സ്വര്‍ണ കടത്ത്: ക്രൈം ബ്രാഞ്ച് സ്വമേധയാ കേസെടുത്തു; തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണത്തിന്റെ ഭാഗമാവും
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ രാഷ്ട്രീയ വിവാദങ്ങള്‍ ഉള്‍പ്പെടെ തുടരുന്നതിനിടെ വിഷയം പരിശോധിക്കാന്‍ ക്രൈം ബ്രാഞ്ചും. സ്വര്‍ണകടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുമാണ് ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നത്. സ്വര്‍ണക്കടത്തില്‍ ക്രൈം ബ്രാഞ്ച് സ്വമേധയാ ആണ് കേസെടുത്തത്. മോഷണം, തട്ടി കൊണ്ടുപോകല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സംസ്ഥാനത്ത് മുമ്പ് നടന്ന സ്വര്‍ണകടത്തുമായി ബന്ധപ്പെട്ടുള്ള തട്ടി കൊണ്ടുപോകല്‍ അനുബന്ധ കുറ്റകൃത്യങ്ങള്‍ എന്നിവയുള്‍പ്പെടെ ക്രൈം ബ്രാഞ്ച് സംഘം പരിശോധിക്കും. സ്വര്‍ണ കടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും പരിശോധിക്കും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് […]
2 July 2021 10:57 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ രാഷ്ട്രീയ വിവാദങ്ങള്‍ ഉള്‍പ്പെടെ തുടരുന്നതിനിടെ വിഷയം പരിശോധിക്കാന്‍ ക്രൈം ബ്രാഞ്ചും. സ്വര്‍ണകടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുമാണ് ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നത്. സ്വര്‍ണക്കടത്തില്‍ ക്രൈം ബ്രാഞ്ച് സ്വമേധയാ ആണ് കേസെടുത്തത്. മോഷണം, തട്ടി കൊണ്ടുപോകല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
സംസ്ഥാനത്ത് മുമ്പ് നടന്ന സ്വര്‍ണകടത്തുമായി ബന്ധപ്പെട്ടുള്ള തട്ടി കൊണ്ടുപോകല്‍ അനുബന്ധ കുറ്റകൃത്യങ്ങള്‍ എന്നിവയുള്‍പ്പെടെ ക്രൈം ബ്രാഞ്ച് സംഘം പരിശോധിക്കും. സ്വര്‍ണ കടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും പരിശോധിക്കും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി കെ.വി. സന്തോഷ് കുമാറിനാണ് അന്വേഷണ ചുമതല. തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണത്തിന്റെ ഭാഗമാവും. ഐജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം പുരോഗമിക്കുക.
അതിനിടെ, കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അര്ജുന് ആയങ്കിയെ തെളിവെടുപ്പിനായി കണ്ണൂരില്‍ എത്തിച്ചു. കസ്റ്റംസിന്റെ സംശയത്തില്‍ നില്ക്കുന്ന കൂടുതല്‍ സ്ഥലങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടക്കാനിരിക്കുന്നത്. അര്ജുന് ആയങ്കിയുടെ വീട്ടിലും കാര്‍ ഒളിപ്പിച്ചിടങ്ങളിലും കൊണ്ടുപോയി പരിശോധന നടത്തും. പുലര്‍ച്ചെ 3.30 ക്കാണ് കസ്റ്റംസ് സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടത്. ഇന്നലെ തെളിവെടുപ്പിന് എത്തിക്കാനായിരുന്നു മുന്‍പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ ദിവസങ്ങളായതിനാല്‍ ഇന്നും നാളെയുമായി തെളിവെടുപ്പ് മാറ്റിവെയ്ക്കുകയായിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ പൊലീസും കസ്റ്റംസും അര്ജുന് ആയുള്ള അന്വേഷണം തുടങ്ങിയ ഘട്ടം മുതല്‍ അര്ജുന് ഒളിവില്‍കഴിഞ്ഞത് വടകരയിലെ ഒരു സുഹൃത്തിന്റെ വീട്ടിലാണെന്നാണ് പുതിയ വിവരം. ഇവിടെ ഉള്‍പ്പെടെ ഇന്നും നാളെയുമായി തെളിവെടുപ്പ് നടത്തിയേക്കും.
അതേസമയം, സ്വര്‍ണ്ണ കവര്‍ച്ചാ സംഘത്തിന് ടിപി കേസ് പ്രതികളുടെ സഹായവും ലഭിച്ചെന്ന് അര്ജുന് ആയങ്കി മൊഴ് നല്‍കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കള്ളക്കടത്ത് സ്വര്‍ണം പൊട്ടിക്കാന്‍ കൊടി സുനി അടക്കമുള്ളവര്‍ സഹായിച്ചുവെന്നാണ് അര്ജുന് കസ്റ്റംസിന് നല്കിയ മൊഴി. കവര്‍ച്ചചെയ്യുന്ന സ്വര്‍ണ്ണത്തിന്റെ ലാഭ വിഹിതം ഇവര്‍ക്ക് നല്‍കിയിരുന്നെന്നും ഒളിവില്‍ പോകാന്‍ അടക്കം ഇവരുടെ സഹായം ലഭിച്ചെന്നും അര്ജുന് കസ്റ്റംസിന് മൊഴി നല്കി. അതേസമയം, കരിപ്പൂരില്‍ ഏറ്റവും ഒടുവില്‍ നടന്ന സ്വര്‍ണ്ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നാണ് അര്‍ജുന്റെ മൊഴി.
അര്‍ജുന്റെ മൊഴി പ്രകാരം ടിപി കേസില്‍ നിലവില്‍ പരോളില്‍ കഴിയുന്ന ചില പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കാനുള്ള നടപടിയിലേക്ക് കസ്റ്റംസ് കടന്നിട്ടുണ്ട്. ജയിലിലടക്കമുള്ളവര്ക്ക് കുറ്റകൃത്യവുമായി ബന്ധമുണ്ടോ എന്നും ഇവരുടെ നിര്‍ദേശപ്രകാരം സംഘങ്ങള്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചാസംഘങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നും കസ്റ്റംസ് പരിശോധിക്കും. ചോദ്യം ചെയ്യലില്‍ അര്ജുന് ആയങ്കിയുടെ ചില പേരുകള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.