Top

കൊവിഡ് രോഗവും പ്രഭ കെടുത്തിയില്ല;വന്‍കിട ഐടി കമ്പനികള്‍ കണ്ണുവെയ്ക്കുന്നത് കേരളത്തില്‍ തന്നെയെന്ന് റിപ്പോര്‍ട്ട്

നിലവില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിച്ചുവരുന്ന കമ്പനികളായ നിസാന്‍ ഡിജിറ്റല്‍, ഐണസ്റ്റ് ആന്‍ഡ് യംഗ് എന്നിവയും നവീകരണത്തിന്റെ പാതയിലാണ്.

18 Jun 2021 7:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് രോഗവും പ്രഭ കെടുത്തിയില്ല;വന്‍കിട ഐടി കമ്പനികള്‍ കണ്ണുവെയ്ക്കുന്നത് കേരളത്തില്‍ തന്നെയെന്ന് റിപ്പോര്‍ട്ട്
X

കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ആഞ്ഞടിച്ചത് വ്യവസായങ്ങളെ ആകെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ഐടി മേഖലയ്ക്ക് സമീപഭാവിയില്‍ത്തന്നെ വലിയ കുതിപ്പുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പല ഐടി ഭീമന്മാരും കേരളത്തെ തന്നെയാണ് തങ്ങളുടെ ബിസിനസ് വളര്‍ത്തുന്നതിനുള്ള പറുദീസയായി കാണുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്തെ ടയര്‍ -2 നഗരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഐടി ഭീമന്മാര്‍ തങ്ങളുടെ ഭാവി നിക്ഷേപ പദ്ധതികള്‍ക്കായി കൊച്ചിയിലെയും തിരുവനന്തപുരത്തിലെയും ടെക്‌നോപാര്‍ക്കുകളിലാണ് കണ്ണുവെയ്ക്കുന്നതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐടി ഭീമനായ ഐബിഎം കൊച്ചിയില്‍ ആരംഭിക്കുന്ന ഡെവലപ്‌മെന്റ് സെന്ററിനുവേണ്ടി റിക്രൂട്ട്‌മെന്റ് ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സംസ്ഥാനത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം ആരംഭിക്കാന്‍ പോകുന്നത്. ഇത്തരമൊരു കേന്ദ്രം സമീപ ഭാവിയില്‍ത്തന്നെ തിരുവനന്തപുരത്തും ആരംഭിക്കാന്‍ ഐബിഎം പദ്ധതിയിടുന്നുണ്ട്.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജിലൈറ്റ് ഗ്രൂപ്പും തിരുവനന്തപുരത്ത് പുതിയ ഓഫീസ് തുടങ്ങാനിരിക്കുകയാണ്. ഇത് ബിഗ് ഡാറ്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സയന്‍സ് രംഗങ്ങളില്‍ വലിയ കുതിപ്പുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതുമൂലം ഈ രംഗങ്ങളില്‍ കേരളത്തിലെ നിരവധി യുവാക്കള്‍ക്ക് ജോലി സാധ്യതയുമുണ്ടാകും.

നിലവില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിച്ചുവരുന്ന കമ്പനികളായ നിസാന്‍ ഡിജിറ്റല്‍, ഐണസ്റ്റ് ആന്‍ഡ് യംഗ് എന്നിവയും നവീകരണത്തിന്റെ പാതയിലാണ്. നേരത്തെ നിസ്സാന്‍ ഡിജിറ്റല്‍ ടെക്‌നോപാര്‍ക്കില്‍ നിന്ന് വിട്ടുപോകുകയാണെന്ന് വ്യാപകമായി പ്രചരണമുണ്ടായിരുന്നു. ഈ പ്രചരണത്തിന് അടിസ്ഥാനമില്ലെന്ന് ഏകദേശം വ്യക്തമായിക്കഴിഞ്ഞു. ടിസിഎസ് അടക്കമുള്ള കമ്പനികളും ടെക്‌നോപാര്‍ക്കിലേക്ക് വരുമെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിലുണ്ട്.

Popular Stories

    Next Story