Covid 19 Kerala

വിദേശത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും സൗജന്യ ആര്‍ടിപിസിആര്‍; 1700 രൂപയുടെ പരിശോധന സംസ്ഥാനത്തെമ്പാടും മൊബൈല്‍ ലാബില്‍ 448 രൂപയ്ക്ക്

വിദേശത്ത് നിന്ന് കേരളത്തിലെത്തുന്ന എല്ലാവര്‍ക്കും സൗജന്യമായി ആര്‍ടിപിസിആര്‍ നടത്താനുള്ള സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിമാനത്താവളങ്ങളില്‍ വെച്ച് തന്നെയാകും പരിശോധന. ജനിതകഭേദം വന്ന വൈറസുകളെ കണ്ടെത്തുക എന്നതാണ് പ്രധാനമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുത്തനെ കൂടിയ സാഹചര്യത്തിലാണ് സംസ്ഥാനം ടെസ്റ്റിങ്ങ് കൂട്ടുന്നത്. ജനിതകമാറ്റം സംഭവിച്ച വൈറസ് കേരളത്തിലേക്ക് എത്തുന്നുണ്ടോ എന്നറിയാന്‍ വരുന്നവര്‍ക്കെല്ലാം ഉടനടി പരിശോധന നിര്‍ബന്ധമാക്കുമെന്നും കെ കെ ശൈലജ ആവര്‍ത്തിച്ചു.

കേരളം ശാസ്ത്രീയമായി കൊവിഡ് പ്രതിരോധം നടത്തി. വ്യാപനം ഇനിയും കൂടാന്‍ സാധ്യതയുണ്ട്. കൊവിഡ് കുത്തനെ കൂടുന്നത് തടയാന്‍ ജനം വളരെയധികം ജാഗ്രത പാലിക്കണം.

കെ കെ ശൈലജ

ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമായി മൊബൈല്‍ ലാബ് നാളെ പ്രവര്‍ത്തനം ആരംഭിക്കും. സ്വകാര്യലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 1700 രൂപ ഈടാക്കുമ്പോള്‍ സര്‍ക്കാരിന്റെ മൊബൈല്‍ ലാബില്‍ 448 രൂപയ്ക്ക് ടെസ്റ്റ് ലഭ്യമാക്കും. സാന്‍ഡോര്‍ മെഡിക്കല്‍സ് എന്ന കമ്പനിക്കാണ് മൊബൈല്‍ ലാബുകള്‍ തുറക്കാന്‍ ടെന്‍ഡര്‍ ലഭിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ ടെന്‍ഡറില്‍ രണ്ട്, മൂന്ന് സ്ഥാനത്ത് വന്ന കമ്പനികളെ കൂടി ഉള്‍പ്പെടുത്തി മൊബൈല്‍ ലാബുകള്‍ തുടങ്ങാനും സര്‍ക്കാര്‍ തീരുമാനിച്ചേക്കും.

തിരുവനന്തപുരം ജില്ലയിലെ ആദ്യ മൊബൈല്‍ ലാബാണ് നാളെ പ്രവര്‍ത്തനം തുടങ്ങുക. മറ്റ് ജില്ലകളില്‍ മാര്‍ച്ച് പകുതിയോടെ സജ്ജമാകും. പരിശോധനയ്ക്ക് ഉയര്‍ന്ന തുക ഈടാക്കുന്ന സ്വകാര്യ ലാബുകളില്‍ നിന്ന് റിസല്‍റ്റ് രണ്ട് ദിവസം വരെ വൈകുന്ന അവസ്ഥയുണ്ട്. അത് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ലാബുകള്‍ 24 മണിക്കൂറിനുള്ളില്‍ പരിശോധനഫലം നല്‍കിയില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും. റിസല്‍റ്റില്‍ വീഴ്ച്ച കണ്ടെത്തിയാലും സംസ്ഥാനസര്‍ക്കാര്‍ ലാബുകളുടെ ലൈസന്‍സ് റദ്ദാക്കും.

കുട്ടികളടക്കം എല്ലാ പ്രായക്കാര്‍ക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യണമെങ്കില്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും വിമാനത്താവളത്തിലെത്തിയാല്‍ വീണ്ടും സ്വന്തം ചെലവില്‍ പരിശോധന നടത്തണമായിരുന്നു. ഇതിനെതിരെ പ്രവാസികളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുകയുണ്ടായി.

Covid 19 updates

Latest News