Top

കെഎസ്ആര്‍ടിയിസിയുടെ പുനരുദ്ധാരണത്തിന് പുതിയ പാക്കേജുമായി സര്‍ക്കാര്‍

സര്‍ക്കാരിന് കോര്‍പ്പറേഷന്‍ നല്‍കാനുള്ള 961 കോടി രൂപ എഴുതിത്തള്ളും. 3194 കോടി രൂപയുടെ വായ്പ ഓഹരിയാക്കി മാറ്റും. പുതിയ വായ്പാ പാക്കേജ് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കണ്‍സോര്‍ഷ്യവുമായി ചര്‍ച്ച നടത്തും.

26 Oct 2020 12:34 PM GMT

കെഎസ്ആര്‍ടിയിസിയുടെ പുനരുദ്ധാരണത്തിന് പുതിയ പാക്കേജുമായി സര്‍ക്കാര്‍
X

കെഎസ്ആര്‍ടിയിസിയുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ പുതിയ പാക്കേജ് പ്രഖ്യാപിച്ചു. പാക്കേജിന്റെ ഭാഗമായി ശമ്പളപരിഷ്‌കരണ ചര്‍ച്ചകള്‍ ഉടനാരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാക്കേജിന്റെ ഭാഗമായി സര്‍ക്കാരിന് കോര്‍പ്പറേഷന്‍ നല്‍കാനുള്ള തുക എഴുതിത്തള്ളും.

ലോക്ഡൗണോടെ കൂടുതല്‍ നഷ്ടത്തിലായിരിക്കുന്ന പൊതുഗതാഗത സംവിധാനത്തെ രക്ഷപെടുത്താനാണ് ഒരു പുതിയ പാക്കേജ് കൂടി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. 2012 ന് ശേഷം കെഎസ്ആര്‍ടിസിയില്‍ ശമ്പളപരിഷ്‌കരണം നടപ്പായിട്ടില്ല. അതിനാല്‍ പാക്കേജിന്റെ ഭാഗമായി ശമ്പളപരിഷ്‌കരണ ചര്‍ച്ചകളും ആരംഭിക്കും. എല്ലാ സ്ഥിരം ജീവനക്കാര്‍ക്കും പ്രതിമാസം 1500 രൂപ ഇടക്കാല ആശ്വാസമായി പ്രഖ്യാപിച്ചു. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല. എന്നിവയ്‌ക്കൊപ്പം കെഎസ്ആര്‍ടിസിയുടെ അനുബന്ധ കമ്പനിയായി രൂപീകരിക്കുന്ന സ്വിഫ്റ്റിലൂടെ ഇവര്‍ക്ക് തൊഴില്‍ ഉറപ്പാക്കാനും പാക്കേജ് ല്ക്ഷ്യം വയ്ക്കുന്നു.

സര്‍ക്കാരിന് കോര്‍പ്പറേഷന്‍ നല്‍കാനുള്ള 961 കോടി രൂപ എഴുതിത്തള്ളും. 3194 കോടി രൂപയുടെ വായ്പ ഓഹരിയാക്കി മാറ്റും. പുതിയ വായ്പാ പാക്കേജ് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കണ്‍സോര്‍ഷ്യവുമായി ചര്‍ച്ച നടത്തും. നിലവിലെ ധാരണപ്രകാരം സര്‍ക്കാരില്‍ നിന്നല്ലാതെ വായ്പ സാധ്യമല്ല. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് വരവും ചെലവും തമ്മിലുള്ള വ്യത്യാസം 500 കോടിയാക്കി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ കൈക്കൊള്ളും.

പുതിയ പാക്കേജ് യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് 1220 കോടി ധനസഹായം നല്‍കിയപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം നല്‍കിയത് 4160 കോടി രൂപയാണെന്നും കഴിഞ്ഞ പാക്കേജ് എന്തുകൊണ്ട് നടപ്പായില്ലെന്നതിനെക്കുറിച്ച് എല്ലാവരും ആത്മപരിശോധന നടത്തണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Next Story