Top

നിയമസഭാസമ്മേളനം 24,25 തിയതികളില്‍; പ്രോട്ടേം സ്പീക്കര്‍ അഡ്വ. പിടിഎ റഹീം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സഭയുടെ ആദ്യ സമ്മേളനം ഈ മാസം 24,25 തീയ്യതികളില്‍ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുന്നമംഗലം എംഎല്‍എയായ അഡ്വ. പിടിഎ റഹീമിനെ പ്രോട്ടേം സ്പീക്കറായി നിയമിക്കാനും സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യും. സംസ്ഥാനത്തിന്റെ അഡ്വ. ജനറലായി അഡ്വ. കെ ഗോപാലകൃഷ്ണകുറുപ്പിനെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി അഡ്വ. ടി എ ഷാജിയെയും നിയമിക്കും. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് ഉപാധ്യക്ഷനായി ശ്രീ വി കെ രാമചന്ദ്രനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് […]

20 May 2021 10:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയമസഭാസമ്മേളനം 24,25 തിയതികളില്‍; പ്രോട്ടേം സ്പീക്കര്‍ അഡ്വ. പിടിഎ റഹീം
X

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സഭയുടെ ആദ്യ സമ്മേളനം ഈ മാസം 24,25 തീയ്യതികളില്‍ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കുന്നമംഗലം എംഎല്‍എയായ അഡ്വ. പിടിഎ റഹീമിനെ പ്രോട്ടേം സ്പീക്കറായി നിയമിക്കാനും സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യും.

സംസ്ഥാനത്തിന്റെ അഡ്വ. ജനറലായി അഡ്വ. കെ ഗോപാലകൃഷ്ണകുറുപ്പിനെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി അഡ്വ. ടി എ ഷാജിയെയും നിയമിക്കും. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് ഉപാധ്യക്ഷനായി ശ്രീ വി കെ രാമചന്ദ്രനെ നിയമിച്ചു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംപിയുമായ കെ കെ രാഗേഷിനെ നിയമിച്ചു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ദിനേശന്‍ പുത്തലത്ത് പൊളിറ്റിക്കല്‍ സെക്രട്ടറിയായി തുടരും. നിലവിലെ പ്രൈവറ്റ് സെക്രട്ടറി ആര്‍ മോഹന്‍ ഐപിഎസ് ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി എന്ന ചുമതലയില്‍ ഓഫീസില്‍ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലൈഫ് മിഷന്‍ ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ മിഷനുകളെല്ലാം തുടരുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: ‘വിവാദങ്ങളിലല്ല, വികസനത്തിലാണ് ജന താല്‍പര്യം; ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം മേഖലകള്‍ക്ക് മുന്‍ഗണന’; അഞ്ചുവര്‍ഷത്തിനുള്ളില്‍ അതിദാരിദ്യം ഉന്മൂലം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്:

ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഇടതുപക്ഷ ജനാധിപത്യമുന്നണി മന്ത്രിസഭയുടെ ആദ്യ യോഗം ചേര്‍ന്നു. ത്യാഗപൂര്‍ണമായ സമരസ്മരണകള്‍ തുടിക്കുന്ന വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്രവയലാര്‍ രക്തസാക്ഷികളും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യപഥികരായ സമുന്നത നേതാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടിലും പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് കമ്യൂണിസ്റ്റ് പാര്‍ടികളിലെ മന്ത്രിമാര്‍ സത്യപ്രതിജ്ഞയ്‌ക്കെത്തിയത്. ഇന്നത്തെ കേരളം രൂപപ്പെട്ടതിന് ആധാരമായ സമരമുന്നേറ്റങ്ങളെയാകെ സ്മരിക്കേണ്ട ഘട്ടമാണിത്. ഐക്യകേരളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ സ. ഇ എം എസിന്റെ നേതൃത്വത്തില്‍ വന്നപ്പോള്‍ ജനങ്ങള്‍ നിറഞ്ഞ പ്രതീക്ഷയോടെയാണ് അതിനെ സ്വീകരിച്ചത്.

നാം ഇന്ന് അഭിമാനപൂര്‍വം ഉയര്‍ത്തിക്കാട്ടുന്ന സാമൂഹ്യപുരോഗതിയുടെ അടിത്തറയാണ് കമ്യൂണിസ്റ്റ് പാര്‍ടി നയിച്ച സര്‍ക്കാര്‍ പാകിയത്. ആ സര്‍ക്കാരിനെ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല. 1957 മുതല്‍ക്കിങ്ങോട്ട് ഇടതുപക്ഷം നയിച്ച എല്ലാ സര്‍ക്കാരുകളും നാടിനുവേണ്ടി നവീനമായ ബദലുകള്‍ അവതരിപ്പിച്ചു; ജനങ്ങള്‍ക്കു വേണ്ടിയുള്ള ദീര്‍ഘകാല നയപരിപാടികള്‍ ആവിഷ്‌കരിച്ചു. എന്നാല്‍, അവയുടെ തുടര്‍ച്ച ഭരണമാറ്റത്തോടെ ഇല്ലാതാകുന്ന അനുഭവമാണ് പലപ്പോഴും ഉണ്ടായത്. ആ പശ്ചാത്തലത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തുടര്‍ഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ പുതിയ തുടക്കമാണ്. കേരളത്തിന് മുന്നോട്ടുള്ള പാതയൊരുക്കാന്‍ ദീര്‍ഘദൃഷ്ടിയുള്ള ഇടപെടലുകളാണ് കഴിഞ്ഞ അഞ്ചുവര്‍ഷം എല്ലാ പ്രതിബന്ധങ്ങളെയും നേരിട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയത്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടാകുന്നത്.

ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ ബില്ലും അധികാര വികേന്ദ്രീകരണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും സാമൂഹ്യനീതി ഉറപ്പാക്കാനുള്ള ഇടപെടലും ഇടതുപക്ഷം നയിച്ച സര്‍ക്കാരുകളാണ് നടത്തിയത്. ആ അടിത്തറയില്‍ നിന്നുകൊണ്ട് കേരള വികസനത്തിന്റെ പുതിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും പഴയ നേട്ടങ്ങളെ ഉറപ്പിച്ചുനിര്‍ത്താനുമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം സര്‍ക്കാര്‍ പരിശ്രമിച്ചത്.

കാര്‍ഷികവ്യവസായ മേഖലകളുടെ ഉന്നമനം, പരമ്പരാഗത മേഖലയുടെ സംരക്ഷണം, പശ്ചാത്തല സൗകര്യവികസനം, ഉന്നത വിദ്യാഭ്യാസ മേഖലയുടെ നവീകരണം തുടങ്ങിയവ പ്രകടനപത്രികയില്‍ തന്നെ ഉള്‍പ്പെടുത്തിയിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണവും പൊതു സംവിധാനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തലും പ്രത്യേക അജണ്ടയായി തന്നെ ഏറ്റെടുത്തു. സമ്പദ്ഘടനയിലെ പരിമിത വിഭവങ്ങളെ ഉല്‍പാദനക്ഷമവും സാമൂഹിക പ്രധാന്യമുള്ളതുമായ പദ്ധതികള്‍ക്കായി വിനിയോഗിക്കാനുള്ള ആസൂത്രണമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. കിഫ്ബിയുടെ രൂപീകരണം, ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്നിവ എടുത്തുപറയേണ്ടതാണ്. ഈ ഇടപെടലുകള്‍ കേരളത്തിന്റെ വികസനരംഗത്ത് വലിയ കുതിപ്പാണ് ഉണ്ടാക്കിയത്. ഓരോ വര്‍ഷവും പൂര്‍ത്തിയാക്കിയ വാഗ്ദാനങ്ങള്‍ പ്രോഗ്രസ് റിപ്പോര്‍ട്ടായി ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത് രാജ്യത്തിനാകെ മാതൃകയായി. പൊതുമേഖലയെ നഷ്ടക്കണക്കിന്റെ ഇടവേളയില്‍നിന്ന് മോചിപ്പിച്ച് ലാഭത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. മുടങ്ങിക്കിടന്ന ഗെയില്‍ പൈപ്പ്‌ലൈനും ദേശീയാപാതാ വികസനവും വൈദ്യുതി പ്രസരണപദ്ധതികളും യാഥാര്‍ത്ഥ്യമാക്കി. അതോടൊപ്പം വിജ്ഞാനസമൂഹത്തെ വികസിപ്പിക്കുന്നതിനുള്ള കെഫോണ്‍ പോലുള്ള ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടുപോയി. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കുതിപ്പുണ്ടാക്കി.

ഓഖിയും നിപയും നമ്മെ വിഷമിപ്പിച്ച ദുരന്തങ്ങളായിരുന്നു. എറ്റവും പ്രയാസം അനുഭവിക്കുന്ന ജനത ഉള്‍പ്പെടെ അണിചേര്‍ന്ന രക്ഷാ മതിലുയര്‍ത്തിക്കൊണ്ടാണ് പ്രളയ ദുരന്തത്തെ നാം അതിജീവിച്ചത്. തുടര്‍ന്നാണ് കോവിഡ് 19ന്റെ വ്യാപനം ഉണ്ടായത്. അത് പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുമ്പോട്ടുകൊണ്ടുപോകുന്ന ഘട്ടമാണിത്. ലോക്ക്ഡൗണ്‍ അടക്കമുള്ള പ്രതിരോധ നടപടികളില്‍ നാം മുഴുകുമ്പോള്‍ സ്വാഭാവികമായും ജനജീവിതം താളംതെറ്റും. അവ മറികടക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെ നടപ്പിലാക്കിയ പ്രവര്‍ത്തനപദ്ധതികള്‍ക്ക് രാജ്യത്ത് ആദ്യമായി രൂപം നല്‍കാന്‍ നമുക്ക് കഴിഞ്ഞു. 20000 കോടി രൂപയുടെ പാക്കേജിനും തുടര്‍ന്ന് നാട്ടിലെ ഉല്‍പാദന മേഖല ശക്തിപ്പെടുത്തി തൊഴിലില്ലായ്മ ഉള്‍പ്പെടെ പരിഹരിക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതികള്‍ക്കും രൂപം നല്‍കി.

Also Read: ‘പടച്ച് വിടാന്‍ സാധ്യതയുള്ള എല്ലാ നുണകളേയും പൊളിച്ചടുക്കും’; പിണറായിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് സോഷ്യല്‍ മീഡിയ

മതനിരപേക്ഷതയിലും നവോത്ഥാന മൂല്യങ്ങളിലും അടിയുറച്ചുനില്‍ക്കുന്ന പാരമ്പര്യം സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ ശക്തമായി ഇടപെട്ടു. പൗരത്വഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കുകയില്ലെന്ന് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പല ഭാഗത്തും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ആളിപ്പടര്‍ന്നപ്പോഴും മതസൗഹാര്‍ദത്തിന്റെ നാടായി കേരളത്തെ നിലനിര്‍ത്തുമെന്ന വാഗ്ദാനം നടപ്പാക്കാനായി എന്നതാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഒരു പ്രധാന നേട്ടം.

പ്രകടനപത്രികയിലെ 600ല്‍ 580 വാഗ്ദാനങ്ങളും നടപ്പിലാക്കിയത് അനേകം പ്രതിസന്ധികളെ മറികടന്നുകൊണ്ടാണ്. ഈ നേട്ടങ്ങളെ തമസ്‌ക്കരിക്കുന്നതിനു പലതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന് നമുക്കറിയാം. ഒരു കാര്യം മാത്രം ഓര്‍ക്കേണ്ടതുണ്ട്. ജനങ്ങള്‍ക്ക് താത്പര്യം അര്‍ത്ഥശൂന്യമായ വിവാദങ്ങളിലല്ല, നാടിന്റെ വികസനത്തിലാണ്. അനാവശ്യ സംഘര്‍ഷമല്ല, സമാധാനപരമായ ജീവിതമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതിന് ആര് സന്നദ്ധമാകുന്നുവോ അവര്‍ക്കൊപ്പമായിരിക്കും ജനങ്ങളെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. അതിനെ മറികടക്കാന്‍ ജാതി, വര്‍ഗീയ വികാരങ്ങള്‍ കുത്തിപ്പൊക്കി തങ്ങളുടെ ഇംഗിതങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അതിനോടൊപ്പം നില്‍ക്കാന്‍ കേരളജനത തയ്യാറാകില്ല.

തുടര്‍ഭരണത്തിലേക്ക് വരുമ്പോള്‍ ഏറ്റവും കൃത്യമായി പറയേണ്ടത് കഴിഞ്ഞ അഞ്ചുവര്‍ഷം ജനങ്ങളും സര്‍ക്കാരും തമ്മിലുണ്ടായ പാരസ്പര്യത്തെക്കുറിച്ചാണ്. ജനങ്ങളുടെ പരിപൂര്‍ണ പങ്കാളിത്തത്തിലൂടെയാണ് ഓരോ പ്രതിസന്ധികളെയും കേരളം അതിജീവിച്ചത്. ആ പങ്കാളിത്തവും സഹകരണവും തന്നെയാണ് ഇന്നാട്ടില്‍ അനന്യമായ വികസനക്കുതിപ്പിന് കാരണമായതും.
പ്രളയകാലത്ത് ഓരോരുത്തരും സ്വയം രക്ഷാദൗത്യമേറ്റെടുത്ത് അപകടകരമായ സാഹചര്യങ്ങളില്‍ പോലും ത്യാഗസന്നദ്ധതയോടെ രംഗത്തിറങ്ങുന്നത് നാം കണ്ടു. മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമെന്ന് വിളിക്കാന്‍ കാരണമായത് അവര്‍ കാണിച്ച ത്യാഗപൂര്‍ണമായ രക്ഷാപ്രവര്‍ത്തനമാണ്. ജനങ്ങള്‍ ശ്രദ്ധയോടെയും ജാഗ്രതയോടെയും പ്രതികരിച്ചിരുന്നില്ലെങ്കില്‍ നിപ എന്ന അപകടകാരിയായ വൈറസിന്റെ ആക്രമണം നമുക്ക് തടഞ്ഞുനിര്‍ത്താന്‍ കഴിയില്ലായിരുന്നു.

കേരളത്തിന്റെ പുരോഗതിക്ക് അടിത്തറ പാകിയ വന്‍കിട പദ്ധതികള്‍ സാക്ഷാല്‍കരിക്കുന്നതിലും ജനങ്ങള്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കി. ഇപ്പോള്‍ ഈ കോവിഡ് കാലത്ത് കേരളം മാതൃകാപരമായി വേറിട്ടുനില്‍ക്കുന്നത് കോവിഡ് പ്രതിരോധം എന്നത് ജനപങ്കാളിത്തമുള്ള ജീവത്തായ ഒരു പ്രക്രിയയായി നാം മാറ്റിയെടുത്തതിലൂടെയാണ്. ജനങ്ങളുടെ സഹകരണമാണ് സര്‍ക്കാരിന്റെ കരുത്തായത്. അത് ഇനിയും തുടരുമെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി തെളിയിക്കുന്നത്. ജനങ്ങളോടൊപ്പമാണ്, ജനങ്ങള്‍ക്കു വേണ്ടിയാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക.

നമുക്ക് ഇനിയുമേറെ മുന്നോട്ടുപോകേണ്ടതുണ്ട്. അതിനുപകരിക്കുന്ന കര്‍മ്മപദ്ധതിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പുതിയ പ്രകടനപത്രികയില്‍ വിഭാവനം ചെയ്യുന്നത്. 50 ഇന പ്രധാന പരിപാടിയും അനുബന്ധമായി 900 വാഗ്ദാനങ്ങളുമാണ് ഇതില്‍ മുന്നോട്ടുവച്ചിട്ടുള്ളത്. അവ പൂര്‍ണ്ണമായും നടപ്പിലാക്കി മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. സാമൂഹ്യമേഖലകളിലെ പ്രത്യേകിച്ചും ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം എന്നീ രംഗത്തുണ്ടായ നേട്ടങ്ങളെ ശക്തിപ്പെടുത്തുന്ന നടപടികള്‍ സ്വീകരിക്കും. സാമൂഹ്യക്ഷേമം, സാമൂഹ്യ നീതി, ലിംഗ നീതി, സ്ത്രീസുരക്ഷ എന്നിവയെയും കൂടുതല്‍ ശാക്തീകരിക്കുന്നതിനുള്ള നടപടികളുണ്ടാകും. ഇവയെ സമ്പദ്ഘടനയുടെ ഉല്പാദനശേഷി വര്‍ധിപ്പിക്കാനുള്ള അടിസ്ഥാനമായി ഉപയോഗിക്കും. ശാസ്ത്രം, സാങ്കേതിക വിദ്യ, നൂതന നൈപുണികള്‍, വിജ്ഞാന സമ്പദ്ഘടനയില്‍ ലഭ്യമായ നൈപുണികള്‍ എന്നിവയെ കൃത്യമായി പ്രയോജനപ്പെടുത്തി കൃഷി, അനുബന്ധമേഖലകള്‍, നൂതനവ്യവസായം, അടിസ്ഥാന സൗകര്യ വികസനം, വരുമാനോല്‍പാദന സേവനങ്ങള്‍ എന്നിവയെ മെച്ചപ്പെടുത്തും. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം എന്നത് ഉന്‍മൂലനം ചെയ്യും. അഗതിയായ ഓരോ വ്യക്തിയേയും ദാരിദ്ര്യത്തില്‍ കഴിയുന്ന ഓരോ കുടുംബത്തെയും കണ്ടെത്തി പ്രാദേശികവും ഗാര്‍ഹികവുമായ പദ്ധതികളിലൂടെ ദാരിദ്ര്യരേഖക്ക് മുകളില്‍ കൊണ്ടുവരും.

ഉന്നതവിദ്യാഭ്യാസത്തെ നവീകരിക്കാനും വളര്‍ത്താനും പ്രത്യേക നയം രൂപപ്പെടുത്തും. അതിലൂടെ കേരളത്തിലെ യുവാക്കള്‍ക്ക് ആധുനിക സമ്പദ്ഘടനയില്‍ ലഭ്യമായ ഏറ്റവും മികച്ച വിദഗ്ദ തൊഴിലുകള്‍ സൃഷ്ടിക്കും. അഞ്ചുവര്‍ഷം കൊണ്ട് ആധുനികവും ഉയര്‍ന്ന തൊഴില്‍ ശേഷിയുള്ളതുമായ ഉല്‍പാദനപരമായ സമ്പദ്ഘടന സൃഷ്ടിക്കും. അടുത്ത 25 വര്‍ഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലെ തന്നെ വികസിത രാഷ്ട്രങ്ങള്‍ക്ക് സമാനമാക്കുക എന്നതാണ് ലക്ഷ്യം. നാടിന്റെ വികസനം അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നത് എറ്റവും അടിത്തട്ടില്‍ കഴിയുന്ന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിലൂടെയാണ്. തൊഴിലവസരങ്ങള്‍ കൂടുതല്‍ ഉറപ്പുവരുത്തുക എന്നതിന് ഊന്നല്‍ നല്‍കും. ഒരാളെയും ഒഴിച്ചുനിര്‍ത്താത്ത വികസന കാഴ്ചപ്പാടാണ് ഉയര്‍ത്തിപ്പിടിക്കുക.
കാര്‍ഷിക മേഖലയില്‍ ‘ഉല്‍പാദനക്ഷമത, ലാഭ സാധ്യത, സുസ്ഥിരത’ എന്ന മുദ്രാവാക്യം നടപ്പിലാക്കും. ഓരോ വിളയുടെയും ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യം നിശ്ചയിക്കും. അഞ്ചു വര്‍ഷം കൊണ്ട് നെല്ലിന്റെയും പച്ചക്കറിയുടെയും ഉല്‍പാദനം ഇരട്ടിപ്പിക്കാനുള്ള ശേഷി നമുക്കുണ്ട്.

കൃഷി, ജലസേചനം എന്നീ വകുപ്പുകളുടെ ഇടപെടലുകളെ സഹകരണ മേഖലയുമായും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സമന്വയിപ്പിക്കും. ശാസ്ത്രീയ കൃഷിരീതികള്‍ ഏറ്റെടുക്കുന്നതിമ്പദ്ധതി തയ്യാറാക്കും. മൂല്യവര്‍ധനവിലും മാര്‍ക്കറ്റിങ്ങിലും ശ്രദ്ധ കേന്ദ്രീകരിക്കും.

Also Read: ‘സിപിഐഎമ്മിനും സിപിഐയ്ക്കും ഒറ്റയ്ക്ക് ഭരിക്കാമായിരുന്നു, എങ്കിലും ഞങ്ങളെയും പരിഗണിച്ചതില്‍ അഭിനന്ദനം’; അഹമ്മദ് ദേവര്‍കോവില്‍

ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍ക്കുള്ള സാധ്യതപ്രയോജനപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കും. നാളികേരത്തിന്റെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും സംസ്‌കരണത്തിന് വ്യവസായ ശാലകളുടെ ശ്രേണി സജ്ജമാക്കും. റബ്ബറിന്റെയും മറ്റും മൂല്യവര്‍ദ്ധനയ്ക്ക് പോളിമര്‍ സയന്‍സ് ആന്റ് ടെക്‌നോളജി അടിസ്ഥാനമാക്കി മികവിന്റെ കേന്ദ്രം രൂപീകരിക്കും. ഭൂവിനിയോഗ പദ്ധതി, വിള പദ്ധതി, തണ്ണീര്‍ത്തട പദ്ധതി എന്നിവ ആവിഷ്‌കരിച്ച് ആസൂത്രണം നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും. പ്രാദേശിക തണ്ണീര്‍ത്തടങ്ങളെ മെച്ചപ്പെടുത്തും. കാരാപ്പുഴ, ബാണാസുര സാഗര്‍, പഴശ്ശി, ഇടമലയാര്‍ പദ്ധതികള്‍ 202324ഓടെ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കും. മഴവെള്ളം കടലിലേക്ക് ഒഴുക്കിക്കളയാതെ സംഭരിക്കുന്ന വലിയ ജലസംഭരണികള്‍ ഒരുക്കുന്നത് പരിഗണിക്കും. ഇത് വേനല്‍ കാലത്തെ ജലസേചനവും കുടിവെള്ളത്തിന്റെ ലഭ്യതയും ഉറപ്പുവരുത്തും.

കൃഷിയുമായി ബന്ധപ്പെട്ട വകുപ്പുതല അനുബന്ധ സംവിധാനങ്ങള്‍ പരിഷ്‌കരിക്കും. കൃഷിഭവനുകളെ സ്മാര്‍ട്ട് കൃഷി ഭവനുകളാക്കി കൃഷിക്കാര്‍ക്ക് ലഭിക്കുന്ന അനുബന്ധ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തും. കാര്‍ഷിക സര്‍വകലാശാലയുടെയും ബന്ധപ്പെട്ട ശാസ്ത്രഗവേഷണ സ്ഥാപനങ്ങളുടെയും ശേഷി പൂര്‍ണമായും വിനിയോഗിക്കും. സംസ്ഥാനത്തെ മുഴുവന്‍ ഭൂരേഖകളുടെയും സമകാലിക വിവരങ്ങള്‍ ഉള്‍ച്ചേര്‍ക്കാന്‍ സമയബന്ധിത പദ്ധതി നടപ്പാക്കും. വനഭൂമിയുടെ അതിര്‍ത്തികള്‍ കൃത്യമായി രേഖപ്പെടുത്താന്‍ ഉപകരിക്കുന്ന വിധത്തില്‍ ആ പദ്ധതിയെ സംയോജിപ്പിക്കും.
2025ഓടെ പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ ലക്ഷ്യമിടുന്നു. മാംസം, മുട്ട എന്നിവയുടെ ഉല്‍പാദനത്തില്‍ വരുന്ന അഞ്ചുവര്‍ഷം കൊണ്ട് എത്ര വളര്‍ച്ച കൈവരിക്കണമെന്ന ലക്ഷ്യത്തോടെ മിഷന്‍ മോഡില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ഉള്‍നാടന്‍ മത്സ്യക്കൃഷി ഉല്‍പാദനത്തിലും വിസ്തീര്‍ണത്തിലും കൃത്യമായ ലക്ഷ്യംവച്ച് ഇടപെടും.

അടുത്ത അഞ്ചു വര്‍ഷം കൊണ്ട് സാങ്കേതിക വിദ്യയിലേതുള്‍പ്പെടെ കൊണ്ടുവരുന്ന മാറ്റങ്ങളിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിക്കും.വ്യവസായ വികസനം ആസൂത്രണം ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് സജീവമാക്കും. നീര്‍ത്തടാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും സമ്പൂര്‍ണ്ണ ശുചിത്വം കൈവരിക്കുന്നതിനും ഹരിത കേരള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും എല്ലാ തലത്തിലും യോജിച്ചു പ്രവര്‍ത്തിക്കാനുള്ള സാധ്യത ഒരുക്കും. വ്യവസായ ഇടനാഴി, തുറമുഖം, ഷിപ്പിങ്ങ്, ലോജിസ്റ്റിക്‌സ്, ഉള്‍നാടന്‍ ജലഗതാഗതം എന്നിവയുടെ വികസനത്തിലൂടെ അവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ വളര്‍ച്ച ഉറപ്പുവരുത്തും.പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കശുവണ്ടി, കൈത്തറി മുതലായവയുടെ നവീകരണത്തിന് കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. പരമ്പരാഗത വ്യവസായങ്ങള്‍ നവീകരിച്ച് ഓരോ തൊഴിലാളിക്കും കൂടുതല്‍ മൂല്യവര്‍ധനവ് സാധ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

ഐടി വകുപ്പ്, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, കേരളത്തിലെ ഐടി വ്യവസായം എന്നിവ സംയുക്തമായി പ്രത്യേക വെബ് പോര്‍ട്ടലിലൂടെ കേരളത്തില്‍ നിക്ഷേപിക്കാനോ പഠിപ്പിക്കാനോ ജോലി ചെയ്യാനോ ആഗ്രഹിക്കുന്ന എല്ലാ സംരംഭകരെയും ഐടി വിദഗ്ധരുമായും പ്രൊഫഷണലുകളുമായും ബന്ധിപ്പിക്കും.ഐടി വിദ്യാര്‍ഥികളെ പഠിപ്പിക്കാനും അവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും നിലവില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകളെ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന മാര്‍ഗരേഖ ആറുമാസത്തിനകം തയ്യാറാക്കും. വ്യവസായ മേഖലയുമായി സജീവമായി സഹകരിക്കാന്‍ ഐടി അധ്യാപകരേയും വകുപ്പുകളേയും സംയുക്ത ഗവേഷണങ്ങളിലൂടെയും മറ്റും പ്രോത്സാഹിപ്പിക്കും. എല്ലാ ശാസ്ത്ര സാങ്കേതിക കോഴ്‌സുകളിലും നൂതനത്വത്തെക്കുറിച്ചും സ്റ്റാര്‍ട് അപ്പുകളെക്കുറിച്ചും നിര്‍ബന്ധ കോഴ്‌സ് കേരള സ്റ്റാര്‍ട് അപ്പ് മിഷനും അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി ആരംഭിക്കും.

സംയുക്ത സംരംഭങ്ങളിലൂടെയും സ്വതന്ത്ര നിക്ഷേപങ്ങളിലൂടെയും ഹാര്‍ഡ് വെയര്‍ സെക്ടറിലെ നിക്ഷേപം വര്‍ധിപ്പിക്കാനുള്ള ഇടപെടല്‍ നടത്തും. ഹാര്‍ഡ് വെയര്‍ ടെസ്റ്റ് ഫെസിലിറ്റി സജ്ജമാക്കാന്‍ മുന്‍ഗണന നല്‍കും. മൂന്നു മുതല്‍ അഞ്ചു വര്‍ഷം കൊണ്ട് ഐടി കയറ്റുമതിയുടെ മൂല്യം ഇരട്ടിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി ഐടിയിലെ പ്രത്യേക ഉപമേഖലകളെ കണ്ടെത്തി അവിടെ നൈപുണ്യ വികസനവും നിക്ഷേപ പ്രോത്സാഹനവും നടത്തും. വികേന്ദ്രീകൃതമായ തൊഴിലിനും, വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനും (വര്‍ക്ക് ഫ്രം ഹോം) ഉള്ള അനേകം അവസരങ്ങള്‍ ഐടി നല്‍കുന്നുണ്ട്. ഐടി മേഖലയിലേക്ക് ഉയര്‍ന്ന തോതില്‍ സ്ത്രീകള്‍ക്ക് കടന്നുവരാന്‍ സാധ്യത ഇത് തുറന്നുവെക്കുന്നുണ്ട്. സ്ത്രീകളുടെ നൈപുണ്യ വികസനത്തിനും അവര്‍ക്ക് അനുയോജ്യമായ തൊഴിലുകളുമായി അവരെ ബന്ധിപ്പിക്കുന്നതിനും ഉള്ള പ്രത്യേക പരിപാടികള്‍ നടപ്പാക്കും. കൊച്ചി, പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയുടെയും സംസ്ഥാനത്തെ വ്യവസായ പാര്‍ക്കുകളുടെയും പൂര്‍ത്തീകരണം സാധ്യമാക്കും.

Also Read: ഓഫീസിലെത്തി ആദ്യ ഫയലില്‍ ഒപ്പിട്ടു; മുഖ്യമന്ത്രിയായി ചുമതലയേറ്റ് പിണറായി വിജയന്‍

Next Story