മദ്യപിച്ച് റോഡില്‍ പരാക്രമം; വീണ്ടും വിവാദവുമായി ഗദ്ദാഫിയുടെ കുപ്രസിദ്ധ മരുമകള്‍

മുന്‍ ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയുടെ മരുമകള്‍ക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് സിറിയന്‍ ഉദ്യോഗസ്ഥര്‍. ഡമാസ്കസില്‍ വെച്ച് പൊലിസുകാരെയും രണ്ട് വഴിയാത്രക്കാരെയും വാഹനമിടിച്ചെന്നാണ് ഗദ്ദാഫിയുടെ മരുമകള്‍ അലിന സ്കാഫിനു നേരെയുള്ള കേസ്. അലിനയുടെ കാറിന് അകമ്പടിയായി പോവുന്ന വാഹനങ്ങളില്‍ നിന്നും പൊലീസിനു നേരെ വെടിവെപ്പുണ്ടാവുകയും ചെയ്തു.
ഗദ്ദാഫിയുടെ മകന് ഹനിബല്‍ ഗദ്ദാഫിയുടെ ഭാര്യയാണ് അലിന. 40 കാരിയായ അലിന മുന്‍ ലെബനന് മോഡലാണ്. നിയമം ലംഘിച്ച് അലിന കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. മദ്യപിച്ച നിലയിലായിരുന്നു ഇവരെന്നാണ് റിപ്പോര്‍ട്ട്. പിഴ ഈടാക്കാന്‍ പൊലീസുദ്യോഗസ്ഥര്‍ ശ്രമിച്ചപ്പോള്‍ മറ്റൊരു വാഹനത്തിലുള്ള അലിനയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസിനെ കൈയ്യേറ്റം ചെയ്തു. കൂടുതല്‍ പൊലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നത് കണ്ടതോടെ അലിന പൊലീസ് ഉദ്യോഗസ്ഥരയും കാല്‍നടയാത്രക്കാരെയും തട്ടിത്തെറിപ്പിച്ച് കാറെടുത്ത് പോവാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ അലിനയുടെ അകമ്പടിക്കാര്‍ തുടരെ പൊലീസുദ്യോഗസ്ഥരെ മര്‍ദ്ദിച്ചു. തന്റെ അടുത്തേക്ക് വന്നാല്‍ ഇനിയും വാഹനമിടിക്കുമെന്ന് ഗദ്ദാഫിയുടെ മരുമകള്‍ ആക്രോശിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. ഉന്നത സിറിയന്‍ പൊലീസുദ്യോഗസ്ഥന് സ്ഥലത്തെത്തുകയും അലിനയെ വെറുതെ വിടുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ നിരവധി പേര് സോഷ്യല്‍ മീഡിയലൂടെ വിമര്‍ശനവുമായെത്തി. രാജ്യത്തെ പൊതു ജനങ്ങളെ അപകടപ്പെടുത്തിയവരെ വെറുതെവിട്ടു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. സിറിയയില്‍ രാഷട്രീയ അഭയാര്‍ത്ഥിയായി കഴിയുന്ന അലിന സ്കാഫ് ഇവിടെ ആഡംബര ജീവിതം നയിക്കുകയാണെന്ന് പരക്കെ ആരോപണം ഉണ്ട്.
ലിബിയയിലെ അറബ് വിപ്ലവ കാലത്ത് രാജ്യത്ത് നിന്ന് ഭര്‍ത്താവിനൊപ്പം പാലായനം ചെയ്തതാണ് അലിന സ്കാഫ്. ആദ്യം അള്‍ജീരിയിലേക്ക് പോയ ഇവര്‍ പിന്നീട് ഒമാനില്‍ രാഷ്ട്രീയ അഭയാര്‍ത്ഥിത്വം തേടി. പിന്നീടാണ് സിറിയയില്‍ ഇവര്‍ക്ക് സംരക്ഷണം ലഭിച്ചത്.
അലിനയുടെ ഭര്‍ത്താവും ഗദ്ദാഫിയുടെ മകനുമായ ഹനിബല്‍ ഗദ്ദാഫി 2015 മുതല്‍ ലെബനനില്‍ തടവിലാണ്. ഷിയ പണ്ഡിതനായ മൊസ അല്‍ സാദറുടെ ദുരൂഹ സാഹചര്യത്തില്‍ കാണതായതുമായി ബന്ധപ്പെട്ട് ഹനിബെലിനു പങ്കുണ്ടെന്നാണ് ആരോപണം. ഇദ്ദേഹത്തെ വിട്ടുകിട്ടണമെന്ന് സിറിയന്‍ അധികൃതര്‍ നേരത്തെ പല തവണ ആവശ്യപ്പെട്ടെങ്കിലും ലെബനന് ഇതംഗീകരിച്ചിരുന്നില്ല.
2003 ലാണ് അലിനയും ഹനിബെലും വിവാഹിതരവാവുന്നത്. ക്രൂരമായ പ്രവൃത്തികള്‍ മൂലം കുപ്രസിദ്ധി നേടിയവരാണ് ഈ ദമ്പതിമാര്‍. 2008 ല്‍ ജനീവയിലെ ഹോട്ടലില്‍ ജീവനക്കാരനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് ഇരുവരെയും സ്വിറ്റ്സര്‍ലന്റില്‍ അറസ്റ്റ് ചെയ്തിരുന്നു. 2009 ല്‍ ഗാര്‍ഹിക പീഡനത്തിന് ഹനിബെലിനെ ലണ്ടന്‍ പൊലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭര്‍ത്താവിനേക്കാളും കുപ്രസിദ്ധി ഒരു സമയത്ത് അലീന സ്കാഫിനും ഉണ്ടായിരുന്നു.
കരയുന്ന കുഞ്ഞിനെ തല്ലാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ കുഞ്ഞിന്റെ ആയയുടെ തലയില്‍ ചൂടുവെള്ളം ഒഴിച്ചിരുന്നു അലീന സ്കാഫ്. തലയിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ ഇവരെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
2011 ല്‍ രാജ്യത്ത് നിന്ന് ഗദ്ദാഫിയുടെ കുടുംബം പാലായനം ചെയ്തപ്പോള്‍ ഹനിബെല് ട്രിപോളിയിലെ തന്റെ വീട്ടില്‍ ഉപേക്ഷിച്ച ടാബ്ലറ്റില് നിന്നും ഇവരുടെ ആഡംബര ജീവിതത്തിന്രെയും തടവുകാരെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രക്ഷോഭകര്‍ക്ക് ലഭിച്ചിരുന്നു.
1969 മുതല്‍ ലിബിയയുടെ ഭരണാധികാരിയായിരുന്ന ഗദ്ദാഫി 2011 ഒക്ടോബറിലാണ് കൊല്ലപ്പെടുന്നത്.