
പനാജി: സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ പെട്ടെന്നുണ്ടായ കുതിച്ചുചാട്ടത്തിനിടെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ആരോഗ്യമന്ത്രി വിശ്വജിത് റാണെയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം രൂക്ഷമാകുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍, ഓക്സിജന്‍ വിതരണം തുടങ്ങിയ നയപരമായ തീരുമാനങ്ങളിലാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കം തുടരുന്നത്.
ഓക്സിജന്‍ ക്ഷാമം മൂലം ചൊവ്വാഴ്ച ഗോവ മെഡിക്കല്‍ കോളേജിലും മറ്റ് ആശുപത്രികളിലുമായി 26 കൊവിഡ് രോഗികള്‍ മരിച്ചതിന് പിന്നാലെയാണ് രണ്ട് ബിജെപി മന്ത്രിമാരും തമ്മിലെ തര്‍ക്കമാരംഭിച്ചത്. സംസ്ഥാനത്ത് ആവശ്യത്തിന് ഓക്സിജന്‍ ഉണ്ടെന്നും ആശുപത്രിയില്‍ ഓക്സിജന്‍ എത്തിക്കുന്നതിലെ തകരാര്‍ മൂലമാണ് പ്രതിസന്ധി ഉണ്ടായതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടപ്പോള്‍ അതു തള്ളിയ ആരോഗ്യമന്ത്രി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓക്സിജന്‍ വിതരണത്തിലെ പ്രശ്നങ്ങള്‍ മൂലം നിരവധി രോഗികള്‍ മരിക്കുകയാണെന്നും മുഖ്യമന്ത്രി തെറ്റായ വിവരങ്ങള്‍ നല്‍കുകയാണെന്നും തിരിച്ചടിച്ചു.
അതേസമയം, മന്ത്രിമാര്‍ തമ്മില്‍ ഏറ്റുമുട്ടലില്ലെന്നും അഭിപ്രായ വ്യത്യാസം മാത്രമാണുള്ളതെന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്നുമാണ് ബിജെപി ഗോവ നേതൃത്വത്തിന്റെ പ്രതികരണം.
Also Read: ‘കേരളത്തിന്റെ ഓക്സിജന്‍ നയം പുനപരിശോധിക്കണം’; ആവശ്യവുമായി ബിജെപി
മുന്‍പ് ഏപ്രില്‍ 26 ന് കൊവിഡ് മരണങ്ങളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് ലോക്ഡൗണ്‍ നടപ്പിലാക്കാന്‍ ആലോചിക്കുന്നതായും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ ജനങ്ങളുടെ ജീവിതമാണ് സര്‍ക്കാരിന് പ്രധാനമെന്നും ട്വീറ്റില്‍ വിശ്വജിത് റാണെ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഗോവയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ അത് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഇടയാക്കുമെന്നും തൊഴിലാളികള്‍ സംസ്ഥാനം വിടുന്നതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ രോഗ വ്യാപനം രൂക്ഷമായതോടെ മെയ് 9 മുതല്‍ മുഖ്യമന്ത്രി ഗോവയില്‍ രണ്ടാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. പിന്നീട് സിഎന്‍എന്‍ നല്കിയ അഭിമുഖത്തില്‍ ആരോഗ്യമന്ത്രി സംസ്ഥാനത്തെ പ്രതിസന്ധിയുടെ കാരണം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ഉണ്ടായ കാലതാമസമാണെന്ന് കുറ്റപ്പെടുത്തിയതോടെ ഇരു നേതാക്കളും തമ്മിലെ ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നു.
പിന്നീട് ഈ മാസത്തിന്റെ ആരംഭത്തോടെ സംസ്ഥാനത്തെ ഓക്സിജന്‍ വിതരണത്തിന്റെ നിരീക്ഷണം ആരോഗ്യമന്ത്രിയില്‍ നിന്ന് മുഖ്യമന്ത്രി ഏറ്റെടുത്തതോടെയാണ് തര്‍ക്കം വീണ്ടും സജീവമായത്.
ഓക്സിജന്‍ പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് നാല് ദിവസത്തിനുള്ളില്‍ 74 കൊവിഡ് മരണങ്ങള് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ കൊവിഡ് പരിചരണ കേന്ദ്രമായ ഗോവ മെഡിക്കല്‍ കോളെജിലും ആശുപത്രിയിലുമായാണ് 74 രോഗികള്‍ മരിച്ചത്.
14 ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ചെറിയ സംസ്ഥാനമായ ഗോവയില്‍ ഇതുവരെ 1,27,639 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 32,791 രോഗികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ബുധനാഴ്ച സംസ്ഥാനത്ത് 2,865 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തോളമാണ്.
കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മുഖ്യമന്ത്രിയുമായ പ്രതാപ് സിംഗ് റാണെയുടെ മകനായ വിശ്വജിത് റാണെ 2017 ല്‍ ബിജെപിയിലേക്ക് എത്തിയതോടെ ആരംഭിച്ചതാണ് ഈ തര്‍ക്കം. ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോണ്‍ഗ്രസിനെ അട്ടിമറിച്ച് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപിയില്‍ എത്തിച്ച റാണെയായിരുന്നു ബിജെപിയെ അന്ന് ഭരണത്തിലെത്തിച്ചത്.
എന്നാല്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണശേഷം, മുഖ്യമന്ത്രി പദത്തിലേക്ക് ബിജെപി നേതൃത്വം അദ്ദേഹത്തിന്റെ പേര് പരിഗണിച്ചെങ്കിലും ബിജെപിക്കുള്ളില്‍ വളര്‍ന്ന സംഘ നേതാവെന്ന നിലയില്‍
പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാവുകയായിരുന്നു.
2022 ല്‍ ഗോവയില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടക്കുന്ന പശ്ചാത്തലത്തില്‍ പ്രമോദ് സാവന്തിന്റെ പ്രതിച്ഛായ ഇടിക്കാനുള്ള വിശ്വജിത് റാണെയുടെ രാഷ്ട്രീയ നീക്കമായും രാഷ്ട്രീയ നിരീക്ഷകര്‍ ഗോവയിലെ സാഹചര്യത്തെ വിശകലനം ചെയ്യുന്നുണ്ട്.
Also Read: നാല് ദിവസത്തിനുള്ളിൽ 74 കൊവിഡ് മരണങ്ങളുമായി ഗോവ ; കാരണം ഓക്സിജൻ ക്ഷാമം