Top

പെഗാസസ്: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ സാധ്യത

പെഗാസസില്‍ വിശദമായ ചര്‍ച്ചയ്ക്ക് തയ്യാറാകാതെ ഭരണപക്ഷവും പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് പ്രതിപക്ഷവും നില്‍ക്കുന്നതിനാലാണ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ ആലോചനകള്‍ നടക്കുന്നത്.

31 July 2021 1:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെഗാസസ്: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ സാധ്യത
X

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചിരുക്കാന്‍ സാധ്യത. പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയടക്കം ഫോണ്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ സഭ കലുഷിതമാകുന്ന പശ്ചാത്തലത്തിലാണ് നീക്കം. പെഗാസസ് വിവാദത്തില്‍ സഭ ചൂടുപിടിച്ചതോടെ തുടര്‍ച്ചയായി ഒമ്പതാം ദിവസവും പാര്‍ലമെന്റ് സ്തംഭിക്കുകയായിരുന്നു. ഈ സമ്മേളനകാലത്ത് അഞ്ച് ബില്ലുകള്‍ മാത്രമാണ് ആകെ പാസാക്കിയത്. പെഗാസസില്‍ വിശദമായ ചര്‍ച്ചയ്ക്ക് തയ്യാറാകാതെ ഭരണപക്ഷവും പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് പ്രതിപക്ഷവും നില്‍ക്കുന്നതിനാലാണ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ ആലോചനകള്‍ നടക്കുന്നത്.

പെഗാസസ് ഫോണ്‍ചോര്‍ത്തലില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന ആവശ്യത്തിലൂന്നിയാണ് ഇന്നലെവരെ പ്രതിപക്ഷം മുന്നോട്ടുപോയത്. സഭ കലുഷിതമായതിനെത്തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും തിങ്കളാഴ്ചവരെ നിര്‍ത്തിവെക്കുകയായിരുന്നു.

പ്രതിപക്ഷ നിരയിലെ ചില അംഗങ്ങളുടെ പെരുമാറ്റം വേദനിപ്പിച്ചെന്ന് സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള പറയുന്ന സ്ഥിതിയും കഴിഞ്ഞദിവസം ഉണ്ടായിരുന്നു. ബുധനാഴ്ച്ച പ്രതിപക്ഷ അംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റം തന്നെ വളരെ വേദനിപ്പിച്ചെന്ന് സ്പീക്കര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പെഗസസില്‍ ഒരേ നിലപാടില്‍ ഉറച്ചുനില്ക്കുമ്പോള്‍ പ്രതിപക്ഷത്തിന് പ്രതിഷേധിക്കാനല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രജ്ജന്‍ ചൗധരി സൂചിപ്പിച്ചു. പേപ്പറുകള്‍ കീറിയെറിഞ്ഞ അംഗങ്ങള്‍ മാപ്പുചോദിക്കാന്‍ പോലും തയ്യാറായില്ലെന്ന് പാര്‍ലമെന്റികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും ആരോപിക്കുകയായിരുന്നു.

Next Story