ഐഎഫ്എ ഷീല്‍ഡ്; ഗോകുലം കേരള ക്വാര്‍ട്ടറില്‍ പുറത്ത്

ഐഎഫ്എ ഷീല്‍ഡ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ ഗോകുലം കേരള എഫ്‌സി പുറത്തായി. കരുത്തരായ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ക്ലബ്ബിനോടായിരുന്നു തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മുഹമ്മദന്‍സിന്റെ ജയം. 8-ാം മിനുറ്റില്‍ തിര്‍ത്തങ്കര്‍ പെനാലിറ്റിയിലൂടെയാണ് ഗോള്‍ നേടിയത്.

23-ാം മിനുറ്റില്‍ ഗോകുലം താരം എംഎസ് ജിതിന്റെ ഷോട്ട് മുഹമ്മദന്‍സിന്റെ പ്രതിരോധ താരത്തിന്റെ കയ്യില്‍ തട്ടിയതിന് റഫറി പെനാലിറ്റി വിധിച്ചു. എന്നാല്‍ കിക്കെടുത്ത അവാലിന് പിഴച്ചു. ഒപ്പമെത്താന്‍ ലഭിച്ച സുവര്‍ണാവസരം ഗോകുലത്തിന് നഷ്ടമായി. നാല് മിനുറ്റുകള്‍ക്ക് ശേഷം വീണ്ടും ജിതിന്‍ തൊടുത്ത ഷോട്ട് മുഹമ്മദന്‍സ് ഗോളി തട്ടിയകറ്റി.

ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍കെ മധ്യനിര താരം ഷിബിലിന് തുറന്ന അവസരം. വീണ്ടും സമനില ഗോള്‍ കണ്ടെത്തുന്നതില്‍ ഗോകുലം പരാജയപ്പെട്ടു. എന്നാല്‍ രണ്ടാം പകുതിയില്‍ ഗോളി മാത്രം മുന്നില്‍ നില്‍കെ സമനും ലക്ഷ്യം തെറ്റി. ജിതിന്റെ അളന്ന് മുറിച്ച പാസാണ് അവസരം ഒരുക്കിയത്.

പിന്നീട് രണ്ട് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ടും പുറത്തായത് കേരളത്തിന് തിരിച്ചടിയായി. ഒന്‍പത് പേരായി ചുരുങ്ങിയ ഗോകുലത്തിന് പിന്നീട് കാര്യമായ മുന്നേറ്റങ്ങള്‍ നടത്താനായില്ല. ബിഎസ്എസ് സ്‌പോര്‍ട്‌സ് ക്ലബ്ബിനെ 7-2ന് പരാജയപ്പെടുത്തിയാണ് ഗോകുലം ക്വാര്‍ട്ടറില്‍ എത്തിയത്.

Latest News