ഇന്ധനവില വര്‍ധനവ് ധര്‍മ്മസങ്കടത്തിലാക്കിയെന്ന് നിര്‍മ്മലാ സീതാരാമന്‍; അവര്‍ക്ക് ഉള്ളി മാത്രമാണ് ധര്‍മ്മ സങ്കടമെന്ന് സോഷ്യല്‍മീഡിയ

രാജ്യത്ത് ദിനംപ്രതി പെട്രോള്‍-ഡീസല്‍ വില കുത്തനെ ഉയരുകയാണ്. എന്നാല്‍ ഇത് എന്ന് കുറയുമെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും തന്നെ ധര്‍മ്മസങ്കടത്തിലാക്കിയെന്നുമായിരുന്നു വിഷയത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ പ്രതികരണം. പിന്നാലെ ധനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

‘എപ്പോള്‍ കുറയുമെന്ന് പറയാന്‍ കഴിയില്ല…അത് ധര്‍മ്മസങ്കടമാണ്. ഇത് സെസ്സ് മാത്രമല്ല. കേന്ദ്രത്തിന്റെ എക്‌സൈസ് ഡ്യൂട്ടിയും സംസ്ഥാനത്തിന്റെ വാറ്റും ഉണ്ട്. ഇതിലൂടെ വരുമാനം ലഭിക്കുന്നുണ്ട് എന്ന വസ്തുത ഞാന്‍ മറച്ചുവെക്കുന്നില്ല. നിങ്ങള്‍ എന്നോട് മാത്രമല്ല, സംസ്ഥാനങ്ങളോടും ചോദിക്കൂ. അവര്‍ക്ക് വരുമാനം ലഭിക്കുന്നുണ്ട്.’ എന്നായിരുന്നു നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞത്.

എന്നാല്‍ നിങ്ങള്‍ക്ക് ഉള്ളിയെ കുറിച്ച് മാത്രമല്ലേ അന്വേഷിക്കേണ്ടതുള്ളു, ഉള്ളി മാത്രമാണ് അവര്‍ക്ക് ധര്‍മ്മ സങ്കടം, ഉത്തരവാദിത്തം ഇല്ലെങ്കില്‍ രാജിവെച്ച് മറ്റൊരാളെ ചുമതലയേല്‍പ്പിക്കൂ, ഞങ്ങളെ സംബന്ധിച്ച് ഇത് പരമസങ്കടമാണ്… തുടങ്ങി ട്രോള്‍ പൂരമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.

മുമ്പ് രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നതിനിടെ ഉള്ളിയും വെളുത്തുള്ളിയും അധികം കഴിക്കാറില്ലെന്നും ഇവ അധികം ഉപയോഗിക്കാത്ത കുടുംബത്തില്‍ നിന്നും വരുന്നത് കെണ്ട് വലിയ പ്രശ്‌നം തോന്നുന്നില്ലെന്നുമായിരുന്നു നിര്‍മ്മലാ സീതാരാമന്റെ പ്രതികരണം. ഇത് പരാമര്‍ശിച്ചുകൊണ്ടാണ് ട്രോളുകള്‍ ഏറെയും.

Latest News