INL

സംസ്ഥാന സെക്രട്ടേറിയറ്റ് വിളിക്കുന്നതിലും ഭിന്നത; തര്‍ക്കമൊഴിയാതെ ഐഎന്‍എല്‍, ശബ്ദ സന്ദേശങ്ങള്‍ പുറത്ത്

എല്‍ഡിഎഫിനും സര്‍ക്കാരിനും നാണക്കേടുണ്ടാക്കുന്ന വിവാദങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന സിപിഐഎമ്മിന്റെ നിര്‍ദേശം നിലനില്‍ക്കുമ്പോഴും ഐഎന്‍എല്ലില്‍ ചേരിപ്പോര് തീരുന്നില്ല. സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റും തമ്മിലുള്ള തര്‍ക്കമാണ് പുതിയ വിവാദം. സംസ്ഥാന സെക്രട്ടേറിയറ്റ് വിളിക്കുന്നതിനെ ചൊല്ലിയാണ് പുതിയ ഭിന്നത. അഭിപ്രായ വ്യത്യാസം വ്യക്തമാക്കുന്ന ശബ്ദ സന്ദേശങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നു.

സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിളിക്കാന്‍ ജനറല്‍ സെക്രട്ടറിക്ക് താല്‍പര്യമില്ലെന്നാണ് സംസ്ഥാന പ്രസിഡന്റിന്റെ ആക്ഷേപം. എന്നാല്‍ ഇപ്പോള്‍ സെക്രട്ടറിയേറ്റ് യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്നാണ് ജനറല്‍ സെക്രട്ടറിയുടെ നിലപാട്. ഐഎന്‍എല്‍ പ്രസിഡണ്ട് എപി അബ്ദുള്‍ വഹാബ്, ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ എന്നിവര്‍ പ്രവര്‍ത്തകര്‍ക്കായി അയച്ച സന്ദേശത്തിലാണ് നിലപാടുകള്‍ അറിയിച്ചത്. ശബ്ദ സന്ദേശം പുറത്തായതോടെ അണികള്‍ക്കിടയിലും ഭിന്നത രൂപം കൊണ്ടിട്ടുണ്ട്.

മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം, പിഎസ് സി കോഴ വിവാദം, മുസ്ലീം ലീഗ് എംപിയില്‍ നിന്നും ഫണ്ട് ശേഖരണം എന്നിങ്ങനെ തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ പുറത്ത് വരുന്നതിനിടെയാണ് പാര്‍ട്ടി നേതൃത്വത്തില്‍ അഭിപ്രായ വ്യത്യാസം പുറത്ത് വരുന്നത്. നേരത്തെ ഉണ്ടായ വിവാദങ്ങളെ തുടര്‍ന്ന് നേരത്തെ ഐഎന്‍എല്‍ നേതാക്കളെ സിപിഐഎം എകെജി സെന്ററിലേക്ക് വിളിപ്പിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. പരസ്യ പ്രതികരണം പാടില്ലെന്നും നിര്‍ദേശമുണ്ട്. സര്‍ക്കാരിന്റെയും മുന്നണിയുടെയും പ്രതിഛായക്ക് കോട്ടം തട്ടാതിരിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റും വ്യക്തമാക്കിയിരുന്നു.

Covid 19 updates

Latest News