
കണ്ണൂര്‍ യൂണിവേഴ്സിറ്റി എച്ച്ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്ക് എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ. പി എം സഹലയെ നിയമിക്കാന്‍ തിടുക്കം കാട്ടിയതായുള്ള ആരോപണത്തില്‍ ഗവര്‍ണര്‍ വിസിയോട് വിശദീകരണം തേടി. സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ പരാതിയിലാണ് ഗവര്‍ണറുടെ നടപടി.
പെരുമാറ്റ ചട്ടം മറികടന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സഹലയെ യുജിസി എച്ച് ആര്‍ഡി സെന്ററില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സ്ഥിരം നിയമനം നടക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ പരാതി.
അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ തിടുക്കപ്പെട്ട് ഇന്റര്‍വ്യു നടത്തുന്നതും ഡയറക്ടര്‍ തസ്തിക ഒഴിച്ചിട്ട് അസി. ഡയറക്ടറെ മാത്രം നിയമിക്കുന്നതിലും വിശദീകരണം നല്‍കേണ്ടത് യൂണിവേഴ്സിറ്റിയാണെന്നായിരുന്നു സഹലയുടെ നിലപാട്.
എംഎല്‍എയുടെ ഭാര്യയായതിനാല്‍ തന്നെ വേട്ടയാടുകയാണെന്നും മതിയായ യോഗ്യത ഉള്ളതുകൊണ്ടാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തതെന്നും വിവാദമുയര്‍ന്നപ്പോള്‍ ഡോ സഹല വ്യക്തമാക്കിയിരുന്നു.
യോഗ്യതയുണ്ടെങ്കില്‍ എനിക്ക് പോകാം. ഇത് ആരാണ് തീരുമാനിക്കേണ്ടത്. യൂണിവേഴ്സിറ്റിയാണ് ആരെ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടത്. എനിക്ക് ഇതുവരെ ഒരു പ്രത്യേക ആനുകൂല്യങ്ങളും കിട്ടിയിട്ടില്ല. കഠിനാധ്വാനത്തിലൂടെയാണ് ഓരോന്നും നേടിയത്. ഷംസീറിന്റെ ഭാര്യയായത് കൊണ്ടാണ് തനിക്ക് ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതെന്ന പ്രതിപക്ഷ ആരോപണം വളരെ തമാശയായിട്ടാണ് എനിക്ക് തോന്നുന്നത്. ഷംസീറിന്റെ ഭാര്യയായത് കൊണ്ട് ഞാന്‍ വീട്ടില്‍ ഹോം മേക്കറായി ഇരിക്കണം എന്നാണോ പറയുന്നത്.
ഡോ. പി എം സഹല
ഡോ പി എം സഹല അടക്കം 30 പേരാണ് അഭിമുഖത്തില്‍ പങ്കെടുത്തത്.