‘ഒരുമിച്ച് നില്‍ക്കണം’; ജിസിസി ഉച്ചകോടിയില്‍ സല്‍മാന്‍ രാജകുമാരന്‍

ഏറെക്കാലങ്ങള്‍ക്ക് ശേഷം ഖത്തറുമായുള്ള അകല്‍ച്ച മാറ്റി വെച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ജിസിസി ഉച്ചകോടിയില്‍ ഒത്തുകൂടി. ഉച്ചകോടിയില്‍ സോളിഡാരിറ്റി ആന്റ് സ്റ്റബിലിറ്റി കാരാറില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒപ്പുവെച്ചു. ഖത്തറിനും സൗദിക്കുമിടയില്‍ മധ്യസ്ഥത വഹിച്ച കുവൈറ്റിനെയും അമേരിക്കയെയും സല്‍മാന്‍ രാജകുമാരന്‍ നന്ദി അറിയിച്ചു. ഒപ്പം മേഖലയില്‍ ഒരുമിച്ച് നില്‍ക്കേണ്ട ആവശ്യകതയെ പറ്റിയും സല്‍മാന്‍ രാജകുമാരന്‍ സംസാരിച്ചു.

‘ നമ്മുടെ പ്രദേശത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നമ്മുടെ ചുറ്റുമുള്ള വെല്ലുവിളികളെ നേരിടുന്നതിനുമായി ഒന്നിച്ചു നില്‍ക്കേണ്ട ആവശ്യകത ഇന്നുണ്ട്. പ്രത്യേകിച്ചും ഇറാനിയന്‍ ഭരണകൂടത്തിന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി ഉയര്‍ത്തുന്ന ഭീഷണികളും അട്ടിമറികള്‍ക്കുമെതിരെ,’ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

ആറ് അറബ് രാജ്യങ്ങളും രണ്ട് ഡോക്യുമെന്‍രുകളിലാണ് ഒപ്പുവെച്ചത്. ഇവയുടെ വിശദവിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഇത്തവണത്തെ ജിസിസി ഉച്ചകോടി പ്രത്യാശാ ഭരിതമാണെന്നാണ് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞത്.

ഖത്തറിനു മേല്‍ ഏര്‍പ്പെടുത്തിയ വ്യോമപാത, കടല്‍, കര ഗതാഗത വിലക്ക് സൗദി നീക്കിയതിനു ശേഷമാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഒരുമിച്ച് ജിസിസി ഉച്ചകോടിയില്‍ പങ്കെടുത്തത്. കുവൈറ്റ് അധികാരി ശൈഖ് നവാഫ് ഖത്തറിനും സൗദിക്കുമിടയില്‍ മധ്യസ്ഥത വഹിക്കുകയും ഉപരോധം നീക്കാന്‍ ചര്‍ച്ച നടത്തുകയും ചെയ്തത് പിന്നാലെയാണ് സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകനായ ജാരദ് കുഷ്‌നറിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ശ്രമങ്ങളാണ് ഖത്തര്‍സൗദി അനുനയത്തിലേക്ക് നയിച്ചത്.

2017 ലാണ് യുഎഇ, സൗദി, ഈജിപ്ത്, ബഹ്‌റിന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ മുസ്ലിം ബ്രദര്‍ ഹുഡ് മൂവ്‌മെന്റിന് പിന്തുണ നല്‍കുന്നെന്നും ഒപ്പം ഇറാനെയും സഹായിക്കുന്നെന്നുള്‍പ്പെടെയപുള്ള ആരോപണങ്ങളായിരുന്നു അന്ന് ഖത്തറിനെതിരെ വന്ന ആരോപണം. എന്നാല്‍ ഖത്തര്‍ ഇതിനെ നിഷേധിക്കുകയായിരുന്നു.

Latest News