Top

ദുരന്ത നായകനില്‍ നിന്ന് ദേശീയ ഹീറോയാകാന്‍ സൗത്ത്‌ഗേറ്റിനാകുമോ? അന്നത്തെ പെനാല്‍റ്റി നഷ്ടം ഓര്‍മയില്‍ സൂക്ഷിച്ച് ഇംഗ്ലീഷ് പരിശീലകന്‍

വീണ്ടുമൊരു യൂറോ കപ്പ് ഫൈനലിന് വിഖ്യാതമായ വെംബ്ലി സ്‌റ്റേഡിയം അരങ്ങൊരുങ്ങുമ്പോള്‍ 25 വര്‍ഷം മുമ്പുള്ള ഒരു പെനാല്‍റ്റി നഷ്ടത്തിന്റെ വിങ്ങുന്ന ഓര്‍മയിലാണ് ഇംഗ്ലണ്ട് പരിശീലകന്‍ ഗാരി സൗത്ത്‌ഗേറ്റ്. രണ്ടര പതിറ്റാണ്ടിനു മുമ്പ് ഇംഗ്ലണ്ട് അവസാനമായി ആതിഥ്യം വഹിച്ച ആ ടൂര്‍ണമെന്റിന്റെ സെമിയില്‍ സ്വന്തം കാണികളുടെ മുന്നില്‍ ഇംഗ്ലണ്ട് തോറ്റ് പുറത്താകുമ്പോള്‍ ആ തോല്‍വിയുടെ ഉത്തരവാദിത്തമേല്‍ക്കാന്‍ സൗത്ത്‌ഗേറ്റ് മാത്രമേയുണ്ടായിരുന്നുള്ളു. ജര്‍മനിക്കെതിരായ സെമിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു അന്ന് ഇംഗ്ലണ്ട് തോല്‍വിയറിഞ്ഞത്. ഷൂട്ടൗട്ടില്‍ ഇരു ടീമുകള്‍ക്കും ലഭിച്ച അഞ്ചു വീതം കിക്കുകളില്‍ […]

8 July 2021 11:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദുരന്ത നായകനില്‍ നിന്ന് ദേശീയ ഹീറോയാകാന്‍ സൗത്ത്‌ഗേറ്റിനാകുമോ? അന്നത്തെ പെനാല്‍റ്റി നഷ്ടം ഓര്‍മയില്‍ സൂക്ഷിച്ച് ഇംഗ്ലീഷ് പരിശീലകന്‍
X

വീണ്ടുമൊരു യൂറോ കപ്പ് ഫൈനലിന് വിഖ്യാതമായ വെംബ്ലി സ്‌റ്റേഡിയം അരങ്ങൊരുങ്ങുമ്പോള്‍ 25 വര്‍ഷം മുമ്പുള്ള ഒരു പെനാല്‍റ്റി നഷ്ടത്തിന്റെ വിങ്ങുന്ന ഓര്‍മയിലാണ് ഇംഗ്ലണ്ട് പരിശീലകന്‍ ഗാരി സൗത്ത്‌ഗേറ്റ്. രണ്ടര പതിറ്റാണ്ടിനു മുമ്പ് ഇംഗ്ലണ്ട് അവസാനമായി ആതിഥ്യം വഹിച്ച ആ ടൂര്‍ണമെന്റിന്റെ സെമിയില്‍ സ്വന്തം കാണികളുടെ മുന്നില്‍ ഇംഗ്ലണ്ട് തോറ്റ് പുറത്താകുമ്പോള്‍ ആ തോല്‍വിയുടെ ഉത്തരവാദിത്തമേല്‍ക്കാന്‍ സൗത്ത്‌ഗേറ്റ് മാത്രമേയുണ്ടായിരുന്നുള്ളു.

ജര്‍മനിക്കെതിരായ സെമിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു അന്ന് ഇംഗ്ലണ്ട് തോല്‍വിയറിഞ്ഞത്. ഷൂട്ടൗട്ടില്‍ ഇരു ടീമുകള്‍ക്കും ലഭിച്ച അഞ്ചു വീതം കിക്കുകളില്‍ ഒന്നു മാത്രമാണ് ഗോളാകാതെ പോയത്. ഇംഗ്ലണ്ടിനായി അവസാന കിക്കെടുത്ത സൗത്ത്‌ഗേറ്റിന് പിഴച്ചപ്പോള്‍ ഇംഗ്ലണ്ടിനെ കാത്തിരുന്നത് ഞെട്ടിക്കുന്ന പരാജയമായിരുന്നു.

അന്ന് ദുരന്തനായകനായി ഗ്രൗണ്ടില്‍ നിന്ന സൗത്ത്‌ഗേറ്റിന് ഇപ്പോള്‍ വീരപരിവേഷമാണ് ഇംഗ്ലണ്ടില്‍. ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ട് ടീമിനെ യൂറോ കപ്പിന്റെ ഫൈനലില്‍ എത്തിക്കാന്‍ സൗത്ത്‌ഗേറ്റിന്റെ പരിശീലനത്തിനായി. ഇനി കേവലം ഒരൊറ്റ ജയം കൂടിമതി മുന്‍ താരത്തിന് അന്നത്തെ ആ പാപക്കറ കഴുകിക്കളയാന്‍.

2016-ലാണ് സൗത്ത് ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. പിന്നീട് ഇംഗ്ലീഷ് ടീമിന്റെ മികച്ച കുതിപ്പിനാണ് ലോകം സാക്ഷ്യം വഹിച്ചത്. മികച്ച യുവതാരങ്ങളുമായി സൗത്ത്‌ഗേറ്റ് ഒരുക്കിയ ടീമിന്റെ ആദ്യ വെല്ലുവിളി 2018 ലോകകപ്പായിരുന്നു. യുവനിരയെ വച്ച് ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത സൗത്ത്‌ഗേറ്റ് ടീമിനെ സെമിയില്‍ എത്തിച്ചു.

എന്നാല്‍ സെമിയില്‍ ക്രൊയേഷ്യയോടു തോറ്റ് പുറത്തായി. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ബെല്‍ജിയത്തോടും തോറ്റെങ്കിലും 1966-ന് ശേഷം ടീമിനെ ഒരു മേജര്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ എത്തിക്കാനായതിന്റെ ചാരിതാര്‍ഥ്യവുമായാണ് റഷ്യയില്‍ നിന്നു മടങ്ങിയത്.

പിന്നീട് ഈ യൂറോയിലാണ് അവരുടെ കുതിപ്പ് കണ്ടത്. ക്രൊയേഷ്യയും ചെക്ക് റിപ്പബ്ലിക്കും സ്‌കോട്ട്‌ലന്‍ഡുമുണ്ടായിരുന്ന ഗ്രൂപ്പില്‍ നിന്ന് ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടില്‍. പ്രീക്വാര്‍ട്ടറില്‍ വീഴ്ത്തിയത് ജര്‍മനയെ. ക്വാര്‍ട്ടറില്‍ യുക്രെയ്‌നെ തവിടുപൊടിയാക്കി. ഇതിനിടെ ഒരൊറ്റ ഗോള്‍ പോലും ടീം വഴങ്ങിയിട്ടില്ലെന്നതും ശ്രദ്ധേയം. അടിച്ചുകൂട്ടിയതാകട്ടെ എട്ടു ഗോളുകളും.

തുടര്‍ന്ന് സെമിഫൈനലില്‍ ഡെന്‍മാര്‍ക്കിനെതിരേ 2-1ന്റെ എക്‌സ്ട്രാ ടൈം വിജയം. ഇംഗ്ലീഷ് വലയില്‍ പന്തെത്തിയ ഏക മത്സരം. ഇനി ഒരേയൊരു ജയം കൂടി. 55 വര്‍ഷത്തിനു ശേഷം ഒരു മേജര്‍ ടൂര്‍ണമെന്റ് കിരീടം. അതാണ് അവരുടെ ലക്ഷ്യം. ഫൈനലില്‍ ഞായറാഴ്ച ഇറ്റലിയെ നേരിടാന്‍ ഇംഗ്ലീഷ് ടീം ഇറങ്ങുമ്പോള്‍ ടച്ച് ലൈനിന് അരികില്‍ നില്‍ക്കുന്ന സൗത്ത്‌ഗേറ്റിന്റെ മനസില്‍ അന്നത്തെ പെനാല്‍റ്റി നഷ്ടത്തിന്റെ ഓര്‍മകളുണ്ടാകും… ഈ നേട്ടത്തിലേക്ക് ടീമിനെ എത്തിക്കാനുള്ള ഇന്ധനമായി.

1996 ഇംഗ്ലണ്ട്-ജര്‍മനി പെനാല്‍റ്റി ഷൂട്ടൗട്ട് വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Popular Stories