പ്രഫുലിന്റെ പ്രതികാരനടപടി; സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനും വിദ്യാര്‍ഥികളും അറസ്റ്റില്‍, അശ്ലീല സന്ദേശമെന്ന് ആരോപണം
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല വാട്സ്ആപ്പ് സന്ദേശമയച്ചു എന്നാരോപിച്ച് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ബത്ര ദ്വീപില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും അഗതി ദ്വീപില്‍ നിന്നുള്ള രണ്ട് വിദ്യാര്‍ത്ഥികളെയുമാണ് കസ്റ്റഡിയിലെടുത്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു മൂന്നുപേരെയും പിടികൂടി ചോദ്യം ചെയ്തത്. അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങള്‍ക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ അടക്കം ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് സൂചന. ഇതിനിടെ പ്രഫുല്‍ പട്ടേലിന്റെ നടപടികളെ തള്ളി ലക്ഷദ്വീപിലെ ബിജെപി നേതൃത്വം തന്നെ രംഗത്തെത്തിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്ത് […]
25 May 2021 9:37 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല വാട്സ്ആപ്പ് സന്ദേശമയച്ചു എന്നാരോപിച്ച് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ബത്ര ദ്വീപില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും അഗതി ദ്വീപില്‍ നിന്നുള്ള രണ്ട് വിദ്യാര്‍ത്ഥികളെയുമാണ് കസ്റ്റഡിയിലെടുത്തത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു മൂന്നുപേരെയും പിടികൂടി ചോദ്യം ചെയ്തത്. അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങള്‍ക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ അടക്കം ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് സൂചന.
ഇതിനിടെ പ്രഫുല്‍ പട്ടേലിന്റെ നടപടികളെ തള്ളി ലക്ഷദ്വീപിലെ ബിജെപി നേതൃത്വം തന്നെ രംഗത്തെത്തിയിട്ടുണ്ട്.
അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്ത് നിന്നും പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് ബിജെപി ജനറല്‍ സെക്രട്ടറി എച്ച് കെ മുഹമ്മദ് കാസിം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ട്. പ്രഫുല്‍ പട്ടേലിന്റെ ഭാഗത്ത് നിന്നും തങ്ങള്‍ക്ക് യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്ന് അറിയിച്ചുകൊണ്ടാണ് കത്തയച്ചത്. ദ്വീപിലെ വിവിധ വകുപ്പിലായി നടപ്പിലാക്കിയ എല്ലാ ക്ഷേമ പ്രവര്‍ത്തനങ്ങളും പ്രഫുല്‍ പട്ടേല്‍ എടുത്ത് മാറ്റിയെന്നും ഇത് ദ്വീപ് വാസികളുടെ ജീവിതം ദുസ്സഹമാക്കിയെന്നും കാസിം കത്തിലൂടെ അറിയിച്ചു.
പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തിയ ശേഷം നടപ്പിലാക്കിയ ഓരോ കാര്യങ്ങളും ജനജീവിതത്തെ എത്തരത്തില്‍ ദുസ്സഹമാക്കിയെന്ന് കൃത്യമായി പ്രതിപാദിച്ചുകൊണ്ടാണ് കത്ത് അയച്ചിരിക്കുന്നത്. കന്നുകാലി പരിപാലനം, മത്സ്യകൃഷി ഉള്‍പ്പെടുന്ന കാര്‍ഷിക മേഖലയില്‍ യാതൊരു ചര്‍ച്ചകളും കൂടാതെ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രൊജക്ടുകള്‍ നിര്‍ത്തിവെച്ചത്, പത്ത് വര്‍ഷം വരെ യോഗ്യതയുള്ള താല്‍ക്കാലിക ജീവനക്കാരെ വിശദീകരണം കൂടാതെ പിരിച്ചുവിട്ടു, 10 ലധികം അധ്യപകരെ പിരിച്ചുവിട്ടു.
15 ഓളം വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു, ഇത് കൂടാതെ 15 ഓളം വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കത്തില്‍ പരാമര്‍ശിക്കുന്നു. നിലവിലെ ദ്വീപിലെ സാഹചര്യം ദുസഹമാണെന്ന് പറഞ്ഞ അവസാനിപ്പിക്കുന്നതാണ് കാസിമിന്റെ കത്ത്.
ഇതിനിടെ ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ആവശ്യം ഉയര്‍ത്തി എംഎല്‍എയും സംസ്ഥാന പ്രസിഡണ്ടുമായ ഷാഫി പറമ്പില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്കി. അഡ്മിനിട്രേറ്റരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചും നടത്തി.