മമ്മൂട്ടി ചിത്രവുമായി ഫ്രൈഡേ ഫിലിം ഹൗസ് ; വലിയൊരു സ്വപ്നം നടക്കാന്‍ പോകുന്നുവെന്ന് വിജയ് ബാബു

ഫ്രൈഡേ ഫിലിംസിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് നിര്‍മ്മാതാവ് വിജയ് ബാബു. ഇത്തവണ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കിയാണ് ഫ്രൈഡേ ഫിലിംസ് സിനിമ ഒരുക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നവാഗതനായ ഷിബു ബഷീറാണ് ചിത്രത്തിന്റെ സംവിധായകന്‍. ബി ഉണ്ണികൃഷ്ണന്റെ അസിസ്റ്റന്റായി നിരവധി സിനിമകളില്‍ ഷിബു പ്രവര്‍ത്തിച്ചിട്ടുണ്ട്. വലിയൊരു സ്വപ്‌നം നടക്കാന്‍ പോകുകയാണ്. ഫ്രൈഡേ ഫിലിം ഹൗസ് ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ സിനിമ എന്നാണ് വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചത്. മുരളി ഗോപി, മമ്മൂട്ടി എന്നിവര്‍ക്കൊപ്പമുള്ള വിജയ് ബാബുവിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

One of the biggest dreams to come true very soon . The biggest till date from Friday film house . Murali Gopy Murali Gopy , Shibu basheer Shibu Basheer . STAY TUNED .

Posted by Vijay Babu on Monday, 8 February 2021

അതേസമയം മമ്മൂട്ടി അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ‘ഭീഷ്മ പര്‍വ്വം എന്നാണ് ചിത്രത്തിന്റെ പേര്്. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ മുടിയും താടിയും നീട്ടി വളര്‍ത്തിയ ലുക്കാണ് ചിത്രത്തിലുള്ളത്. കൊവിഡിന് ശേഷം മമ്മൂട്ടി ആദ്യമായി ജോയിന്‍ ചെയ്യുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളിലെത്തും. അമല്‍ നീരദും മമ്മൂട്ടിയു ‘ബിഗ് ബി’യുടെ രണ്ടാം ഭാഗം ‘ബിലാല്‍’ 2020 മാര്‍ച്ചില്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ കൊവിഡിന്റെ വരവോടെ ചിത്രീകരണം മുടങ്ങുകയായിരുന്നു.

പോളണ്ട് ഉള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങള്‍ ‘ബിലാലി’ന്റെ ലൊക്കേഷനുകളാണ്. കൊവിഡ് പൂര്‍ണ്ണമായി മാറി, വിദേശ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ ശരിയായാല്‍ മാത്രമെ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കുകയുള്ളു. ഭീഷ്മ പര്‍വ്വത്തിന്റെ ലൊക്കേഷന്‍ എറണാകുളമാണ്. നവാഗതയായ രത്തീന ഷര്‍ഷദിന്റെ ചിത്രത്തിലും മമ്മൂട്ടിയാണ് നായകന്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പരിപാടികള്‍ ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അമല്‍ നീരദ്, രത്തീന എന്നിവരുടെ ചിത്രങ്ങള്‍ക്ക് ശേഷം ‘സേതുരാം അയ്യര്‍ സിബിഐ’യുടെ അഞ്ചാം ഭാഗത്തിന്റെ ചത്രീകരണം ആരംഭിക്കും.

മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ മാര്‍ച്ച് 4നാണ് റിലീസ് ചെയ്യുന്നത്. നവാഗതനായ ജൊഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധായകന്‍. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബി കെ ഹരിനാരായണന്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത്.

Covid 19 updates

Latest News