Top

‘രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്, പക്ഷെ പൊലീസ് മണ്ടനായിരുന്നു’; വിമര്‍ശനവുമായി ജോര്‍ജ് ജോസഫ്

വസന്തയെ കസ്റ്റഡിയിലെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

29 Dec 2020 7:01 AM GMT

‘രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്, പക്ഷെ പൊലീസ് മണ്ടനായിരുന്നു’; വിമര്‍ശനവുമായി ജോര്‍ജ് ജോസഫ്
X

നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ ആത്മഹത്യയില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി റിട്ട. എസ്പി ജോര്‍ജ് ജോസഫ്. ജപ്തി ഉത്തരവില്‍ ഹൈക്കോടതിയുടെ സ്‌റ്റേയുണ്ടായിരുന്നു. അതൊന്ന് വേരിഫൈ ചെയ്യാന്‍ അരമണിക്കൂര്‍ പൊലീസ് കാത്തിരുന്നെങ്കില്‍ ഇത്രയും ദാരുണസംഭവം നടക്കില്ലായിരുന്നെന്ന് ജോര്‍ജ് ജോസഫ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

ജോര്‍ജ് ജോസഫ് പറഞ്ഞത് ഇങ്ങനെ: ”സംഭവസ്ഥലത്തെത്തിയ പൊലീസ് ധാര്‍ഷ്ട്യം കാണിച്ചു. പ്രശ്‌നപരിഹാരം പൊലീസിന് സാധിക്കുമായിരുന്നു. ജപ്തി ഉത്തരവില്‍ ഹൈക്കോടതിയുടെ സ്റ്റേയുണ്ടെന്ന് രാജന്‍ പറഞ്ഞിരുന്നു. അതൊന്ന് വേരിഫെ ചെയ്യാമായിരുന്നുു. അരമണിക്കൂര്‍ മതി. അതിന് വെയ്റ്റ് ചെയ്യാതെ ഉത്തരവ് നടപ്പാനാണ് പൊലീസ് ശ്രമിച്ചത്. അധികാരത്തിലിരിക്കുന്നവര്‍ക്കൊരു പാഠമാണ് ഈ സംഭവം. ഇതുപോലെ പരിതാപകരമായ അവസ്ഥയുള്ള നിരവധി കുടുംബങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഒരു കുടുംബത്തെ വഴിയില്‍ ഇറക്കിവിടുകയാണ്. സംഭവത്തില്‍ ശക്തമായ നടപടി വേണം. സന്ദര്‍ഭം അനുസരിച്ച് എങ്ങനെ പെരുമാറണമെന്ന് പൊലീസുകാരന് അറിയില്ല. അവരെ അത് പഠിപ്പിക്കണം. ഒരുനിമിഷത്തെ മണ്ടത്തരങ്ങള്‍ കാണിച്ചതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്.”

”രാജന്‍ മരണമൊഴിയില്‍ പറയുന്നുണ്ട്. മരിക്കാന്‍ താല്‍പര്യമില്ല. മരിക്കണ്ട, ഭയപ്പെടുത്താന്‍ വേണ്ടിയാണ് പെട്രോള്‍ ഒഴിച്ചതെന്ന്. യഥാര്‍ത്ഥത്തില്‍ രാജനെ രക്ഷിക്കാനാണ് ആ പൊലീസുകാരന്‍ ശ്രമിച്ചത്. പക്ഷ, അയാളൊരു മണ്ടനായിരുന്നു. ശരീരം മുഴുവന്‍ പെട്രോള്‍ ഒഴിച്ചിട്ട്, കൈയില്‍ ലാമ്പ് കത്തിച്ച് പിടിച്ചിരിക്കുമ്പോള്‍ തട്ടിയാല്‍ ദേഹത്ത് വീണ് ജീവന്‍ അപകടത്തിലാവുമെന്ന് ആ പൊലീസുകാരന്‍ ചിന്തിക്കേണ്ടേ. അത് മനസിലാക്കേണ്ടേ. ലാമ്പ് കത്തിച്ച സമയത്ത് പൊലീസിന് മാറി നില്‍ക്കാമായിരുന്നു. അല്‍പ്പം സമയം കൊടുത്തിരുന്നെങ്കില്‍ രാജന്‍ അപ്പോഴത്തെ മാനസികാവസ്ഥയില്‍ നിന്ന് മാറിയിരിക്കും. ജീവന് രക്ഷിക്കാമായിരുന്നു.”

ഇതിനിടെ രാജന്റെ അയല്‍വാസിയും പരാതിക്കാരിയുമായ വസന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ ക്രമസമാധാനപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കസ്റ്റഡി. രാജന്റയും ഭാര്യയുടെയും ആത്മഹത്യയില്‍ നാട്ടുകാര്‍ ഒന്നാകെ വസന്തക്കെതിരെ തിരിഞ്ഞിരുന്നു. തുടര്‍ന്നാണ് പൊലീസിന്റെ നീക്കം. വസന്തയെ കസ്റ്റഡിയിലെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. സംഭവം ദൗര്‍ഭാഗ്യകരമാണ്. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും വിഷയം മുതലെടുക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് ഭൂമി വിട്ടുകൊടുക്കില്ലെന്നും വസന്ത പറഞ്ഞിരുന്നു. ഭൂമി വേറെ ആര്‍ക്കെങ്കിലും എഴുതി കൊടുക്കുമെന്നും എന്നാല്‍ ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഭൂമി നല്‍കില്ലെന്നുമാണ് വസന്ത പറത്. ”ഭൂമി ആര്‍ക്കും വിട്ടുകൊടുക്കില്ല. ഭൂമി എന്റേതാണെന്ന് തെളിയിക്കും. നിയമത്തിന്റെ വഴിയിലൂടെയാണ് ഞാന്‍ പോയത്. ഒരു കുറ്റവും ചെയ്തിട്ടില്ല. കഴുത്ത് അറുത്താലും ഈ കുടുംബത്തിന് ഭൂമി നല്‍കില്ല. ഗുണ്ടായിസം കാണിച്ചാണ് ഇവര്‍ വസ്തു കൈക്കലാക്കിയത്. ഇങ്ങനെ ഗുണ്ടായിസം കാണിച്ചവരോട് ഒരു വിട്ടുവീഴ്ചയുമില്ല. മക്കള്‍ നല്‍കിയ പണം കൊണ്ടാണ് വസ്തു വാങ്ങിയത്. പാവപ്പെട്ട മറ്റാര്‍ക്ക് നല്‍കിയാലും ഇവര്‍ക്ക് ഭൂമി നല്‍കില്ല. പട്ടയം, ആധാരം എല്ലാം എന്റെ കയ്യിലുണ്ട്.”-വസന്ത പറഞ്ഞു.

ഇതിനിടെ, രാജനെയും ഭാര്യ അമ്പിളിയെയും ഒഴിപ്പിക്കാന്‍ ശ്രമിച്ചത് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നതിനു മുമ്പാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നു. നെയ്യാറ്റിന്‍കര കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് 21ന് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. 22-ാം തീയ്യതി ഉച്ചയോട് കൂടി കോടതി കേസ് പരിഗണിക്കുകയും നെയ്യാറ്റിന്‍കര കോടതിയുടെ ഉത്തരവ് ജനുവരി 15 വരെ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷമാണ് ഒഴിപ്പിക്കല്‍ വിധി സ്റ്റേ ചെയ്തു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. കേസ് ജനുവരി 15 ന് പരിഗണിക്കാന്‍ മാറ്റുകയും ചെയ്തു. എതിര്‍കക്ഷിയായ വസന്തയ്ക്ക് സ്പീഡ് പോസ്റ്റ് വഴി നോട്ടീസ് അയക്കാനും കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.

സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റൂറല്‍ എസ്പിക്കാണ് അന്വേഷണച്ചുമതല. പൊലീസിന്റെ വീഴ്ച അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിട്ടുണ്ട്. രാജന്റെ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു. അടിയന്തിര നടപടിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ വീട് വെച്ചു നല്‍കുമെന്നും അറിയിച്ചു.

Next Story

Popular Stories