Top

ശീമാട്ടിയില്‍ നിന്നും ഭൂമി ഏറ്റെടുക്കല്‍; രാജമാണിക്യത്തിനെതിരായ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

ശീമാട്ടിയ്ക്കായി മാത്രം പ്രത്യേക കരാര്‍ ഉണ്ടാക്കിയെന്നും ശീമാട്ടിയെ വഴിവിട്ടുസഹായിച്ചെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.

2 Jan 2021 12:45 AM GMT

ശീമാട്ടിയില്‍ നിന്നും ഭൂമി ഏറ്റെടുക്കല്‍; രാജമാണിക്യത്തിനെതിരായ വിജിലന്‍സ് അന്വേഷണത്തിന് അനുമതി
X

കൊച്ചി മെട്രോയ്ക്കായി പ്രമുഖ വസ്ത്രവ്യാപാരസ്ഥാപനം ശീമാട്ടിയില്‍ നിന്ന് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് എറണാകുളം മുന്‍ ജില്ലാ കളക്ടര്‍ എംജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്‍കി. മെട്രോയ്ക്കായി ശീമാട്ടിയില്‍ നിന്ന് കൂടുതല്‍ തുകയ്ക്കാണ് ഭൂമി ഏറ്റെടുത്തതെന്നും ക്രമക്കേട് നടന്നെന്നും ചൂണ്ടിക്കാട്ടിയായിയരുന്നു രാജമാണിക്യത്തിനെതിരായ പരാതി. ശീമാട്ടിയ്ക്കായി മാത്രം പ്രത്യേക കരാര്‍ ഉണ്ടാക്കിയെന്നും ശീമാട്ടിയെ വഴിവിട്ടുസഹായിച്ചെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.

കേസിലെ തുടരന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ ഉത്തരവ് നല്‍കിയിരുന്നു. സ്ഥലമേറ്റെടുപ്പ് വ്യവസ്ഥകളില്‍ ശീമാട്ടിയ്ക്ക് മാത്രം ഇളവുണ്ടെന്ന് വാര്‍ത്തകള്‍ മുന്‍പ് വിവാദമായിരുന്നു. ആരോപണമുയര്‍ത്തിക്കാട്ടി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചിരുന്നത്.

കൊച്ചി മെട്രോ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ടവരെയുള്ള ഭൂമി സെന്റിന് 55 ലക്ഷം രൂപ വീതം നല്‍കിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍ ശീമാട്ടിയ്ക്ക് സെന്റിന് 80 ലക്ഷം രൂപ നല്‍കിയെന്നും ആരോപണമുണ്ട്. 55 ലക്ഷം രൂപ വീതം കിട്ടിയവര്‍ ശീമാട്ടിയുമായി ഉണ്ടാക്കിയ കരാര്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചാല്‍ സര്‍ക്കാരിന് 2000 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുമെന്ന് പരാതിക്കാരന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. രാജമാണിക്യത്തിനെതിരെ അഴിമതി നിരോധനനിയമപ്രകാരമാണ് അന്വേഷണം ആരംഭിക്കുന്നത്. നിലവില്‍ കേരള സ്റ്റേറ്റ് ഐറ്റി ഇന്‍ഫ്രാസ്‌ട്രെക്ചര്‍ എംഡിയാണ് രാജമാണിക്യം.

Next Story