Top

‘ആർഎംപി നേതാക്കൾക്ക് സര്‍ക്കാര്‍ സുരക്ഷ നൽകണം’; മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്‍റെ കത്ത്

ആര്‍എംപി നേതാക്കള്‍ക്കെതിരായ ഭീഷണിക്കത്തിന്‍റെ പശ്ചാത്തലത്തില്‍ ആർ എം പി നേതാവ് കെ കെ രമയുടെ കുടുംബത്തിനും പാർട്ടി സെക്രട്ടറി വേണുവിനും സർക്കാർ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കേരള ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകമായിരുന്നു ടി പി ചന്ദ്രശേഖരന്റേത്. ടി പി വധക്കേസ് പ്രതികൾക്ക് ജയിലിലും അഴിഞ്ഞാടാൻ സർക്കാർ സൗകര്യം ഒരുക്കിയതിന്റെ പരിണിത ഫലമാണ് ആർ എം പി സെക്രട്ടറി വേണുവിനും കെ കെ രമ എംഎൽഎയുടെ […]

20 July 2021 9:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ആർഎംപി നേതാക്കൾക്ക് സര്‍ക്കാര്‍ സുരക്ഷ നൽകണം’; മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്‍റെ കത്ത്
X

ആര്‍എംപി നേതാക്കള്‍ക്കെതിരായ ഭീഷണിക്കത്തിന്‍റെ പശ്ചാത്തലത്തില്‍ ആർ എം പി നേതാവ് കെ കെ രമയുടെ കുടുംബത്തിനും പാർട്ടി സെക്രട്ടറി വേണുവിനും സർക്കാർ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

കേരള ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകമായിരുന്നു ടി പി ചന്ദ്രശേഖരന്റേത്. ടി പി വധക്കേസ് പ്രതികൾക്ക് ജയിലിലും അഴിഞ്ഞാടാൻ സർക്കാർ സൗകര്യം ഒരുക്കിയതിന്റെ പരിണിത ഫലമാണ് ആർ എം പി സെക്രട്ടറി വേണുവിനും കെ കെ രമ എംഎൽഎയുടെ മകനും എതിരായ വധഭീഷണി. എന്നാല്‍ ഭീഷണികൊണ്ട് രമയുടേയും ആർഎ.പിയുടേയും പോരാട്ട വീര്യത്തെ തകർക്കാനാകില്ലെന്നും ജനാധിപത്യ കേരളം അവരെ ഹൃദയത്തോട് ചേർത്ത് നിർത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കെ കെ രമ എംഎല്‍എയുടെ ഓഫീസ് വിലാസത്തിലെത്തിയ കത്തിലായിരുന്നു ഭീഷണി സന്ദേശമുള്ളത്. ചാനല്‍ ചര്‍ച്ചയില്‍ എഎന്‍ ഷംസീറിനെതിരെ ഒരു ആര്‍എംപിക്കാരനും സംസാരിക്കരുത് എന്നായിരുന്നു കത്തിലെ പ്രധാന പരാമര്‍ശം. ടിപിയുടെ മകനെയും ആര്‍ എംപി നേതാവ് എന്‍ വേണുവിനെതിരെയുമാണ് കത്ത്. സംഭവത്തില്‍ എന്‍ വേണു വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കി. റെഡ് ആര്‍മി കണ്ണൂര്‍ പി ജെ ബോയ്സ് എന്നാണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കെ കെ രമയുടെ മകനെ അധികം വളര്‍ത്തില്ലെന്നും കത്ത് പറയുന്നു. എന്‍ വേണുവിനെ അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. കോഴിക്കോട് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് വിവരം.

ടിപി ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദിനെ മൃഗീയമായി വകവരുത്തുമെന്നാണ് കത്തിലെ പ്രധാന പരാമര്‍ശം. 2012 ല്‍ ടിപി കൊല്ലപ്പെടുന്നതിന് മുന്‍പും സമാനമായ ഭീഷണികള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. ടിപി കൊല്ലപ്പെടതിന് ശേഷവും കെ കെ രമയും കുടുംബവും ഭീഷണി നേരിട്ടിരുന്നു എങ്കിലും ഇതാദ്യമായാണ് അഭിനന്ദിനെതിരെ ഒരു ഭീഷണി ലഭിക്കുന്നത്. വധഭീഷണിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, ഭീഷണിയിലൂടെ ആര്‍എംപിയെ ഭയപ്പെടുത്തി തീര്‍ക്കാമെന്ന് ആരും കരുതേണ്ടെന്ന് കെ കെ രമ എംഎല്‍എ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. ആര് ഭയപ്പെടുത്തിയാലും ഭയപ്പെടുത്തുന്ന രാഷ്ട്രീയമല്ല ആര്‍എംപിയുടേത്. ഓല പാമ്പിനെ കാട്ടി ഭയപ്പെടുത്തേണ്ട. എന്നാല്‍ ആരാണ് കത്തിന് പിന്നില്‍ എന്ന് പോലീസ് കണ്ടെത്തണമെന്നും കെ കെ രമ ആവശ്യപ്പെട്ടു. ഷംസീറിനെതിരെ സംസാരിക്കരുത് എന്നാണ് പ്രധാന ഭീഷണി. എന്നാല്‍ സംസാരിക്കേണ്ട വിഷയങ്ങളില്‍ ഇനിയും ഷംസീര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് എതിരെ അതിശക്തമായി രംഗത്ത് വരുമെന്നും കെ കെ രമ ചൂണ്ടിക്കാട്ടി.

Also Read: ‘എന്താ ഷംസീറിനെതിരെ പറഞ്ഞാല്‍…? ഇനിയും പറയും’; അഭിനന്ദിന്റെ രാഷ്ട്രീയ ഇടപെടലിലും പ്രതികരിച്ച് കെകെ രമ

Next Story