Top

‘ന്യൂനപക്ഷ ക്ഷേമപദ്ധതി നടത്തിപ്പിലെ വസ്തുതകള്‍ പുറത്തുവിടാത്തത് ദുരൂഹം’; മുഖ്യമന്ത്രിയുടെ നിസ്സംഗത വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നെന്ന് ജമാ അത്തെ ഇസ്ലാമി

സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ ക്ഷേമപദ്ധതികളെപ്പറ്റി ഏറെ സംശയങ്ങളും ആരോപണങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്ന് ജമാ അത്തെ ഇസ്ലാമി. ന്യൂനപക്ഷ ക്ഷേമപദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആരംഭിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ വസ്തുതകള്‍ ജനങ്ങളോട് വ്യക്തമാക്കാത്തത് ദുരൂഹമാണെന്ന് കേരള അമീര്‍ എം ഐ അബ്ദുള്‍ അസീസ് ആരോപിച്ചു. വസ്തുതകള്‍ പുറത്തുവിടാത്ത സാഹചര്യത്തില്‍ സാമുദായിക സ്പര്‍ധക്കും വര്‍ഗീയ ധ്രുവീകരണത്തിനും ആക്കം കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അബ്ദുള്‍ അസീസ് കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങള്‍ വഴിവിട്ട് ആനുകൂല്യങ്ങള്‍ […]

20 Jan 2021 10:45 AM GMT

‘ന്യൂനപക്ഷ ക്ഷേമപദ്ധതി നടത്തിപ്പിലെ വസ്തുതകള്‍  പുറത്തുവിടാത്തത് ദുരൂഹം’; മുഖ്യമന്ത്രിയുടെ നിസ്സംഗത വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നെന്ന് ജമാ അത്തെ ഇസ്ലാമി
X

സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ ക്ഷേമപദ്ധതികളെപ്പറ്റി ഏറെ സംശയങ്ങളും ആരോപണങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്ന് ജമാ അത്തെ ഇസ്ലാമി. ന്യൂനപക്ഷ ക്ഷേമപദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആരംഭിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ വസ്തുതകള്‍ ജനങ്ങളോട് വ്യക്തമാക്കാത്തത് ദുരൂഹമാണെന്ന് കേരള അമീര്‍ എം ഐ അബ്ദുള്‍ അസീസ് ആരോപിച്ചു. വസ്തുതകള്‍ പുറത്തുവിടാത്ത സാഹചര്യത്തില്‍ സാമുദായിക സ്പര്‍ധക്കും വര്‍ഗീയ ധ്രുവീകരണത്തിനും ആക്കം കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അബ്ദുള്‍ അസീസ് കുറ്റപ്പെടുത്തി.

ന്യൂനപക്ഷങ്ങള്‍ വഴിവിട്ട് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നു എന്ന് ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രചാരണം സംഘ്പരിവാര്‍ നടത്തുകയും സര്‍ക്കാറും ന്യൂനപക്ഷ ക്ഷേമവകുപ്പും മന്ത്രിയുമടക്കമുള്ളവരെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ചെയ്യുന്നു.

എം ഐ അബ്ദുള്‍ അസീസ്

മുസ്ലീം ന്യൂനപക്ഷത്തിന് ഏകപക്ഷീയമായി ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന ആരോപണം ഇതിനകം തന്നെ മറ്റു മതസമുദായങ്ങളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദുരൂഹത ഒഴിവാക്കാന്‍ പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച ധവളപത്രം പുറത്തിറക്കി ജനങ്ങളോട് യാഥാര്‍ഥ്യം തുറന്നുപറയാന്‍ മുഖ്യമന്ത്രി തയാറാകണം. വകുപ്പുമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കപ്പെട്ടിട്ടും സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് യഥാസമയം മറുപടി പറയാറുള്ള മുഖ്യമന്ത്രി തുടരുന്ന നിസംഗത വര്‍ഗീയ ചേരിതിരിവിന് സഹായകമാകുന്നുണ്ടെന്നും ജമാ അത്തെ ഇസ്ലാമി നേതാവ് കൂട്ടിച്ചേര്‍ത്തു.

സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ന്യൂനപക്ഷക്ഷേമ ഫണ്ടുകള്‍ സര്‍ക്കാര്‍ വീതിച്ചു നല്‍കുന്നത് നീതി പൂര്‍വ്വമല്ലെന്ന് ക്രൈസ്തവ സഭകള്‍ പരാതിപ്പെടുന്നതിനിടെയാണ് ജമാ അത്തെ ഇസ്ലാമിയുടെ പ്രതികരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ചര്‍ച്ച നടത്തിയിരുന്നു. വിഷയത്തില്‍ ഇടപെടുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി കര്‍ദിനാള്‍ ആലഞ്ചേരി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രതികരിച്ചു.

കേരളത്തിലെ ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആനുകൂല്യങ്ങളും പദ്ധതികളും ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയ്ക്ക് ആനുപാതികമായല്ല വിതരണം ചെയ്യുന്നതെന്നാരോപിച്ച് ദീപിക ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ വന്ന ലേഖനം ചര്‍ച്ചയായിരുന്നു.

ദീപിക ലേഖനത്തില്‍ പറയുന്നത്

2011ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 26.6 ശതമാനം മുസ്ലീംകളും 18.38 ശതമാനം ക്രൈസ്തവരുമാണ്. ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി വിഭജിച്ചാല്‍ ക്രൈസ്തവര്‍ക്ക് 40.9 ശതമാനം ലഭിക്കണം. മുസ്ലീംകള്‍ ഒഴികെയുള്ള മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 0.34 ശതമാനവും. എന്നിട്ടുമെന്തേ കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ 80:20 എന്ന അനുപാതത്തില്‍ പങ്കുവെയ്ക്കപ്പെടുന്നു എന്ന ചോദ്യത്തിന് ഇപ്പോഴുള്ള സര്‍ക്കാരും ജനപ്രതിനിധികളും ഉത്തരം പറയേണ്ടതുണ്ട്.

Next Story