പതറിയില്ല, ഗില്ലും സിറാജും കസറി; ഇരുവരേയും പുകഴ്ത്തി നായകന്‍ രഹാനെ

സീനിയര്‍ താരങ്ങള്‍ പരുക്കിന്റെ പിടിയില്‍, കൂടെ ടീമിന്റെ നട്ടെല്ലായ വിരാട് കോഹ്ലിയില്ല, അഡ്‌ലെയ്ഡില്‍ ചരിത്രത്തിലെ ഏറ്റവും കുറവ് സ്‌കോറിലേക്ക് ഒതുങ്ങിയ നാണക്കേട്. ഈ പശ്ചാത്തലത്തിലാണ് യുവതാരങ്ങളായ ഷുബ്മാന്‍ ഗില്ലും, മൊഹമ്മദ് സിറാജും അരങ്ങേറ്റം കുറിക്കുന്നത്. ഓസ്‌ട്രേലിയയിലെ അപരിചിതമായ സാഹചര്യം സമ്മര്‍ദ്ദം ഒന്നു കൂടി വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ഇതൊന്നും സിറാജിനേയും ഗില്ലിനേയും ബാധിച്ചില്ല എന്ന് തന്നെ വിലയിരുത്താം.

ഇത് ‘ചെണ്ട’ സിറാജല്ല

ആദ്യ ഇന്നിംഗ്‌സിന്റെ രണ്ടാം സെഷനിലായിരുന്നു സിറാജ് തന്റെ ആദ്യ ഓവര്‍ എറിയുന്നത്. തുടക്കത്തില്‍ സിറാജിന് തിരിച്ചടി നേരിടേണ്ടി വന്നു. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാര്‍ അനായാസം ബൗണ്ടറികള്‍ കണ്ടെത്തി. എന്നാല്‍ പയ്യെ സിറാജ് തിരിച്ചുവന്നു. മാര്‍നസ് ലെബുഷെയ്‌നിനെ താരത്തിന്റെ പന്ത് വിക്കറ്റിന് മുന്നില്‍ കുടുക്കി. ആദ്യ വിക്കറ്റ് പിഴുതു. ഗ്രീനിനെ മടക്കി വീണ്ടും സിറാജ് ഇന്ത്യക്ക് മേല്‍ക്കൈ കൊടുത്തു. രണ്ടാം ഇന്നിംഗ്‌സില്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്, നാഥാന്‍ ലിയോണ്‍ എന്നിവരേയും പുറത്താക്കി വലം കയ്യന്‍ ഫാസ്റ്റ് ബൗളര്‍ മികവ് കാട്ടി. രണ്ട് ഇന്നിംഗ്‌സിലുമായി നേടിയത് അഞ്ച് വിക്കറ്റ്.

ഷുബ്മാന്‍ ‘സ്റ്റൈലിഷ്’ ഗില്‍

ആദ്യ മത്സരത്തില്‍ ഇന്ത്യ നേരിട്ട പ്രധാന തിരിച്ചടി ഓപ്പണിംഗിലെ പരാജയം ആയിരുന്നു. പൃത്വി ഷായുടെ വിഴ്ച ഷുബ്മാന്‍ ഗില്ലിന്റെ വരവിന് വഴിയൊരുക്കി. മിച്ചല്‍ സ്റ്റാര്‍ക്ക്-പാറ്റ് കമ്മിന്‍സ്-ജോഷ് ഹെയ്‌സല്‍വുഡ് എന്നി ത്രയത്തിന് മുന്നില്‍ ആദ്യമൊന്ന് ഗില്‍ പകച്ചു. രണ്ട് തവണ ഗില്‍ അതിജീവിക്കുകയും ചെയതു. 45 റണ്‍സാണ് താരം ആദ്യ ഇന്നിംഗ്‌സില്‍ നേടിയത്. രണ്ടാം ഇന്നിംഗ്‌സിലായിരുന്നു ഗില്‍ തന്റെ മികവ് പൂര്‍ണമായും കാണിച്ചത്. മായങ്ക് അഗര്‍വാളും ചേതേശ്വര്‍ പൂജാരയും മടങ്ങിയപ്പോള്‍ മറ്റൊരു തകര്‍ച്ചയിലേക്ക് ഇന്ത്യ നീങ്ങുകയായണെന്ന് തോന്നിപ്പിച്ചു. എന്നാല്‍ ഓസീസ് ബൗളര്‍മാരെ അങ്ങോട്ട് ആക്രമിച്ചായിരുന്നു ഗില്‍ ഇന്ത്യയെ ട്രാക്കിലേക്ക് എത്തിച്ചത്. 36 പന്തില്‍ 35 റണ്‍സുമായി ഗില്‍ പുറത്താകാതെ നിന്നു.

പുകഴ്ത്തി നായകന്‍ രഹാനെ

മത്സരത്തിന് ശേഷം ഗില്ലിന്റേയും സിറാജിന്റേയും പ്രകടനത്തെ പുകഴ്ത്താന്‍ നായകന്‍ രഹാനെ മറന്നില്ല.

എല്ലാവരും നന്നായി കളിച്ചു. സിറാജിനും ഗില്ലിനും കടപ്പാട് നല്‍കാന്‍ ആഗ്രഹിക്കുന്നു. അഡ്‌ലെയ്ഡിലെ തോല്‍വിക്ക് ശേഷം ഇരുവരും പുലര്‍ത്തിയ മനോധൈര്യം പ്രശംസനീയമാണ്. മനോധൈര്യം ഞങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നാണ്, പ്രത്യേകിച്ച് ഉമേഷ് യാദവിന്റെ അഭാവത്തില്‍.

അജിങ്ക്യ രഹാനെ

Latest News