Football latest

യൂറോയ്ക്ക് മുമ്പേ ഫ്രഞ്ച് ടീമില്‍ പടലപ്പിണക്കം; തനിക്ക് ആരും പാസ് നല്‍കുന്നില്ലെന്ന് ഗിറൗഡ്, എംബാപ്പെയ്‌ക്കെതിരേ ഒളിയമ്പ്

യൂറോ കപ്പ് ഫുട്‌ബോളിന് പന്തുരുളും മുമ്പേ കിരീട സാധ്യതയില്‍ മുന്നിലുള്ള ഫ്രാന്‍സ് ടീമില്‍ പടലപ്പിണക്കം. കഴിഞ്ഞ ദിവസം നടന്ന ബള്‍ഗേറിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തിനു പിന്നാലെയാണ് ടീമിനുള്ളിലെ അസ്വാരസ്യം മറനീക്കി പുറത്തുവന്നത്.

മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഫ്രാന്‍സ് ബള്‍ഗേറിയയെ തുരത്തിയിരുന്നു. പകരക്കാരനായി ഇറങ്ങി രണ്ടു ഗോളുകള്‍ നേടിയ ഒളിവര്‍ ഗിറൗഡായിരുന്നു ഫ്രാന്‍സിന്റെ വിജയശില്‍പി. ഈ പ്രകടനത്തോടെ ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന തിയറി ഹെന്റ്‌റിയുടെ റെക്കോഡിന് അടുത്തെത്താനും ഗിറൗഡിനായിരുന്നു.

എന്നാല്‍ മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ടീമിലെ പടലപ്പിണക്കത്തിനെതിരേ തുറന്നടിക്കുകയായിരുന്നു ഗിറൗഡ് ചെയ്തത്. കിരീടം നേടുന്നത് സംബന്ധിച്ച് എന്തെങ്കിലും പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തണമെങ്കില്‍ ടീമിന്റെ മുന്‍നിര കൂടുതല്‍ ഒത്തിണക്കം കാണിക്കണമെന്നാണ് താരം പറഞ്ഞത്.

ഫ്രഞ്ച് ടീമില്‍ തനിക്ക് പന്ത് പാസ് ചെയ്യാന്‍ ചിലര്‍ മടിക്കുകയാണെന്നും ഗിറൗഡ് ആരോപിച്ചു. യുവ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെയാണ് ഗിറൗഡ് ലക്ഷ്യമിട്ടത്. മത്സരത്തിനിടെ ഇരുവരും തമ്മിലുള്ള ചേര്‍ച്ചയില്ലായ്മ പലകുറി വ്യക്തമായിരുന്നു.

”ഞാന്‍ ഗ്രൗണ്ടില്‍ മികച്ച റണ്ണാണ് നടത്തുന്നത്. എന്നാല്‍ പലപ്പോഴും മധ്യനിരയില്‍ നിന്ന് എന്നിലേക്ക് പന്തെത്തുന്നില്ല. ഞാന്‍ നല്ല പൊസിഷനില്‍ ആയിരുന്നപ്പോള്‍ പോലും ഇതു സംഭവിച്ചു. ഇങ്ങനെ ടീമിനു മുന്നോട്ടു പോകാനാകില്ല”- എന്നായിരുന്നു ഗിറൗഡിന്റെ പ്രതികരണം.

മത്സരശേഷം എംബാപ്പെ അലോസരപ്പെട്ടാണ് ഗ്രൗണ്ടില്‍ നിന്നു കയറിയതു തന്നെ. താരത്തിന്റെ ഈ മനോഭാവത്തെ മുന്‍ താരം യൊഹാന്‍ മികൗഡ് വിമര്‍ശിക്കുകയും ചെയ്തു. ”വളരെ മോശം നിലവാരത്തിലുള്ള പ്രതികരണമായിരുന്നു എംബാപ്പെയുടേത്. നാലു ഗോളുകള്‍ക്ക് ടീം തോറ്റതു പോലെയാണ് അയാള്‍ പെരുമാറിയത്. സ്വന്തം കാര്യം മാത്രമല്ല ടീമിന്റെ കാര്യം കൂടി ശ്രദ്ധിക്കണം”- മികൗഡ് പറഞ്ഞു.

എന്നാല്‍ ടീമിലെ പടലപ്പിണക്കം സംബന്ധിച്ച് ചിരിച്ചു തള്ളുകയാണ് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് ചെയ്തത്. ടീമിനുള്ളില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും എല്ലാവരും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ തുനിഞ്ഞിറങ്ങുമ്പോഴുണ്ടാകുന്ന ചില ഉരസലുകള്‍ മാത്രമാണിതെന്നും ദെഷാംപ്‌സ് കൂട്ടിച്ചേര്‍ത്തു.

Covid 19 updates

Latest News