Top

താഴെയുള്ളവർക്ക് വിരട്ടും താക്കീതും, മേലെയുള്ളവർക്ക് പാദസേവ; സ്വേച്ഛാധിപതികൾക്ക് കാതിന് ഇമ്പം

7 Jan 2021 2:20 AM GMT
ഗൗതം ഭാട്ടിയ

താഴെയുള്ളവർക്ക് വിരട്ടും താക്കീതും, മേലെയുള്ളവർക്ക് പാദസേവ; സ്വേച്ഛാധിപതികൾക്ക് കാതിന് ഇമ്പം
X

ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യം ഹനിച്ചുകൊണ്ടുള്ള ചില കോടതി വിധികൾ എന്നെന്നും ഓർത്തുവെക്കാനുള്ള പരാമർശങ്ങളാണ് 2020ൽ നൽകിയത്. ഇതിൽ ഏറ്റവും മികച്ചതിനുള്ള പുരസ്‌കാരം രണ്ട്പേരാണ് പങ്കിട്ടെടുത്തത്. ഗ്രീക്ക് ഏകാധിപധിയായിരുന്ന മെനിലസിനെ ഉദ്ധരിച്ച ജമ്മു കാശ്മീർ ഹൈക്കോടതിയും "തീക്കൊള്ളികൊണ്ട് കളിച്ചാൽ" എന്ന് പ്രയോഗിച്ച പാട്യാല ഹൗസ് കോടതിയും. എന്നാൽ അഞ്ചു ദിവസം മുൻപ്, തീർത്തും അസാധാരണമായ നിരീക്ഷണങ്ങളിലൂടെ, ജസ്റ്റിസ് ഹരിപ്രസാദും ജസ്റ്റിസ് ഹരിപാലും അടങ്ങുന്ന കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇവരെയെല്ലാവരെയും പിന്നിലാക്കി.

എൻഐഎ കോടതിയുടെ യുക്തിസഹമായ ഒരു ജാമ്യവിധിയെ തളളികൊണ്ടുള്ള ഉത്തരവിന്റെ 39ആം പാരഗ്രാഫ് ഇപ്രകാരമാണ്: "ചലഞ്ച് ചെയ്യപ്പെട്ടിരിക്കുന്ന ഈ വിധി പ്രാമാണിക കോടതികളുടെ (Court of Records) വിധി കണക്കെയാണ് തയാറാക്കപ്പെട്ടിരിക്കുന്നത്. ഇതൊരു അനാവശ്യ കീഴ്വഴക്കമാണെന്ന് ജ്ഞാനിയായ ജഡ്‌ജിയെ ഓർമ്മപെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടാതെ, സുപ്രീംകോടതിയുടെ വിധികൾ ഉദ്ധരിക്കവേ ആ വിധികൾ തയാറാക്കിയ ജഡ്‌ജിമാരുടെ പേരും എൻഐഎ കോടതി വിധിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇതൊരു ആരോഗ്യകരമായ പ്രവണതയല്ല."

ആദ്യമായി "പ്രാമാണിക കോടതിയുടെ വിധി കണക്കെ തയാറാക്കപ്പെട്ടത്" എന്ന പരാമർശംകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? നമുക്കറിയില്ല. ജസ്റ്റിസ് ഹരിപ്രസാദും ഹരിപാലും തയാറാക്കിയ വിധിയാണ് "പ്രാമാണിക കോടതികൾ" തയാറാക്കുന്നതുപോലെയെങ്കിൽ ജ്ഞാനിയായ എൻഐഎ കോടതി ജഡ്‌ജിക്ക് ഈ വിദഗ്‌ധോപദേശം മനസ്സുതുറന്ന് സ്വീകരിക്കാവുന്നതാണ്.

കേരള ഹൈക്കോടതി, എറണാകുളം

ഇതിൽ രണ്ടാമത്തെ വാചകമാണ് ശരിക്കും ഞെട്ടിക്കുന്നത്. എൻഐഎ കോടതി ജഡ്‌ജിപോലെ നിസ്സാരനായ ഒരാൾക്ക് പേരെടുത്ത് പരാമർശിക്കാൻ കഴിയുന്നതിനപ്പുറമുള്ള ദൈവതുല്യരാണ്‌ സുപ്രീം കോടതി ജഡ്‌ജിമാർ എന്നാണ് ജസ്റ്റിസ് ഹരിപ്രസാദും ഹരിലാലും കരുതുന്നത്. നമ്മളൊക്കെയും സുപ്രീം കോടതി ജഡ്‌ജിമാരുടെ പേരുകൾ വൃഥാ പരാമർശിക്കാൻ ആരംഭിച്ചാൽ എന്ത് സംഭവിക്കുമെന്ന് ആർക്കറിയാം? പ്ളേഗ് പൊട്ടിപ്പുറപ്പെടുമായിരിക്കും? അല്ലെങ്കിൽ ആകാശത്ത് നിന്ന് തവളകൾ പെയ്യുമോ? അതോ കോടതിയലക്ഷ്യത്തിന്റെ വാസനയുള പുകച്ചുരുളിൽ നമ്മൾ അപ്രത്യക്ഷരാകുമോ? ദുരന്തങ്ങളുടെ നിരയായിരിക്കുമോ?

പക്ഷെ തമാശയൊക്കെ മാറ്റിവെച്ച് ഈ നിലപാട് തുറന്നുകാട്ടേണ്ടതുണ്ട്. തന്റെ ജോലി കൃത്യമായി നിർവഹിച്ചതിന്റെ പേരിൽ ഒരു കീഴ്‌ക്കോടതി ജഡ്‌ജിയെ രണ്ട് ഹൈക്കോടതി ജഡ്‌ജിമാർ വിരട്ടുന്നു, അതെ സമയം സുപ്രീം കോടതിയോട് രാജഭക്തിയേറിയ ദാസന്മാരായി പെരുമാറുന്നു. ഇങ്ങനെ തന്നെയാണ് മിക്ക അധികാര ശ്രേണികളും പ്രവർത്തിക്കുന്നത്. താഴെയുള്ളവരെ താക്കീത് ചെയ്‌ത്‌ നിർത്തും, മുകളിലുള്ളവർക്ക് പാദസേവ.

മുപ്പത്തി ഒൻപതാം ഖണ്ഡിക മാത്രമാണ് ഇത്തരത്തിലെന്ന് കരുതേണ്ട, നിർഭാഗ്യവശാൽ അതൊരു ചെറിയ ഭാഗം മാത്രമാണ്. യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട അലനും താഹയ്ക്കും എൻഐഎ കോടതി ജാമ്യമനുവദിച്ചിരുന്നു. മാവോയിസ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതും കശ്മീരിന്റെ "വിമോചനം" ആവശ്യപ്പെടുന്നതുമായ സാഹിത്യങ്ങൾ ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു എന്നാണ് കേസ്. സാധാരണ കുറ്റാരോപിതരെ 'യഥാർത്ഥ' തീവ്രവാദികളുമായോ തീവ്രവാദപ്രവർത്തങ്ങളുമായോ ബന്ധിപ്പിക്കാനുള്ള ചെറിയ ശ്രമമെങ്കിലും പ്രോസിക്യൂഷൻ മിക്ക യുഎപിഎ കേസുകളിലും നടത്താറുണ്ട്. അല്ലെങ്കിൽ നിരോധിത സംഘടനകൾക്ക് വേണ്ടി ഫണ്ട് ശേഖരണമോ, ആയുധ വിതരണമോ ഒക്കെയും മുന്നോട്ട് വെക്കാറുണ്ട്. എന്നാൽ ഈ കേസിൽ കേവലം മാവോയിസ്റ് സിദ്ധാന്തം കൈവശം വെക്കുകയും മുദ്രാവാക്യം വിളിക്കുകയും, "മീറ്റിംഗുകളിൽ പങ്കെടുക്കുകയും" "ബാനറുകൾ തയാറാക്കുകയും" ചെയ്‌തു എന്നതുമാത്രമാണ് ആരോപണങ്ങൾ.

താഹ ഫസലും അലൻ ഷുഹൈബും


"പേര് വെളിപ്പെടുത്താനാകാത്ത" സുപ്രീം കോടതി ജഡ്‌ജിമാർ ഈ വിഷയത്തിൽ കൃത്യമായ നിയമവിധികൾ മുന്നോട്ടിവെച്ചിട്ടുള്ളതാണ്. സുപ്രീം കോടതി ഉത്തരവ് പ്രകാരം നിരോധിത സംഘടനയിൽ "അംഗത്വമുണ്ട്" എന്ന് പറയണമെങ്കിൽ അക്രമം പ്രോത്സാഹിപ്പിക്കുന്നുന്ന തരത്തിൽ "സജീവ അംഗത്വം" ആയിരിക്കണം. നിഷ്ക്രിയ അംഗത്വവും യുഎപിഎയുടെ പരിധിയിൽ ഉൾപ്പെടുത്തുകയാണെകിൽ അത്തരം നിയമവിശാലത ഭരണഘടനാ വിരുദ്ധവും അസാധുവാക്കപ്പെടേണ്ടതുമാണ്. പ്രോസിക്യൂഷൻ കേസ് പരിഗണനയിലെടുക്കണമെങ്കിൽ പ്രഥമദൃഷ്ട്യാ തന്നെ "സജീവ അംഗത്വം" സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് "പേരുവെളിപ്പെടുത്താനാകാത്ത" ഈ സുപ്രീം കോടതി ജഡ്ജിമാർ അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുള്ളതാണ്.

ഈ കേസിൽ അലന്റെയും താഹയുടെയും മാവോയിസ്റ് സംഘടനയിലെ "സജീവ അംഗത്വം" സ്ഥാപിച്ചിട്ടില്ല. എന്നാൽ എൻഐഎ ജഡ്‌ജിയോട് സുപ്രീം കോടതി ജഡ്‌ജിമാരെ ഉദ്ധരിക്കാൻ ധൈര്യപ്പെടരുതെന്ന് താക്കീത് ചെയ്‌ത ജസ്റ്റിസ് ഹരിപ്രസാദും ഹരിപാൽ ജെജെയും അതേസമയം സുപ്രീം കോടതി വിധി പഠനവിധേയമാക്കാൻ മുതിർന്നിട്ടില്ല എന്നതാണ് പ്രത്യക്ഷത്തിൽ മനസിലാക്കാൻ സാധിക്കുന്നത്.

യുഎപിഎ കേസുകളിലെ ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഹരിപ്രസാദും ഹരിപാലും 'വാതലി കേസ്' നിരവധി തവണ ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ യുഎപിഎ കേസിന്റെ നിയമവ്യാപ്‌തി സംബന്ധിച്ച സുപ്രീം കോടതി വിധികളെ അവർ ഒന്നുകിൽ വിസ്‌മരിച്ചു അല്ലെങ്കിൽ അവർക്കുമാത്രമറിയാവുന്ന കാരണങ്ങളാൽ വ്യക്തിസ്വാതന്ത്ര്യത്തിനനുകൂലമായ സുപ്രീംകോടതി വിധി മുഖവിലക്കെടുക്കാതെയുമിരിക്കാം എന്ന് തീരുമാനിച്ചു.


ജസ്റ്റിസ് ഹരിപ്രസാദും ഹരിപാലും നിയമത്തിന്റെ തെറ്റായ ഭാഗത്താണെന്നു മാത്രമല്ല അവരുടെ വിധി സാമാന്യ യുക്തിയെ തൃപ്തിപ്പെടുത്തുന്നതുമല്ല. ഉത്തരവിന്റെ 23ആം പാരഗ്രാഫിൽ "പ്രതികൾ സിപിഐ(മാവോയിസ്റ്) സാഹിത്യം കൈവശം വെച്ചിരുന്നു" എന്നുതുടങ്ങി അവർ മാവോയിസ്റ് സംഘടനയുടെ "മുന്നണിപ്പോരാളികളാണ്" എന്നുവരെ പരാമർശിക്കുന്നു. ഗ്രാൻഡ് കാന്യന് കുറുകെ ഹൈജമ്പ് ചാടുന്നതിനേക്കാൾ യുക്തിരഹിതം. ഹ്യൂഗോ അവാർഡ് ജേതാക്കളായ നിരവധിയാളുകളുടെ നിയമ സാഹിത്യങ്ങൾ എന്റെ വീട്ടിലുണ്ട്. തന്‍നിമിത്തം ഞാനും ഒരു ഹ്യൂഗോ പുരസ്‌കാര ജേതാവാണെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. നിർഭാഗ്യവശാൽ അങ്ങനെയല്ല ലോകം ചലിക്കുന്നത്.

നിരോധിത സംഘടനയുമായി "അടുത്ത് ബന്ധമുള്ള" ആളുകളുമായി കുറ്റാരോപിതർക്ക് നല്ല "വ്യക്തിബന്ധം" ഉണ്ടായിരുന്നു എന്നാണ് ഹരിപ്രസാദും ഹരിപാലും വിധിന്യായത്തിൽ തുടരുന്നത്. അലനും താഹയും നിരോധിത സംഘടനയുടെ ഭാഗമായിരുന്നില്ല, അടുത്ത ബന്ധവുമുണ്ടായിരുന്നില്ല. നിരോധിത സംഘടനകളുടെ "സജീവ അംഗത്വവുമായി" ബന്ധപ്പെട്ട സുപ്രീം കോടതി നിർദേശത്തിന്റെ എതിർ വശത്താണ് ഈ വിധി എന്ന് മാത്രമല്ല, ഏത് ക്രിമിനൽ നിയമത്തിന്റെ അളവുകോലിലും ഇതിന് സാധുതയില്ല. കുറ്റാരോപിതർ നിരോധിത സംഘടനയുടെ "യോഗങ്ങളിൽ" പങ്കെടുത്തു എന്ന "ദൃക്‌സാക്ഷി മൊഴിയും" ജസ്റ്റിസ് ഹരിപ്രസാദും ഹരിപാലും പരാമർശിക്കുന്നുണ്ട്. ഇവിടെയും യോഗങ്ങളിലെ പങ്കാളിത്തവും "സജീവ അംഗത്വവും" തമ്മിലുള്ള വ്യത്യാസം അടയാളപ്പെടുത്തുന്നതിൽ ഇരു ജഡ്‌ജികളും പരാജയപ്പെടുന്നു.

കാര്യങ്ങൾ ഇത്രയും മതിയായില്ലെങ്കിൽ ഇനിയുമുണ്ട്. ഇരുപത്തിയാറാം പാരഗ്രാഫിൽ ഹരിപ്രസാദും ഹരിപാലും പറയുന്നത് നോക്കാം:

"കുറ്റാരോപിതർ നിയമവിരുദ്ധ സംഘടനയുടെ അംഗങ്ങളാണെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപെട്ടു എന്നത് സത്യമാണ്. എന്നാൽ ഇതൊക്കെയും ഗൂഢമായ പ്രവർത്തികളാണ്, അതിനാൽ തന്നെ തെളിവുകൾ രാവും പകലും പോലെ വ്യക്തമായിക്കൊള്ളണമെന്നില്ല. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ രഹസ്യമായിട്ടായിരിക്കും ഇവയൊക്കെയും സംഘടിപ്പിക്കപ്പെടുന്നത്."

താഹയുടെ മാതാവും സഹോദരനും യുഎപിഎ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ടുള്ള മനുഷ്യച്ചങ്ങലയിൽ.

ചുരുക്കത്തിൽ, നിങ്ങൾക്കെതിരെ തെളിവുണ്ടെങ്കിൽ നിങ്ങൾ കുറ്റവാളിയാണ്. പക്ഷെ നിങ്ങൾക്കെതിരെ തെളിവില്ലെങ്കിലും നിങ്ങൾ കുറ്റവാളികൾ തന്നെ, കാരണം തെളിവൊന്നുമില്ലാത്തത് സൂചിപ്പിക്കുന്നത് നിങ്ങൾ "ഗൂഢമായ പ്രവർത്തികളിൽ" വിദഗ്ദ്ധരാണെന് മാത്രമാണ്. ഭരണകൂടമാണ് എപ്പോഴും വിജയിക്കുന്നത്, സ്റ്റാലിനിസ്റ്റ് മോസ്‌കോ ട്രയലുകൾ പോലെ.

കുറ്റാരോപിതർ എങ്ങനെയാണ് രേഖകളുടെ "ഫോട്ടോകോപ്പികൾ" ഉണ്ടാക്കിയതെന്ന് ഇരു ജഡ്‌ജിമാരും തുടർന്ന് വിശദീകരിക്കുന്നു. ഭരണകൂടത്തെ അവർ "ശത്രു സ്ഥാനത്" പ്രതിഷ്ഠിച്ചത് എങ്ങനെയാണെന്നും അവരുടെ കൈവശമുണ്ടായിരുന്ന രേഖകൾ ഒളിവിലും വെളിവിലുമുള്ള കോമ്രേഡുകളെ എങ്ങനെ പരാമർശിക്കുന്നു എന്നും ഹരിപ്രസാദും ഹരിപാലും പരിശോധിക്കുന്നുണ്ട്. പിന്നീട് കാര്യങ്ങൾ കൂടുതൽ യുക്തിരഹിതമായ തലത്തിലേക്ക് പോകുന്നു. കൈവശമുണ്ടായിരുന്ന രേഖകളിൽ ഒന്ന് മൊബൈൽഫോൺ ഹാക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടതായിരുന്നുവെന്നും അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഇരുവരുടെയും പക്കൽ ഫോൺ ഉണ്ടായിരുന്നില്ലെന്നത് സൂചിപ്പിക്കുന്നത് അവർ മറ്റാരുടെയോ "നിർദേശം അനുസരിക്കുകയായിരുന്നു" എന്നുമാണ് ഹരിപ്രസാദും ഹരിപാലും നിരീക്ഷിക്കുന്നത്. ഇരു ജഡ്‌ജിമാരും തങ്ങളുടെ ഒഴിവുസമയം 'ഡേ ഓഫ് ജാക്കൾ' എന്ന ക്രൈം ത്രില്ലർ വായിക്കുന്നതിന് പകരം (നമ്മൾ പേര് പറയാൻ പാടില്ലാത്ത ജഡ്‌ജിമാരുടെ) സുപ്രീം കോടതി വിധികൾ പഠിച്ചിരുന്നെങ്കിൽ , ഈ "പ്രാമാണിക കോടതിക്ക്" ഫ്രെഡ്രിക് ഫൊർസൈത്തിന്റെ ജ്വരംപിടിച്ച കിനാവുകളേക്കാൾ മെച്ചപ്പെട്ട വിധിന്യായമെഴുതാൻ സാധിക്കുമായിരുന്നു.

ഈ ഭാവനാ സൃഷ്ടിയുടെ പൂർണത ഇനിയാണ്. "വിഭാഗീയ ആശയങ്ങളുടെ വിത്തുകൾ ഉൾകൊള്ളുന്ന" ലഖുലേഖകൾ കുറ്റാരോപിതർ കൈവശം വെച്ചിരുന്നു എന്നാണ് അടുത്ത നിരീക്ഷണം. "തീക്കൊള്ളികൊണ്ട് കളിച്ചാൽ" എന്ന സഫൂറ സർഗാർ ജാമ്യവിധിയിലെ പ്രയോഗത്തിനും മെനിലസ് രാജാവിനെ ഉദ്ധരിച്ച ജമ്മു കശ്‌മീർ ഹൈക്കോടതിക്കും സമാനമാണിത്. വിധിന്യായത്തിലെ ഈ ഭാഗമാണ് ഉപമകൾക്കും പ്രയോഗങ്ങൾക്കും പിന്നിൽ കോടതി സത്യമൊളിക്കുന്നു എന്ന് വ്യക്തമാക്കുന്നത്. കാരണം മനസ്സിന്റെ അടിത്തട്ടിൽ ജഡ്‌ജിമാർക്ക് 'അറിയാം' നിയമം ആവശ്യപ്പെടുന്നത് മറ്റൊന്നാണെന്ന്. "വിഭാഗീയ ആശയങ്ങളുടെ വിത്തുകൾ" എന്നുപറഞ്ഞാൽ എന്താണ് അർഥം? ഏത് നിയമമാണ് "ആശയങ്ങളുടെ വിത്തുകളെ" വിശദീകരിക്കുന്നത്? നമുക്കറിയില്ല. നമുക്കറിയാൻ കഴിയില്ല. കാരണം ദേശീയവാദ വാഗ്‌പാടവങ്ങൾ സൂക്ഷ്‌മമായ നിയമ പരിശോധനകളുടെയും വിശകലനങ്ങളും സ്ഥാനം കയ്യടിക്കിയിട്ട് കുറച്ചധികമായി.

കാല-ദേശ വ്യത്യാസങ്ങൾക്കതീതമായി എല്ലാ സ്വേച്ഛാധിപതികളുടെയും കാതിന് ഇമ്പംപകരുന്ന വരികളോടെയാണ് ജസ്റ്റിസ് ഹരിപ്രസാദും ഹരിപാലും അവസാനിപ്പിക്കുന്നത്. "ദേശീയ താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഉതകുന്ന തരത്തിൽ മാത്രമായിരിക്കണം വ്യക്തി സ്വാതന്ത്ര്യങ്ങൾ അനുവദിക്കപ്പെടേണ്ടത്. ദേശീയ താല്പര്യങ്ങൾക്ക് വിരുദ്ധമായി വ്യക്തി സ്വാതന്ത്ര്യ വിഷയങ്ങൾ ഉയർന്നുവരുമ്പോൾ ദേശീയ താത്പര്യങ്ങൾക്കാണ് പ്രാമുഖ്യം നൽകേണ്ടത്."

ഒരു ജനത, ഒരു സാമ്രാജ്യം എന്ന നാസി ജർമനി ആപ്തവാക്യം തന്നെ.

ചുരുക്കം ചിലരൊഴിച്ചാൽ, ഭരണനിർവാഹകരോട് കൂടുതൽ അനുകൂലമായ നിലപാട് ആര് സ്വീകരിക്കുമെന്ന മത്സരത്തിലാണ് ഈയിടെയായി "പ്രാമാണിക കോടതികൾ". ഈ വർഷത്തെ പാദസേവക്ക് ജസ്റ്റിസ് ഹരിലാലും ഹരിപ്രസാദും അങ്ങനെ രംഗം സജ്ജീകരിച്ച് കഴിഞ്ഞു.

നിയമവിദഗ്ദ്ധൻ ഗൗതം ഭാട്ടിയ തന്റെ വെബ്‌സൈറ്റിൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

Next Story