ന്നതോടെയാണ് കശുവണ്ടി അഴിമതി വിവാദമാകുന്നത്. 2015 ഓണക്കാലത്ത് നടത്തിയ തോട്ടണ്ടി ഇടപാട് സര്‍ക്കാരിന് വലിയ നഷ്ടമുണ്ടാക്കിയെന്ന കേസ് വിജിലന്‍സ് എഴുതിത്തള്ളി. അഴിമതിയുണ്ടെന്നാരോപിച്ച് മനോജ് കടകംപള്ളി ഹൈക്കോടതിയെ സമീപിച്ചതിനേത്തുടര്‍ന്ന് സിബിഐ അന്വേഷണച്ചുമതലയേറ്റെടുത്തു. ഇറക്കുമതി വ്യവസ്ഥകള്‍ അട്ടിമറിച്ച് ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങിയതിലൂടെ കോര്പറേഷന് വന്‍ നഷ്ടമുണ്ടായെന്ന് സിബിഐ പ്രാഥമികാന്വേഷണത്തില്‍ തന്നെ കണ്ടെത്തി. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഗൂഢാലോചന, വഞ്ചന, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ തുടങ്ങിയവയാണ് രതീഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.